Tuesday May 22, 2018
Latest Updates

യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിനെ ക്രൂശില്‍ തറയ്ക്കുമെന്ന വാര്‍ത്തകള്‍ സഭാധികൃതര്‍ നിഷേധിച്ചു

യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി  വൈദികന്‍ ഫാ.ടോം ഉഴുന്നാലിനെ ക്രൂശില്‍ തറയ്ക്കുമെന്ന വാര്‍ത്തകള്‍ സഭാധികൃതര്‍ നിഷേധിച്ചു

ബാംഗ്ലൂര്‍:യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാള വൈദികന്‍ ഫാ.ടോം ഉഴുന്നാലിനെ ദുഃഖവെള്ളിയാഴ്ച്ച ക്രൂശില്‍ തറയ്ക്കുമെന്ന വാര്‍ത്തകളെ കുറിച്ചു യാതൊരു വിവരങ്ങളും ഇല്ലെന്നു സലേഷ്യന്‍ സഭയുടെ ബാംഗ്ലൂര്‍ കേന്ദ്രത്തിലെ വക്താവ് ഫാ.മാത്യു വളര്‍കോട് അറിയിച്ചു. സോഷ്യല്‍ മീഡിയയിലും,ചില വിദേശമാധ്യമങ്ങളിലും ഇത് സംബന്ധിച്ചു വന്ന വാര്‍ത്തകളെ കുറിച്ചു പ്രതീകരിക്കുകയായിരുന്നു അദ്ദേഹം.

ആരാണ് അദേഹത്തെ തട്ടിക്കൊണ്ടു പോയതെന്ന് പോലുമുള്ള വിശദീകരണം സഭാധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് അദ്ദേഹം പറഞ്ഞു.

യമന്റെ അയല്‍രാജ്യമായ ജിബൂത്തിയിലെ ഇന്ത്യന്‍ വിദേശമന്ത്രാലയ ഉദ്യോഗസ്ഥര്‍ ഫാ. ടോമിനെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.

യമനില്‍ സുരക്ഷാസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി നേരത്തെ അടച്ചുപൂട്ടിയിരുന്നു. അയല്‍രാജ്യമായ ജിബൂത്തി കേന്ദ്രീകരിച്ചാണ് എംബസിയുടെ പ്രവര്‍ത്തനം. യമനില്‍ എംബസിയില്ലെങ്കിലും ഫാ. ടോമിനെ കണ്ടെത്താന്‍ എല്ലാ വിധത്തിലും ശ്രമിക്കുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ പറഞ്ഞു.

ഏദനില്‍ മിഷണറീസ് ഓഫ് ചാരിറ്റീസ് നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ച ഭീകരര്‍ നാല് കന്യാസ്ത്രീകളെയടക്കം 16 പേരെ കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസ് ഭീകരരാണെന്ന വിലയിരുത്തലിലാണ് യമന്‍ സര്‍ക്കാര്‍.

സംഭവത്തെ പറ്റിയുള്ള സിസ്റ്റര്‍ സാലിയുടെ ദൃക്‌സാക്ഷ്യം:

യമനിലെ എയ്ഡന്‍ നഗരത്തിലെ മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രയ ഭവനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ട തൊടുപുഴ വെള്ളയാമറ്റം സ്വദേശിയായ സിസ്റ്റര്‍ സാലി, ആ ഭീകരത ലോകത്തെ അറിയിക്കാനായി ജീവിച്ചിരിക്കുന്ന ഒരേയൊരു ദൃക് സാക്ഷിയാണ്.

ദിവ്യബലിയില്‍ പങ്കെടുത്തു കഴിഞ്ഞ് പ്രഭാത ഭക്ഷണത്തിനായി എല്ലാവരും നീങ്ങി; എന്നാല്‍ പതിവുപോലെ ഫാദര്‍ ടോം ഉഴുന്നാലില്‍ ചാപ്പലില്‍ ഒറ്റയ്ക്ക് പ്രാര്‍ത്ഥന തുടര്‍ന്നു.

