Friday July 21, 2017
Latest Updates

അബ്ദുള്‍ കലാമിന്റെ പേരില്‍ വ്യാജ സ്‌കോളര്‍ഷിപ്പ് ഓഫറുകളുമായി തട്ടിപ്പുകാര്‍; സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഓണ്‍ലൈനിലൂടെ  

അബ്ദുള്‍ കലാമിന്റെ പേരില്‍ വ്യാജ സ്‌കോളര്‍ഷിപ്പ് ഓഫറുകളുമായി തട്ടിപ്പുകാര്‍; സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഓണ്‍ലൈനിലൂടെ   

കൊച്ചി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരില്‍ ഫെയ്സ്ബുക്കിലും വാട്സാപ്പിലും വ്യാജ സ്‌കോളര്‍ഷിപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കു ഡോ. കലാം സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയെന്ന സന്ദേശമാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും ഇവരുടെ ഉദ്ദേശ്യം തട്ടിപ്പു തന്നെയാണെന്നാണ് വിലയിരുത്തലുകള്‍.

പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും പ്ലസ് ടു പരീക്ഷയില്‍ 85 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കു നേടിയവര്‍ക്ക് 25,000 രൂപയും ലഭിക്കുമെന്നാണു സന്ദേശത്തില്‍ പറയുന്നത്. സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ ആവശ്യമായ അപേക്ഷകള്‍ നഗരസഭാ ഓഫിസുകളില്‍നിന്നു ലഭിക്കുമെന്നും സന്ദേശത്തിലുണ്ട്. സന്ദേശങ്ങള്‍ വന്നതോടെ പഞ്ചായത്തുകളിലും നഗരസഭാ ഓഫിസുകളിലും നിരവധി മാതാപിതാക്കള്‍ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

എന്നാല്‍, ഇത്തരത്തിലൊരു സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് അറിയില്ലെന്ന് അധികൃതര്‍ പറയുന്നു. കലാമിന്റെ വെബ്‌സൈറ്റിലും സ്‌കോളര്‍ഷിപ്പ് സംബന്ധിച്ചു യാതൊരു അറിയിപ്പുമില്ല. ഇതു സംബന്ധിച്ചു സര്‍ക്കാരില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി നഗരസഭാ സെക്രട്ടറി വി.ആര്‍. രാജു പറഞ്ഞു.

അതേസമയം ഇത്തരത്തിലൊരു സ്‌കോളര്‍ഷിപ്പ് അബ്ദുള്‍ കലാം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വ്യാജ സന്ദേശങ്ങളെ അവഗണിക്കണമെന്നും കലാമിന്റെ ഓഫീസ് അറിയിച്ചു. കലാമിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്ന കാര്യ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനായ കരണ്‍ ഗ്രോവര്‍ നൈജീരിയന്‍ തട്ടിപ്പുകാരുടെ വലയില്‍ കുടുങ്ങിയത്. വ്യാജ സന്ദേശം ഗ്രോവറിന്റെ ഫോണിലേക്ക് അയച്ച് തെറ്റിദ്ധരിപ്പിച്ച് ഏഴു ലക്ഷം രൂപയാണ് നൈജീരിയന്‍ സംഘം തട്ടിച്ചെടുത്തത്. ഓഡി കമ്പനിയുടെ പേര് ദുരുപയേഗം ചെയ്തായിരുന്നു അവര്‍ തട്ടിപ്പ് നടത്തിയത്. അബ്ദുള്‍ കലാമിന്റെ പേരില്‍ തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ ഉദ്ദേശ്യം പണമാണോ എന്ന് വ്യക്തമല്ല.

Scroll To Top