Sunday December 04, 2016
Latest Updates

റബര്‍ചണ്ടി കുടംപുളിയാവുന്ന കാലം !

റബര്‍ചണ്ടി കുടംപുളിയാവുന്ന കാലം !

കൊച്ചി : മീന്‍കറി വയ്ക്കാന്‍ കുടമ്പുളി കഴുകി മുറിക്കാന്‍ തുടങ്ങിയ ആസിയ ഞെട്ടി. എത്ര ശ്രമിച്ചിട്ടും ഒരു കഷണം മാത്രം മുറിയുന്നില്ല. ഇനിയിതു കുടമ്പുളിതന്നെയല്ലേ? മണത്തുനോക്കിയപ്പോള്‍ കുടമ്പുളിയുടെ അതേമണം. വീണ്ടും വീണ്ടും കഴുകിക്കുളിപ്പിച്ചെടുത്തപ്പോഴാണു പുളി തെളിഞ്ഞു റബര്‍ ആയത്. കുടമ്പുളിയില്‍ റബര്‍ചണ്ടി (ഉണങ്ങിയ ചിരട്ടപ്പാല്‍) ചേര്‍ത്തു പലചരക്കു കച്ചവടക്കാരന്‍ മറിമായം നടത്തിയത് എറണാകുളം മാര്‍ക്കറ്റിലാണ്. 

ആസിയയുടെ ഭര്‍ത്താവ്, ഹൈക്കോടതിക്കു സമീപം എംഎ റോഡില്‍ താമസിക്കുന്ന അബു ഇന്നലെ രാവിലെ എറണാകുളം മാര്‍ക്കറ്റിലെ പലചരക്കു കടയില്‍നിന്നാണ് 50 ഗ്രാം കുടമ്പുളി വാങ്ങിയത്. 

നഗരസഭാ ആരോഗ്യവിഭാഗത്തിന് അബുവിന്റെ മകന്‍ നജീബ് പരാതി കൊടുത്തിട്ടുണ്ട്. 
എറണാകുളത്ത് ഒരു കിലോ മുന്തിയതരം കുടമ്പുളിക്ക് ഇന്നലെ മൊത്തവ്യാപാര വില 250 രൂപ. ചില്ലറ വില്‍പനക്കാര്‍ 350 രൂപ വരെ ഈടാക്കി. ഒരു കിലോ ഒട്ടുപാലിന് ഇന്നലത്തെ വില കിലോയ്ക്ക് 72 രൂപ. പാല്‍ ഊറ്റിയശേഷം ചിരട്ടയ്ക്കുള്ളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന റബര്‍ചണ്ടിക്ക് ഇതില്‍ താഴെയാണു വില. വിലയില്ലാത്ത ഈ റബര്‍ചണ്ടി പുളിയുടെ മണം ചേര്‍ത്തു പുളിക്കൊപ്പം വില്‍ക്കുമ്പോള്‍ റബര്‍ചണ്ടിക്കു കിട്ടുന്ന വില നാലിരട്ടി!

റബറിന് വിലയില്ലെങ്കിലെന്താ ?അല്ല പിന്നെ….

(കടപ്പാട് :മലയാള മനോരമ )

Scroll To Top