8.00 am: പ്രാര്‍ത്ഥനയ്ക്ക് ശേഷം 5 കന്യാസ്ത്രീകളും ഭവനത്തിലേക്ക് മടങ്ങി.

8.30 am: നീല വസ്ത്രം ധരിച്ച ഇസ്ലാമിക് ഭീകരര്‍ ഗേറ്റ് കടന്നെത്തി. ഗാര്‍ഡിനേയും ഡ്രൈവറേയും വധിച്ചു.

ISIS ഭീകരര്‍ കന്യാസ്ത്രീകളെ വധിക്കാനെത്തിയിരിക്കുന്നു എന്ന് പറയാനായി അഞ്ച് എത്തിയോപ്യന്‍ ക്രൈസ്തവര്‍ വൃദ്ധഭവനത്തിന് നേരെ ഓടി. അവരെയെല്ലാം ഭീകരര്‍ മരത്തില്‍ കെട്ടിയിട്ടതിന് ശേഷം തലയില്‍ വെടിവയ്ക്കുകയും തല തകര്‍ക്കുകയും ചെയ്തു.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് ആശയ ഭവനങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നു. അതിലുള്ളവരെ രക്ഷിക്കാനായി രണ്ടു കന്യാസ്ത്രീകള്‍ പുരുഷ ഭവനത്തിലേക്കും മറ്റു രണ്ടു പേര്‍ വനിതകളുടെ ഭവനത്തിലേക്കും ഓടി. നാല് സ്ത്രീ ജീവനക്കാര്‍ ‘കന്യാസ്ത്രീകളെ കൊല്ലരുതേ” എന്ന് കരഞ്ഞ് വിളിച്ചു പറഞ്ഞു. 15 വര്‍ഷമായി അവിടെ പാചകക്കാരിയായി സേവനം ചെയ്യുന്ന സ്ത്രീ ഉള്‍പ്പടെ ആ നാലു പേരെയും ഭീകരര്‍ വെടിവെച്ചു കൊന്നു.

അതിനു ശേഷം അവര്‍ Sr.ജൂഡിത്തിനെയും Sr.റെജിനെറ്റിനേയും പിടിച്ചു ബന്ധിച്ചു. എന്നിട്ട് തലയില്‍ വെടിവെച്ചു കൊന്നു. ശേഷം തല മണലില്‍ ചതറിച്ചു.

പിന്നീടവര്‍ അടുത്ത ഭവനത്തിലെത്തി Sr. ആന്‍സ്ലെമിനെയുംSr. മര്‍ഗററ്റിനെയും ബന്ധിച്ച് തലയില്‍ വെടിവെച്ച് തല തകര്‍ത്തു.

സുപ്പീരിയര്‍ Sr. സാലി കോണ്‍വെന്റ് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന ഫാദര്‍ ടോമിന് മുന്നറിയിപ്പ് നല്‍കാനായി ഓടി. പക്ഷേ, അവര്‍ക്ക് ചാപ്പലില്‍. എത്താന്‍ കഴിഞ്ഞില്ല. അതിനു മുമ്പ് ISIS ഭീകരര്‍ കോണ്‍വെന്റില്‍ പ്രവേശിച്ചു കഴിഞ്ഞിരുന്നു.

Sr. സാലി തുറന്നു കിടന്ന റെഫ്രിജറേറ്റര്‍ മുറിയില്‍ പ്രവേശിച്ച് വാതിലിന്റെ പിറകില്‍ നിന്നു. അഞ്ചാമത്തെ കന്യാസ്ത്രീയെ അന്വേഷിച്ച് പല തവണ ഭീകരര്‍ ആ മുറിയില്‍ കയറിയിറങ്ങി. യാതൊരു മറയുമില്ലാതെ വാതിലിന്റെ പിന്നില്‍ നിന്ന കന്യാസ്ത്രീയെ അവര്‍ക്ക് കണ്ടു പിടിക്കാനായില്ല. അതൊരു അത്ഭുതമായിരുന്നു.

