Thursday August 17, 2017
Latest Updates

യൂറോപ്പ്യന്‍ യൂണിയനെ അനുകൂലിയ്ക്കുന്ന ഇമ്മാനുവല്‍ മാക്രോണും എതിര്‍ക്കുന്ന മരീന്‍ ലെ പെന്നും ഫ്രാന്‍സ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടും

യൂറോപ്പ്യന്‍ യൂണിയനെ അനുകൂലിയ്ക്കുന്ന ഇമ്മാനുവല്‍ മാക്രോണും എതിര്‍ക്കുന്ന മരീന്‍ ലെ പെന്നും ഫ്രാന്‍സ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടും

പാരിസ്:ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയനുമായി സുദൃഢ ബന്ധം നിലനിര്‍ത്തണമെന്ന് ആവശ്യമുയര്‍ത്തുന്ന ഇമ്മാനുവല്‍ മാക്രോണിന് ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഒന്നാം സ്ഥാനം.23.7% വോട്ട് മാക്രോണിന് ലഭിച്ചപ്പോള്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തീവ്രവലതുപക്ഷ, ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന മരീന്‍ ലെ പെന്നിന് 21.7% വോട്ടേ ലഭിച്ചുള്ളു.

മെയ് 7 ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുടുപ്പില്‍ ഇവര്‍ രണ്ടു പേര്‍ മാത്രമാണ് മത്സരത്തിനുണ്ടാകുക.കഴിഞ്ഞ രണ്ട് വര്‍ഷമായി നടക്കുന്ന അഭിപ്രായ സര്‍വേകളിലെല്ലാം ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന മരീന്‍ ലെ പെന്നിനാണു സാധ്യത കല്‍പ്പിച്ചിരുന്നത് മാക്രോണി അട്ടിമറിക്കുമെന്ന തോന്നലാണ് ഇപ്പോള്‍ രൂപപ്പെടുന്നത്.സ്വതന്ത്ര നിലപാട് പുലര്‍ത്തുന്ന En Marche! (മുന്നോട്ട്) എന്ന പാര്‍ട്ടിയുടെ സ്ഥാപകനാണ് ഇമ്മാനുവല്‍ മാക്രോണ്‍.കഴിഞ്ഞ വര്‍ഷമാണു മാക്രോണ്‍ പാര്‍ട്ടി രൂപീകരിച്ചത്.

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒട്ടേറെ പ്രത്യേകതയുള്ളതാണ്. മറ്റ് തെരഞ്ഞെടുപ്പുകളില്‍നിന്നും വ്യത്യസ്തമായി ഫ്രാന്‍സില്‍ ജനങ്ങളാണ് പ്രസിഡന്റിനെ നേരിട്ടു തെരഞ്ഞെടുക്കുന്നത്. യുഎസില്‍ ഇലക്ട്രല്‍ കോളേജാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.18 വയസുള്ള ഫ്രഞ്ച് പൗരന് വോട്ട് ചെയ്യാന്‍ അവകാശമുണ്ട്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്.ആദ്യ ഘട്ടത്തില്‍ തന്നെ ആകെ വോട്ട് ചെയ്തതിന്റെ 50 ശതമാനം വോട്ട് ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് ലഭിക്കുകയാണെങ്കില്‍ അയാളെ പ്രസിഡന്റായി തെരഞ്ഞെടുക്കും.എന്നാല്‍ ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിച്ചിട്ടില്ല. 1965-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചാള്‍സ് ഡെ ഗല്ലെയ്ക്ക് ആദ്യ റൗണ്ടില്‍ 44 ശതമാനം വോട്ട് ലഭിച്ചതാണ് ഇതുവരെയുള്ള റെക്കോഡ്.

ഇമ്മാനുവല്‍ മാക്രോണ്‍

രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് മെയ് ഏഴാം തീയതി ഞായറാഴ്ചയാണ് നടക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലങ്ങളായി ഫ്രാന്‍സില്‍ നടത്തുന്നതു ഞായറാഴ്ചകളിലാണ്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ പ്രചാരണം അവസാനിപ്പിക്കുകയും വേണം. ആദ്യ റൗണ്ട് കഴിഞ്ഞ പതിനാല് ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്. ആദ്യ റൗണ്ട് തെരഞ്ഞെടുപ്പില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് പേരാണ് രണ്ടാം റൗണ്ടിലേക്ക് അര്‍ഹത നേടിയിരിക്കുന്നത്.ഒന്നാം റൗണ്ടില്‍ കൂടുതല്‍ വോട്ടു നേടിയ രണ്ട് പേര്‍ മാത്രമായിരിക്കും രണ്ടാം റൗണ്ടില്‍ മത്സരിക്കുക. ഇവരില്‍ ഏറ്റവുമധികം വോട്ട് ലഭിക്കുന്നയാള്‍ പ്രസിഡന്റാകും.

