Sunday December 11, 2016
Latest Updates

സമയമാംരഥത്തില്‍ ജയ്ദാന്‍ യാത്രയായി…സ്വര്‍ഗ്ഗ സന്നിധിയിലേയ്ക്ക്…

സമയമാംരഥത്തില്‍ ജയ്ദാന്‍ യാത്രയായി…സ്വര്‍ഗ്ഗ സന്നിധിയിലേയ്ക്ക്…

ഡബ്ലിന്‍:റാത്ത്ഫര്‍നാമിലെ കിമെഷോഗ് സിമിത്തേരിയിലേയ്ക്ക് വീശിയടിച്ചുകൊണ്ടിരുന്ന ശീതക്കാറ്റിനു പോലും കണ്ണീരിന്റെ നനവുണ്ടായിരുന്നു.അമ്മയുടെ അരുമയായിരുന്ന ആ അരുമ മുത്ത് ഇനി ഇവിടെ ഒറ്റയ്ക്കാണ്.സ്വന്ത വീട്ടില്‍ നിന്നും ഏറെ ദൂരെ,ഈ സിമിത്തേരിയുടെ വിജനതയില്‍.

സെവന്ത് ഡേ അഡ്വന്റ്റിസ്റ്റ് ദേവാലയത്തില്‍ നിന്നുമെത്തിയ പാസ്റ്റര്‍മാര്‍ സ്വര്‍ഗീയജറുസലെമിനെ കുറിച്ചുള്ള പ്രത്യാശയാണ് പ്രാര്‍ഥനകളില്‍ നിറച്ചത്.ലിഡിയ ഷാരോണ്‍ അതൊന്നും കേട്ടിരിക്കില്ല.അവളുടെ മനസ്സില്‍ നിറയെ ജയ്ദാന്റെ പുഞ്ചിരി നിറഞ്ഞ മുഖമായിരുന്നു.ഒരിക്കലും മറക്കാനാവാത്ത പുഞ്ചിരിയുള്ള മുഖം.റാനിലയിലെ പള്ളിയില്‍ വെച്ച് ആ അമ്മ അവസാനമായി ആ കുഞ്ഞുമാലാഖയെ കണ്ടപ്പോഴും നിറഞ്ഞ പുഞ്ചിരി ആ മുഖത്തുണ്ടായിരുന്നു.

തിങ്കളാഴ്ച്ച അമ്മയോടൊപ്പം ഉറങ്ങാന്‍ കിടക്കുമ്പോഴും കൈയ്യില്‍ കരുതിയിരുന്ന ജയ്ദാന്റെ കളിപ്പാട്ടങ്ങള്‍ അവന് സ്വര്‍ഗത്തിലേയ്ക്ക് കൊണ്ടുപോകാന്‍ വേണ്ടി അമ്മ ആ ശവമഞ്ചത്തിനു മേല്‍ വെച്ചിരുന്നു.പിന്നെ അവനു പ്രിയപ്പെട്ട പര്‍പ്പിളും,റോസും,വെള്ളയും നിറങ്ങളുള്ള ബ്ലാങ്കറ്റുകളും.

കുഞ്ഞനുജനെ ഒരിക്കലും പിരിയില്ലെന്ന വാശിയിലായിരുന്നു ഏഴുവയസുകാരി ജൂലിയാന.ലോകത്തില്‍ കുഞ്ഞനുജന്റെ ഏക അവകാശി താനാണ് എന്നവള്‍ കരുതിയിരുന്നു.പക്ഷേ ഇവിടെ റാത്ത്ഫര്‍നാമിലെ ഈ തണുത്ത മധ്യാഹ്നത്തില്‍ അനുജനെ മാലാഖമാര്‍ക്ക് കൊടുത്ത് തിരികെ പോകാമെന്ന് ആരോ അവളോട് പറഞ്ഞിരുന്നു.തകര്‍ന്ന ഹൃദയവുമായി നിന്ന് കണ്ണീരൊഴുക്കുന്ന അച്ഛന്റെ കൈവിരലില്‍ പിടിച്ച് ആ മുഖത്തേയ്ക്ക് ഇടയ്ക്കിടയ്ക്ക് അവള്‍ നോക്കി.ആരോ പറഞ്ഞു കേട്ട സ്വര്‍ഗത്തിലേയ്ക്കുള്ള യാത്രയില്‍ എല്ലാവരും കരയുന്നതെന്തെന്ന് ജൂലിയാന ഓര്‍ത്തുകാണും!.AS

തിങ്കളാഴ്ച പകല്‍ അമ്മയോടൊപ്പം ഉറങ്ങികിടന്ന സമയത്താണ് ജെയ്ദാനെന്ന എട്ടുമാസക്കാരന്‍ ആകസ്മികമായി മരണമടഞ്ഞത്.

ജെയ്ദാന്റെ ബാംഗ്ലൂര്‍ സ്വദേശികളായ മാതാപിതാക്കള്‍ ജോലിചെയ്യുന്ന സെന്റ് വിന്‌സന്റ്‌സ് ആശുപത്രിയില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ ഒന്നടങ്കം സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.റാനിലയിലെ ദേവാലയത്തിലും,സിമിത്തേരിയിലും കുഞ്ഞുമാലാഖയ്ക്ക് സ്‌നേഹാഞ്ജലിയര്‍പ്പിക്കാന്‍ മലയാളികള്‍ അടക്കം വന്‍ജനാവലി എത്തിയിരുന്നു.

Scroll To Top