Sunday January 22, 2017
Latest Updates

റബര്‍ കര്‍ഷകര്‍ക്ക് വീണ്ടും നല്ല കാലം?

റബര്‍ കര്‍ഷകര്‍ക്ക് വീണ്ടും നല്ല കാലം?

തൊടുപുഴ:റബര്‍ കര്‍ഷകര്‍ക്ക് വീണ്ടും നല്ല കാലമോ? അന്താരാഷ്ട്ര വിലയുടെ ചുവടു പിടിച്ചു ആഭ്യന്തര വിപണിയില്‍ റബ്ബര്‍ വില ഉയരുന്നത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ആഗോള തലത്തില്‍ റബ്ബറിന്റെ വില നിശ്ചയിക്കുന്ന ബാങ്കോക്ക് വിപണിയില്‍ വില ഉയര്‍ന്നതാണ് നാട്ടിലും റബ്ബര്‍ വില ഉയരാന്‍ കാരണമായിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ലഭിക്കുന്നത്. ആര്‍ എസ് എസ് 4നു 155 രൂപയാണ് ബാങ്കോക്ക് മാര്‍ക്കറ്റില്‍ ഇന്നലത്തെ വില. കഴിഞ്ഞ ആഴ്ച 162 രൂപ വിലയെത്തിയ അന്താരാഷ്ട്ര വില പെട്ടെന്ന് 155ലേക്ക് താഴുകയായിരുന്നു. ഇതനുസരിച്ചു നാട്ടില്‍ ഇന്നലെ ആര്‍ എസ് എസ് 4ന്റെ വില 137 രൂപയില്‍ എത്തി.
ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതും ചൈന ഇറക്കുമതി വര്‍ധിപ്പിച്ചതുമാണ് അന്താരാഷ്ട്ര വില വര്‍ധിക്കാന്‍ കാരണം. അന്താരാഷ്ട്ര വില വര്‍ധിച്ചതോടെ ഇന്ത്യയിലെ ടയര്‍ കമ്പനികള്‍ ഇറക്കുമതി ഗണ്യമായി കുറച്ചിരിക്കുകയാണ്. ഇതും നാട്ടില്‍ വില ഉയരാന്‍ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

എന്നാല്‍ അന്താരാഷ്ട്ര വിലയുടെ തോതിന് അനുസരിച്ചു നാട്ടില്‍ വില വര്‍ധിക്കാത്തതിന് കാരണം ടയര്‍ ലോബിയുടെ ഇടപെടലാണെന്ന് പ്രമുഖ റബ്ബര്‍ വ്യപാരികള്‍ പറയുന്നു. ഇറക്കുമതി നിര്‍ത്തിയിട്ടും നാട്ടില്‍ നിന്നും റബ്ബര്‍ വാങ്ങാന്‍ ടയര്‍ കമ്പനികള്‍ തയാറാകുന്നില്ല. ഇതാണ് അന്താരാഷ്ട്ര വിലക്കനുസരിച്ചു നാട്ടില്‍ വില ഉയരാത്തതിനു കാരണം. മുന്‍ വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്ന വില ആഭ്യന്തര വിപണിയില്‍ ലഭിച്ചിരുന്നു ഇപ്പോഴത്തെ അന്താരാഷ്ട്ര വില അനുസരിച്ചു 200 രൂപയില്‍ കൂടുതല്‍ ഒരു കിലോ റബ്ബറിന് നാട്ടില്‍ ലഭിക്കണ്ടതാണ് എന്നാല്‍ വ്യാപാരം നടക്കാത്തതുകൊണ്ട് വില ഉയരുന്നില്ല.
ടാപ്പിംഗ് സീസണ്‍ ആരംഭിച്ചതോടെ കൂടുതല്‍ റബ്ബര്‍ വിപണിയില്‍ എത്തുമെന്ന പ്രതിക്ഷയിലാണ് ടയര്‍ കമ്പനികള്‍. എന്നാല്‍ നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് റബ്ബര്‍ വിറ്റാലും രൊക്കം പണം ലഭിക്കാത്തതു കൊണ്ട് ചെറുകിട കര്‍ഷകര്‍ പോലും റബ്ബര്‍ വില്‍ക്കാന്‍ തയാറാകുന്നില്ല. ഇത് ആഭ്യന്തര വിപണിയിലേക്കുള്ള റബ്ബറിന്റെ വരവിനെയും ബാധിച്ചിട്ടുണ്ട്.

50,000 ടണ്‍ റബ്ബറാണ് ഒരു ദിവസം രാജ്യത്തെ ടയര്‍ക്കമ്പനികള്‍ക്ക് ആവശ്യമായിട്ടുള്ളത്. ഇറക്കുമതിയിലൂടെ സംഭരിച്ച റബ്ബര്‍ ഒരുമാസത്തേക്കുള്ളത് മാത്രമേ ടയര്‍ കമ്പനികളുടെ കൈവശമുള്ളു. അത് കൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ നിന്നും റബ്ബര്‍ വാങ്ങാന്‍ ടയര്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇത് വില വര്‍ധിക്കാന്‍ കാരണമാകും. ലോകത്തെ റബ്ബര്‍ ഉദ്പാദക രാജ്യങ്ങളായ തായ്ലന്റ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ കയറ്റുമതി കുറഞ്ഞതും ഇന്ത്യന്‍ റബ്ബറിന്റെ ഡിമാന്റ് വര്‍ധിക്കാന്‍ കാരണമാകും.

Scroll To Top