അതേ സമയം കോണ്‍വെന്റ് ചാപ്പലില്‍ പ്രാര്‍ത്ഥനയിലായിരുന്ന ഫാദര്‍ ടോം, വെടിയൊച്ചയും മറ്റു ബഹളങ്ങളും കേട്ട്, എന്താണ് നടക്കുന്നതെന്ന് ഊഹിച്ചു. ഉടനെ തന്നെ തിരുവോസ്തി എല്ലാം അദ്ദേഹം ഭക്ഷിച്ചു തീര്‍ത്തു. വലിയ ഓസ്തി ഭക്ഷിക്കാനായില്ല. അത് അദ്ദേഹം വെള്ളത്തില്‍ അലിയിച്ചു തീര്‍ത്തു.

അപ്പോഴേക്കും അവരെത്തിക്കഴിഞ്ഞിരുന്നു. അവര്‍ ആരാധന വസ്തുക്കളെല്ലാം നശിപ്പിച്ചു. എന്നിട്ട് ഫാദര്‍ ടോമിനെ ബന്ധിച്ച് കാറിലാക്കി കൊണ്ടുപോയി.

10.00 : കൂട്ടക്കൊല കഴിഞ്ഞ് ISIS ഭീകരര്‍ സ്ഥലം വിടുന്നു.

Sr. സാലി മൃതശരീരങ്ങള്‍ ശേഖരിച്ചു. ഓരോ രോഗിയുടേയും അടുത്തെത്തി അവര്‍ക്കൊന്നും പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തി.

10.30 ആയപ്പോള്‍, കൊല്ലപ്പെട്ട പാചകക്കാരിയുടെ മകനും പോലീസും സ്ഥലത്തെത്തി.

അഞ്ചാമത്തെ കന്യാസ്ത്രീയെയും കൊല്ലാനായി ഭീകരര്‍ വീണ്ടും വരുമെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍, പോലീസ് നിര്‍ബന്ധിച്ച് ടr. സാലിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൂട്ടികൊണ്ടു പോയി. മതശരീരങ്ങള്‍ വലിയൊരു അശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.

മറ്റുള്ളവരോടൊപ്പം താനും മരിച്ചില്ലല്ലോ എന്നോര്‍ത്ത് വിലപിച്ച Sr.സാലിയോട് മിഷിനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റര്‍ റിയ പറഞ്ഞു. ‘നടന്നതെന്തെന്ന് ലോകത്തെ അറിയിക്കാനായി ദൈവം സിസ്റ്ററിനെ കാത്തു സംരക്ഷിച്ചതാണ്‍’

‘നാം രക്തസാക്ഷികളാകാന്‍ തയ്യാറായിരിക്കണം’ എന്ന് ഫാദര്‍ ടോം എന്നും തങ്ങളെ ഓര്‍മ്മിപ്പിക്കുമായിരുന്നു എന്ന് Sr. സാലി പറഞ്ഞു.

യെമനിലെ ധനികനഗരമായ എയ്ഡന്‍ സ്വതന്ത്ര രാജ്യമാകാന്‍ വേണ്ടി ISISമായി കൂട്ടുചേര്‍ന്ന് യെമനെതിരെ യുദ്ധം ചെയ്തു. യുദ്ധം കഴിഞ്ഞിട്ടും ISIS മടങ്ങിപ്പോയില്ല. പകരം അവര്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് കൊല ചെയ്തു.

ക്രൈസ്തവരായതുകൊണ്ടാണ് അവര്‍ കൊല ചെയ്യപ്പെട്ടത്. അതു കൊണ്ട് അവര്‍ വിശ്വാസത്തിന്റെ രക്തസാക്ഷികളാണ്.

മുസ്ലീങ്ങള്‍ പൊതുവേ തങ്ങളോട് വലിയ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത് എന്ന് Sr. സാലി ഓര്‍മ്മിച്ചു.

Scroll To Top