Monday December 05, 2016
Latest Updates

അയര്‍ലണ്ടിന്റെ പ്രതീക്ഷ തകര്‍ത്ത് ഫ്രാന്‍സ് (2-1 )

അയര്‍ലണ്ടിന്റെ പ്രതീക്ഷ തകര്‍ത്ത് ഫ്രാന്‍സ് (2-1 )

ലിയോണ്‍: ഐറിഷ് വീര്യത്തെ രണ്ടാം പകുതിയില്‍ പിടിച്ചു കെട്ടി ഫ്രാന്‍സ് യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഒരു ഗോളിന് പിറകില്‍ നില്‍ക്കെ ഇരട്ട ഗോള്‍ നേടി അന്റോണിയോ ഗ്രിസ്മാന്‍ ഫ്രാന്‍സിനെ അവസാന എട്ടിലെത്തിക്കുകയായിരുന്നു. 58, 61 മിനിറ്റുകളിലായിരുന്നു ഗ്രിസ്മാന്റെ ഗോളുകള്‍.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഫ്രാന്‍സിനെ ഞെട്ടിച്ച് അയര്‍ലണ്ട് മുന്നിലെത്തി. പെനാല്‍റ്റി ഏരിയയില്‍ വെച്ച് ഷെയ്ന്‍ ലോങ്ങിനെ പോഗ്ബ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പെനാല്‍റ്റിയെടുത്ത് ഐറിഷ് വിങ്ങര്‍ റോബി ബ്രാഡിക്ക് പിഴച്ചില്ല. പോസ്റ്റില്‍ തട്ടിയ പന്ത് ഭാഗ്യത്തിന്റെ അകമ്പടിയോടെ വലക്കുള്ളില്‍ കയറി. യൂറോ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോള്‍. 2004ല്‍ ഗ്രീസിനെതിരെ റഷ്യന്‍ താരം ദിമിത്രി കിരിചെങ്കോ നേടിയ ഗോളിന് ശേഷമുള്ള വേഗഗോള്‍. ആദ്യ പകുതിയുടെ ഏകദേശം ചിത്രം ഇങ്ങനെയായിരുന്നു.
കളി രണ്ടാം പകുതിയിലെത്തിയപ്പോള്‍ കാഴ്ച്ചയാകെ മാറി. അയര്‍ലണ്ടിനെതിരെ ഫ്രാന്‍സ് ആധിപത്യമുറപ്പിച്ചു. കാന്റെക്ക് പകരം കോമാനെ കളത്തിലറക്കി ഫ്രാന്‍സ് രണ്ടും കല്‍പ്പിച്ചാണ് കളിച്ചത്. 58ാം മിനിറ്റില്‍ അതിന് ഫലം കണ്ടു. സാഗ്‌നയുടെ ക്രോസില്‍ കൃത്യമായി ഹെഡ്ഡ് ചെയ്ത് ഗ്രിസ്മാന്‍ ഐറിഷ് വല കുലുക്കി. രണ്ട് മിനിറ്റിന് ശേഷം ഗ്രിസ്മാന്‍ അയര്‍ലണ്ടിനെ വീണ്ടും ഞെട്ടിച്ചു. അയര്‍ലണ്ടിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗ്രിസ്മാന്‍ ഓപ്പണ്‍ ചാന്‍സില്‍ തന്റെ രണ്ടാം ഗോള്‍ നേടി. അയര്‍ലണ്ട് ഗോളിക്ക് നിസ്സഹായനായി നില്‍ക്കാനെ കഴിഞ്ഞുള്ളു.66ാം മിനിറ്റില്‍ അയര്‍ലണ്ട് പത്ത് പേരിലേക്ക് ചുരുങ്ങി. പന്തുമായി മുന്നേറുകയായിരുന്ന ഗ്രിസ്മാനെ പെനാല്‍റ്റി ബോക്‌സിന് തൊട്ടടുത്ത് വെച്ച് ഫൗള്‍ ചെയ്തതിന് അയര്‍ലണ്ടിന്റെ ഡിഫിക്ക് റഫറി ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള മിനിറ്റുകളില്‍ അയര്‍ലണ്ട് സമനില ഗോളിനായി ശ്രമം തുടര്‍ന്നെങ്കിലും ഫ്രാന്‍സിന്റെ പ്രതിരോധത്തെ മറികടക്കാനായില്ല. ഗ്രൗണ്ടിലെ വേഗതയില്ലായ്മയും ദുര്‍ബ്ബലമായ ഷോട്ടുകളും അയര്‍ലണ്ടില്‍ നിന്നും വിജയം അകറ്റി.

Scroll To Top