Saturday December 03, 2016
Latest Updates

സൗജന്യ ജി പി കെയര്‍ പദ്ധതിയ്ക്ക് രൂപരേഖയായി:ഓരോ കുട്ടിയ്ക്കും 100 യൂറോ വീതം സര്‍ക്കാര്‍ നല്‍കും 

സൗജന്യ ജി പി കെയര്‍ പദ്ധതിയ്ക്ക് രൂപരേഖയായി:ഓരോ കുട്ടിയ്ക്കും 100 യൂറോ വീതം സര്‍ക്കാര്‍ നല്‍കും 

ഡബ്ലിന്‍ :ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ജിപി ഡോക്ടര്‍മാര്‍ക്ക് പ്രതിവര്‍ഷം നൂറ് യൂറോ വീതം ഓരോ കുട്ടിയ്ക്കും സര്‍ക്കാര്‍ നല്‍കും. സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഫ്രീ കെയര്‍ പദ്ധതിയുടെ ഭാഗമായിട്ടാണിത്. ഒരു കുട്ടിക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് പ്രതിവര്‍ഷം നൂറ് യൂറോയാണ്. എന്നാല്‍ ഒരു വര്‍ഷത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ജിപി ഡോക്ടര്‍മാര്‍ക്ക് ഒരു കുട്ടിയെ അധികമായി പരിശോധിക്കേണ്ടി വന്നാല്‍, ആ ഡോക്ടര്‍ക്ക് 25 യൂറോ അധികമായി നല്‍കും. 

ഫ്രീ കെയര്‍ സ്‌കീമില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ തൂക്കം പരിശോധിക്കുന്നതും പൊക്കം നോക്കുന്നതുമൊക്കെ പരിശോധനയുടെ പരിധിയില്‍ വരുന്നവയാണ്. അതുകൊണ്ട് തന്നെ കുട്ടികളെ പരിശോധിക്കുന്ന എല്ലാ ജിപികള്‍ക്കും പ്രതിവര്‍ഷം നൂറ് യൂറോ ഉറപ്പ്. 

ആസ്മാ രോഗമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. മാതാപിതാക്കള്‍ കുട്ടിയുടെ പേര് അതിനായി രജിസ്റ്റര്‍ ചെയ്യണം. 

അതേസമയം ജിപി ഡോക്ടര്‍മാരുടെ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരോഗ്യ വകുപ്പും ഡോക്ടര്‍മാരുടെ സംഘടനകളും തമ്മില്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും പ്രതിവര്‍ഷം നൂറ് ഡോളര്‍ എന്നത് അന്തിമം അല്ലെന്നും എച്ച്എസ്ഇയില്‍നിന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ആറ് വയസ്സുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സയെന്ന സര്‍ക്കാര്‍ പദ്ധതിയോട് ജിപി ഡോക്ടര്‍മാരുടെ സംഘടന വിയോജിപ്പ് പ്രകടിപ്പിക്കുകയും, അങ്ങനെ ജോലി ചെയ്യാന്‍ തയാറല്ലെന്ന വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് ഒരു കുട്ടിക്ക് ഇത്ര യൂറോ എന്ന നിലയില്‍ സര്‍ക്കാര്‍ പദ്ധതി പുനക്രമീകരിച്ചത്. ഏകദേശം ആറ് ജിപി സേവനങ്ങള്‍ക്കായി 25 മില്യണ്‍ യൂറോ സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം. 

Scroll To Top