മരീന്‍ ലെ പെന്നും, മാക്രോണും രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചതോടെ ആദ്യ റൗണ്ടില്‍ നിന്നും പുറത്തായ മറ്റു മൂന്ന് സ്ഥാനാര്‍ഥികള്‍ ആര്‍ക്കായിരിക്കും പിന്തുണ നല്‍കുക എന്നതും വിജയിയെ നിര്‍ണയിക്കുന്ന ഘടകമായിരിക്കും.

കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ ബ്രെക്സിറ്റും അമേരിക്കയില്‍ ട്രംപും ജയിച്ചത് തീവ്രവലതുപക്ഷ, ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന മരീന്‍ ലെ പെന്നിന് പ്രതീക്ഷയേകുന്ന ഘടകമാണ്. എന്നാല്‍ മരീന്‍ ലെ പെന്നിന്റെ വിജയം യൂറോപ്യന്‍ യൂണിയന് ആശങ്കയേകുന്ന കാര്യമാണ്. താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുകടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് ജനഹിത പരിശോധന നടത്തുമെന്നുമാണ് അവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

39-കാരനാണ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാന്‍സിലെ സിവില്‍ സര്‍വന്റായി ഔദ്യോഗിക ജീവിതമാരംഭിച്ച മാക്രോണ്‍ പിന്നീട് ഇന്‍വെസ്റ്റ്മെന്റ് ബാങ്കറായും സേവനമനുഷ്ഠിച്ചു. പിന്നീട് ഫ്രാന്‍സ്വെ ഒലാന്ദ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയുടെ പദവിയും വഹിച്ചു.

48-കാരിയായ മരീന്‍ ലെ പെന്‍ ഫ്രാന്‍സിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാപകന്‍ ജീന്‍ മരീന്‍ ലെ പെന്നിന്റെ മകളാണ്. അഭിഭാഷകയായി ഔദ്യോഗിക ജീവിതം നയിക്കുന്നു.2011-ലാണു നാഷണല്‍ ഫ്രണ്ടിന്റെ നേതൃനിരയിലേക്കെത്തിയത്. കുടിയേറ്റം, കുറ്റകൃത്യം തുടങ്ങിയ വിഷയങ്ങളില്‍ കര്‍ശന നിലപാടുകളാണു മരീന്‍ ലെ പെന്നിനുള്ളത്. ഫ്രാന്‍സ് കുടിയേറ്റത്തെ നിയന്ത്രിക്കണമെന്ന നിലപാടാണ് അവര്‍ക്കുള്ളത്. ഫ്രാന്‍സിനെ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുകൊണ്ടു വരിക എന്നതും പ്രധാനലക്ഷ്യമാണെന്ന് ഇവര്‍ പ്രചാരണത്തില്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളിലൊന്നാണ്. ഇത് മരീന്‍ ലെ പെന്നിന് അനുകൂല ഘടകമായി ഭവിക്കുമെന്നു കരുതുന്നുമുണ്ട്.

ഫ്രാന്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞ് ഒരു മാസം കഴിയുമ്പോഴാണു നിയമനിര്‍മാണസഭയിലേക്കുള്ള (അധോസഭയും ഉപരിസഭയും ഉള്‍പ്പെടുന്ന പാര്‍ലമെന്റ്) തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇപ്രാവിശ്യം ജൂണ്‍ 11, 18 തീയതികളിലാണ് ഫ്രാന്‍സില്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലെങ്കില്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ അധികാരങ്ങള്‍ പരിമിതമാണ്. ഫ്രഞ്ച് ഭരണഘടനയില്‍ ഭേദഗതി വരുത്തണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ മരീന്‍ ലെ പെന്നിന്റെ പാര്‍ട്ടിക്കോ, മാക്രോണിയുടെ പാര്‍ട്ടിക്കോ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയും ഇല്ല. ഇത്തരം സാഹചര്യത്തില്‍ ഇവര്‍ പ്രചരണ വിഷയമാക്കിയ കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്.

Scroll To Top