Monday December 05, 2016
Latest Updates

ഫ്രാന്‍സില്‍ വൈദികനെ കൊലപ്പെടുത്തി;സഭയ്ക്കും വൈദീകര്‍ക്കുമെതിരെ കലാപം തുടങ്ങുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് എന്നവകാശപ്പെട്ട ഭീകരര്‍,പള്ളികള്‍ക്ക് സംരക്ഷണം ഒരുക്കി സര്‍ക്കാര്‍

ഫ്രാന്‍സില്‍ വൈദികനെ കൊലപ്പെടുത്തി;സഭയ്ക്കും വൈദീകര്‍ക്കുമെതിരെ കലാപം തുടങ്ങുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് എന്നവകാശപ്പെട്ട ഭീകരര്‍,പള്ളികള്‍ക്ക് സംരക്ഷണം ഒരുക്കി സര്‍ക്കാര്‍

പാരിസ്: ഫ്രാന്‍സിലെ വടക്കന്‍ നഗരമായ റൂവെനില്‍  വൈദികനെ അക്രമികള്‍ കൊലപ്പെടുത്തി. കത്തിയുമായി എത്തിയ രണ്ടു പേര്‍ പള്ളിയിലെ അള്‍ത്താരയ്ക്ക് മുമ്പില്‍ മുട്ടുകുത്തി നിര്‍ത്തിയ ശേഷമാണ് വൈദീകനെ കൊന്നത്.84 വയസ്സുകാരനായ വൈദികന്‍ ജാക്വസ് ഹാമെല്‍ ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

ആയുധങ്ങളുമായി പള്ളിയില്‍ പ്രവേശിച്ച അക്രമികള്‍ കന്യാസ്ത്രീകളടക്കം ആറ് പേരെ ബന്ദികളാക്കി. തുടര്‍ന്നാണ് വൈദികനെ ക്രൂരമായി കൊല ചെയ്തത്.

ബന്ദികളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ 18 വയസ്സ് മാത്രം പ്രായമുള്ള ആദെല്‍ എന്ന യുവാവാണ് എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഐസിസില്‍ ചേരുന്നതിന് വേണ്ടി രണ്ട് തവണ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ കുറച്ച് നാള്‍ പോലീസ് കസ്റ്റഡിയിലും ആയിരുന്നു. ഈ വര്‍ഷം ഫ്രാന്‍സിന് നേരിടേണ്ടി വരുന്നത് തുടര്‍ച്ചയായ ദുരന്തങ്ങളാണ്.

ആഴ്ചകള്‍ക്ക് മുമ്പാണ് നീസില്‍ ദേശീയദിനാഘോഷം നടക്കുന്നതിനിടയിലേക്ക് ട്രക്ക് ഇടിച്ച് കയറ്റി ഐസിസ് ഭീകരന്‍ 75 പേരെ കൊന്നത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സ്‌ഫോടന പരമ്പരയില്‍ 150 ല്‍പരം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ കര്‍ശന നിലപാടെടുക്കുന്നതാണ് ഫ്രാന്‍സിനെ അവരുടെ ശത്രുവാക്കുന്നത്.കത്തോലിക്കാ സഭയ്ക്ക് എതിരെയുള്ള നീക്കങ്ങളെ ഫ്രാന്‍സിലെ ജനത ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കിയ ഫ്രഞ്ച് പ്രസിഡന്റ്   ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണങ്ങളില്‍ ഭയക്കില്ലെന്നും ഐസിസിനെ ഇല്ലാതാക്കാനുളള പോരാട്ടം തുടരുമെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു.

Scroll To Top