Tuesday October 16, 2018
Latest Updates

കുട്ടികളെ ലൈംഗിക പീഡനം നടത്തിയാല്‍ ബലാത്സംഗമായി പരിഗണിച്ച് കേസെടുക്കും 

കുട്ടികളെ ലൈംഗിക പീഡനം നടത്തിയാല്‍ ബലാത്സംഗമായി പരിഗണിച്ച് കേസെടുക്കും 

പാരീസ് :ഫ്രാന്‍സില്‍, ലൈംഗിക പീഡന കേസുകളില്‍ ഇരയാകുന്ന കുട്ടികള്‍ക്ക് നിയമപരമായി സംരക്ഷണം നല്‍കുന്നതിന് 15 വയസു പ്രായപരിധി എന്ന നിര്‍ദ്ദേശം ശക്തമായി നടപ്പാക്കുമെന്ന് ഫ്രാന്‍സ് ഇക്വാളിറ്റി വകുപ്പ് മന്ത്രി. രാജ്യത്ത് തുടര്‍ച്ചയായി നടന്ന രണ്ടു കേസുകളിലും കോടതി സ്വീകാര്യമായ നടപടി എടുക്കാത്തതില്‍ വലിയ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് ഈ തീരുമാനം.

15 വയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് ഫ്രാന്‍സില്‍ നിയമപരമായി കുറ്റകൃത്യമാണ്. എന്നാല്‍ പലപ്പോഴും നിര്‍ബന്ധിച്ചു പീഡനം നടത്തി എന്നത് കോടതിയില്‍ തെളിയിക്കേണ്ടതായി വരുന്നു. പുതിയ നിര്‍ദ്ദേശം അനുസരിച്ചു 15 വയസില്‍ താഴെയുള്ള കുട്ടികള്‍ പീഡനത്തിന് ഇരയായാല്‍ അത് ബലാത്സംഗമായി പരിഗണിച്ചു കേസ് എടുക്കും.

കഴിഞ്ഞ നവംബറില്‍ നടന്ന കേസില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച 30 വയസുകാരനെ വെറുതെ വിട്ട കോടതിയില്‍ നടപടി ചോദ്യം ചെയ്യപ്പെട്ടിരുന്നു. പീഡനം നിര്‍ബന്ധിച്ചോ ഭീക്ഷണിപ്പെടുത്തിയോ നടത്തിയതല്ലെന്ന കോടതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രതിയെ കോടതി വെറുതെ വിട്ടത്.

സമാനമായ മറ്റൊരു കേസില്‍ പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ചതിന് 28 വയസുള്ള പ്രതിക്കെതിരെ കോടതിയില്‍ എടുത്ത നടപടിയും വലിയ ആക്ഷേപത്തിന് ഇടയായി. പ്രതി ബലാത്സംഗം നടത്തി എന്നതിന് പകരം, കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തി എന്നാണ് കോടതി വിധിപ്രസ്താവനയില്‍ പറഞ്ഞത്.

ഇത്തരം കേസുകള്‍ ഗൗരവകരമായി പരിഗണിച്ചു പ്രതികള്‍ ബലാത്സംഗ കുറ്റത്തിനു തന്നെ ശിക്ഷിക്കപ്പെടണമെന്നു നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു. പിന്നീട് കോടതിയും അത് ശരി വച്ചു.

ഇത്തരത്തില്‍ ഉണ്ടായ കോടതി നടപടികളെ മുന്‍ നിര്‍ത്തി, മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നത് പോലെ പീഡന കേസുകളിലെ കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നതിന് നിയമ നിര്‍മ്മാതാക്കളും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം അംഗങ്ങളും ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

Scroll To Top