Friday December 09, 2016
Latest Updates

അബ്ദുള്‍ കലാമിന് രാഷ്ട്രം വിട നല്‍കി,അനശ്വരം ഈ യുഗപ്രഭാവന്റെ ഓര്‍മ്മകള്‍ 

അബ്ദുള്‍ കലാമിന് രാഷ്ട്രം വിട നല്‍കി,അനശ്വരം ഈ യുഗപ്രഭാവന്റെ ഓര്‍മ്മകള്‍ 

രാമേശ്വരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ജന്മസ്ഥലമായ രാമേശ്വരത്ത് ഇന്ന് ഖബറടക്കി .രാവിലെ പത്തരയ്ക്കാരംഭിച്ച മതപരമായ ചടങ്ങുകള്‍ക്ക് ശേഷം പന്ത്രണ്ടു മണിയോടെ മൃതദേഹം സംസ്‌കരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി,രാഹുല്‍ ഗാന്ധി,കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ അന്തിമചടങ്ങുകളില്‍ പങ്കെടുത്തു . ന്യൂഡല്‍ഹിയില്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ ഇന്നലെ മധുരയിലേക്കും അവിടെ നിന്ന് ഹെലികോപ്ടറില്‍ ഉച്ചയ്ക്ക 2.05ന് രാമനാഥപുരം ജില്ലയിലെ മണ്ഡപം ക്യാമ്പിലും മൃതദേഹമെത്തിച്ചു. കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കറും വെങ്കയ്യ നായിഡുവും അന്ത്യയാത്രയില്‍ അനുഗമിച്ചിരുന്നു. തമിഴ്‌നാട് ധനമന്ത്രി ഒ.പന്നീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിമാരും കലാമിന്റെ ബന്ധുക്കളും മൃതദേഹം സ്വീകരിച്ചു. കരനാവികവ്യോമ സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

അവിടെ നിന്ന് അലങ്കരിച്ച വാഹനത്തില്‍ രാമേശ്വരത്തേക്ക് കൊണ്ടു പോകുകയായിരുന്നു. പ്രിയ നേതാവിനെ കാണാനായി ആയിരക്കണക്കിന് പേര്‍ റോഡിനിരുവശവും അണിനിരന്നിരുന്നു. അമ്പതിനായിരത്തോളം പേര്‍ മൃതദേഹവും കാത്ത് രാമേശ്വരത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പലരും കൈയില്‍ മെഴുകുതിരിയേന്തിയിരുന്നു.ഇന്നലെ വൈകിട്ട് എട്ടു വരെ രാമേശ്വരം ബസ്സ്റ്റാന്‍ിനടുത്ത് പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. അതിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

ഖബറടക്ക ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പങ്കെടുക്കില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പകരം ഏഴു മന്ത്രിമാരെ അയച്ചിരുന്നു.

കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ ഡോ.എം.കെ മുനീര്‍, പി.ജെ ജോസഫ്, സ്പീക്കര്‍ എന്‍ ശക്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചടങ്ങിനെത്തി. 10.25 മുതല്‍ ആള്‍ ഇന്ത്യാ റേഡിയോ അന്ത്യചടങ്ങുകള്‍ പ്രക്ഷേപണം ചെയ്തു . ഇന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരിടത്തും ബാറുകള്‍ തുറക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 99 കാരനായ മൂത്ത സഹോദരന്‍ മുതുലബ മീര മരിക്കാറിന്റെ ആഗ്രഹപ്രകാരമാണ് അന്ത്യചടങ്ങുകള്‍ ജന്മനാട്ടില്‍ നടക്കുന്നത്. 


Scroll To Top