Wednesday May 23, 2018
Latest Updates

അയര്‍ലണ്ടിലേക്ക് പോരാനൊരുങ്ങുന്ന ഇന്ത്യന്‍ നഴ്സുമാരുടെ ശ്രദ്ധയ്ക്ക്,’പോന്നോളൂ ..പക്ഷേ …’

അയര്‍ലണ്ടിലേക്ക് പോരാനൊരുങ്ങുന്ന ഇന്ത്യന്‍ നഴ്സുമാരുടെ ശ്രദ്ധയ്ക്ക്,’പോന്നോളൂ ..പക്ഷേ …’

ഡബ്ലിന്‍: ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്ക് പുതിയതായി റിക്രൂട്ട് ചെയ്യുന്ന നഴ്സുമാരുടെ യോഗ്യതാ പരിശോധനകള്‍ നഴ്സിങ് ബോര്‍ഡ് കര്‍ശനമാക്കുന്നു.കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ അയര്‍ലണ്ടില്‍ എത്തിയ ഡസന്‍ കണക്കിന് നഴ്സുമാര്‍ക്ക് പിന്‍ നമ്പര്‍ നിഷേധിക്കുന്നതടക്കമുള്ള നടപടികളിലേക്ക് അധികൃതര്‍ നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്.

ജോലിയിലുള്ള മികവോ പരിജ്ഞാനകുറവോ പ്രശ്നമാക്കുന്നതിനുപരി കൃത്യമായ സര്‍ട്ടിഫിക്കേറ്റുകളുടെ അഭാവവും ചിലരുടെയെങ്കിലും ജോലി സ്ഥിരമാക്കാതിരിക്കാന്‍ കാരണമാകും എന്നത് ഇന്ത്യന്‍ സമൂഹത്തിന് ഒന്നാകെ നാണക്കേടുണ്ടാക്കുന്ന അവസ്ഥയിലേക്ക് സംഭവങ്ങളെ കൊണ്ടെത്തിച്ചിട്ടുണ്ട്.

വ്യാജ സര്‍ട്ടിഫിക്കേറ്റുകള്‍ കണ്ടെത്തിയാല്‍ ഡീ പോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് നഴ്സിംഗ് ബോര്‍ഡിന്റെ തീരുമാനമത്രേ.നഴ്സിംഗിന്റെ മാത്രമല്ല ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കേറ്റുകളും നഴ്സിംഗ് ബോര്‍ഡിന്റെ പരിശോധനയില്‍ ഉള്‍പ്പെടുന്നുണ്ട്.വ്യാജമായ മുന്‍പരിചയ സര്‍ട്ടിഫിക്കേറ്റുകള്‍,റഫറന്‍സ് ലെറ്ററുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നതിനൊപ്പം പരിശീലനത്തിനായി അയയ്ക്കപ്പെടുന്ന ആശുപത്രികളില്‍ ഇവരുടെ തൊഴില്‍ പരിജ്ഞാനം കൃത്യമായി വിശകലനം ചെയ്യാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡബ്ലിനിലെ ഒരു പ്രമുഖ ഹോസ്പിറ്റലില്‍ അഡാപ്‌റ്റേഷന് അയക്കപ്പെട്ട ഒരു ഇന്ത്യന്‍ നഴ്സിനെ അപേക്ഷയില്‍ കാണിച്ചിരുന്ന പ്രകാരം ‘മുന്‍ പരിചയമുള്ള’ അതേ ഡിപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് ട്രെയിനിംഗിന് നിയോഗിച്ചിട്ടും നഴ്സിംഗിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയില്ല എന്ന് കണ്ടെത്തിയതിനാലാണ് പിന്‍ നമ്പര്‍ നിഷേധിച്ചത്.ഇതേ ഹോസ്പിറ്റലില്‍ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ആറോളം പേരാണ് അഡാപ്‌റ്റേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്.

അതേ സമയം ഐ ഇ എല്‍ ടി എസ് പരീക്ഷാ സര്‍ട്ടിഫിക്കേറ്റുകള്‍ വ്യാജമായി സമര്‍പ്പിച്ച് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയതായി സംശയിക്കുന്നവരുടെ പേരിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒരു ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപ വരെ നല്‍കി മൌരീഷ്യസ്,ശ്രീലങ്ക,മലേഷ്യ എന്നിവിടങ്ങളിലും ഇന്ത്യയിലെ തന്നെ ചില നഗരങ്ങളിലും രജിസ്റ്റര്‍ ചെയ്യിച്ച് പരീക്ഷയെഴുതിയവര്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് ലഭ്യമായ വിവരം.

മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ പോയി പരീക്ഷയെഴുതി ജയിക്കുന്ന മലയാളികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വര്‍ദ്ധനവ് ഐ ഇ എല്‍ ടി എസ് പരീക്ഷയില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണെന്നും മുമ്പേ ആരോപണമുണ്ടായിരുന്നു.

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൂടുതല്‍ പണം വാങ്ങി അതിനൊപ്പം ഐ ഇ എല്‍ ടി എസ് പാസാക്കാനുള്ള സഹായം ചെയ്യുന്ന ചില റിക്രൂട്ട്മെന്റ് ഏജന്‍സികളും ചില വിദേശമലയാളികളുടെ നേതൃത്വത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി ഐറിഷ് മലയാളി’നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോഴും അയര്‍ലണ്ടിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നാട്ടില്‍ നിന്നും പണം വാങ്ങിയും അല്ലാതയും നഴ്സുമാരെ ഇങ്ങോട്ടേക്ക് കൊണ്ട് വരുന്നുണ്ട്.ഇവരില്‍ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലും ഉള്‍പ്പെട്ടിട്ടുള്ളതായാണ് വിവരം.സാങ്കേതികമായി ഏജന്‍സികള്‍ രക്ഷപ്പെടുമെങ്കിലും അന്തിമമായി നഷ്ടം സംഭവിക്കുക ലക്ഷങ്ങള്‍ മുടക്കി ഇവിടെ എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കാവും.

എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കേറ്റുകള്‍ അടക്കമുള്ള വ്യാജ രേഖകള്‍ ചമച്ച് അയര്‍ലണ്ടില്‍ എത്തുന്നവര്‍ കുടുക്കിലായേക്കും എന്നതിലുപരി ഇന്ത്യയില്‍ നിന്നുള്ള ഭാവി റിക്രൂട്ട്‌മെന്റുകള്‍ പോലും ഇത്തരം സംഭവങ്ങള്‍ വഴി ഇല്ലാതാക്കാന്‍ കാരണമായേക്കുമെന്ന ആശങ്കയിലാണ്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top