Wednesday September 20, 2017
Latest Updates

പാലായിലെ കന്യാസ്ത്രിയുടെ മരണം:രാത്രി അപരിചതനെ മഠത്തിന്റെ കാര്‍ പോര്‍ച്ചിന്റെ ടെറസില്‍ കണ്ടെന്ന് സാക്ഷിമൊഴി 

പാലായിലെ കന്യാസ്ത്രിയുടെ മരണം:രാത്രി അപരിചതനെ മഠത്തിന്റെ കാര്‍ പോര്‍ച്ചിന്റെ ടെറസില്‍ കണ്ടെന്ന് സാക്ഷിമൊഴി 

കോട്ടയം: : പാലായിലെ ലിസ്യു കര്‍മ്മലീത്ത മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് എഡിജിപി പത്മകുമാര്‍. മഠത്തിലെ സാഹചര്യങ്ങള്‍ കൃത്യമായി അറിയാവുന്ന ഒരാളാണ് സംഭവത്തിന് പിന്നില്‍. മൃതദേഹം വൃത്തിയാക്കുകയും വസ്ത്രം മാറ്റുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്നും എഡിജിപി പറഞ്ഞു. വ്യാഴാഴ്ച്ച രാവിലെയാണ് സിസ്റ്റര്‍ അമലയെ മഠത്തിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. 

അതേസമയം സിസ്റ്റര്‍ അമല കൊല്ലപ്പെട്ട രാത്രി അപരിചിതനെ മുറിക്കരികിലുള്ള കാര്‍ പോര്‍ച്ചിന്റെ ടെറസില്‍ കണ്ടെന്ന് കന്യാസ്ത്രീയുടെ മൊഴി. സിസ്റ്റര്‍ ജൂലിയയാണ് മൊഴി നല്‍കിയത്. അന്നേ ദിവസം തന്നെ മഠത്തിലെ അന്തേവാസിയായ ഡോക്ടര്‍ റൂബിയുടെ മുറിയില്‍ മോഷണവും നടന്നു.കഴിഞ്ഞ ശനിയാഴ്ച മഠത്തിലെ അന്തേവാസിയായ സിസ്റ്റര്‍ ജസീതയ്ക്ക് നേരെ അക്രമണം ഉണ്ടായതായും മദര്‍ സുപ്പീരിയര്‍ അലക്‌സ് മരിയ പറഞ്ഞു. 

സിസ്റ്റര്‍ അമല താമസിച്ചിരുന്ന മുറിയുടെ താഴത്തെ നിലയിലെ ഒരു മുറിയില്‍ താമസിച്ചിരുന്ന ഡോ. സിസ്റ്റര്‍ റോബി മരിയ രാത്രി 12.45ന് സമീപമുള്ള കാര്‍മല്‍ ആശുപത്രിയില്‍ ജോലി സംബന്ധമായി വിളിച്ചതിനെ തുടര്‍ന്ന് പോയി ഒരു മണിക്കൂറിനു ശേഷം മടങ്ങിയെത്തിയിരുന്നു. മുറിയിലെ ലൈറ്റ് തെളിക്കാതെയാണ് തിരികെ ഉള്ളില്‍ കയറി ഉറങ്ങിയത്. പുലര്‍ച്ചെ അഞ്ചരതോടെ ഉണര്‍ന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കാലില്‍ എന്തോ തട്ടിയതറിഞ്ഞ് ലൈറ്റ് ഇട്ടപ്പോള്‍ മുറി അലങ്കോലമായി കിടക്കുന്നതു ശ്രദ്ധയില്‍പെട്ടു. മുറിയില്‍ മോഷണം നടന്നതായും പഴ്‌സില്‍നിന്ന് 500 രൂപ നഷ്ടപ്പെട്ടതായും മനസിലായ ഉടന്‍ മദറിനെ വിവരം അറിയിച്ചശേഷം ഇരുവരും ടെറസില്‍ ഗേറ്റ് തുറന്നിട്ടുണ്ടോ എന്നു നോക്കി. ഗേറ്റ് പൂട്ടിയിരിക്കുകയാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇക്കാര്യം ആരോടും പറഞ്ഞതുമില്ല.പിന്നീടാണ് സിസ്റ്റര്‍ അമലയ്ക്ക് അപകടം ഉണ്ടായ വിവരം അറിഞ്ഞത്.

കൂടുതല്‍ ദുരൂഹതകളിലേയ്ക്ക് കേസ് നീങ്ങുന്നതിനിടയില്‍ ഇന്ന് രാവിലെ പാലായില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം സംസ്‌കരിച്ചു.താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചിയാനി മുഖ്യകാര്‍മികത്വം വഹിച്ചു . 

അതേസമയം സിസ്റ്റര്‍ അമലയുടെ കൊലപാതകി താനെന്ന് പറഞ്ഞ് കണ്ണൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഒരാള്‍ കീഴടങ്ങിയെങ്കിലും പൂര്‍ണ മദ്യപാനിയാണ് ഇയാളെന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നമുള്ളതായും പൊലീസ് പറഞ്ഞു. കന്യാസ്ത്രീയെ കൊന്നത് താനാണെന്നും മഠത്തിനു നേരെ കല്ലെറിഞ്ഞുവെന്നും നാസര്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘം കണ്ണൂരിലേക്ക് തിരിച്ചു.

പാലാ കാര്‍മലീത്ത മഠത്തില്‍ കഴിഞ്ഞദിവസമാണ് 69കാരിയായ സിസ്റ്റര്‍ അമലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. മഠത്തിന് സമീപത്തെ കാര്‍മല്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു സിസ്റ്റര്‍ അമല. അസുഖ ബാധിതയായ സിസ്റ്ററെ രാവിലെ പ്രാര്‍ത്ഥനക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന മഠത്തിലെ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. 

Scroll To Top