Friday November 16, 2018
Latest Updates

അനുഗ്രഹത്തിന്റെ 40 സംവത്സരങ്ങള്‍ :ഫാ.ആന്റണി ചീരംവേലിയുടെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷം ഇന്ന് ഡബ്ലിനില്‍

അനുഗ്രഹത്തിന്റെ  40 സംവത്സരങ്ങള്‍ :ഫാ.ആന്റണി ചീരംവേലിയുടെ  പൗരോഹിത്യ റൂബി ജൂബിലി  ആഘോഷം ഇന്ന്  ഡബ്ലിനില്‍

ലോകത്തില്‍ ഏറ്റവും സാഹസികമായിടത്ത് പോയി സുവിശേഷം അറിയിക്കാന്‍ ആരെങ്കിലും പറഞ്ഞാല്‍ അത് അനുസരിക്കാന്‍ തയാറായ ഒരാള്‍ ഡബ്ലിനില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്.

‘ഉവ്വ് .എവിടെയും പോകും..കര്‍ത്താവിനായി’. ഫാ.ആന്റണി ചീരംവേലില്‍ എന്ന എംഎസ് റ്റി വൈദീകന്‍ ’67 ന്റെ ചെറുപ്പത്തിലും’ പ്രകടിപ്പിക്കുന്ന ധൈര്യം നിസാരമല്ല!

നാല്പത് വര്‍ഷങ്ങളുടെ വചനവഴികളില്‍ മുപ്പത് വര്‍ഷങ്ങളോളവും ,സാധാരണക്കാര്‍ പൊതുവെ ഇഷ്ടപ്പെടാത്ത’വയലുകളിലും’ വിദൂരദേശങ്ങളിലും തിരുപാഥേയവുമായി യാത്രചെയ്യാനായിരുന്നു സ്വന്തം ഇഷ്ടം പോലെ തന്നെ അദ്ദേഹത്തിന്റെ നിയോഗവും.

പൗരോഹിത്യവിളിയുടെ നാല്‍പ്പതാം വാര്‍ഷികവേളയിലും ‘കര്‍ത്താവിന് വേണ്ടി ഇനിയും ഓടാന്‍ തയ്യാറാണ്.എവിടെയും,ഏത് അതിര്‍ത്തികളിലും’ എന്ന് അദ്ദേഹം പറയുന്നത് ദൈവാനുഗ്രഹത്തിന്റെ കനിവില്‍ തന്നെയാണ്.

അനുഗ്രഹങ്ങള്‍ നല്‍കുന്നതില്‍ ഒരിക്കലും പരിമിതിയിടാത്ത ദൈവസ്‌നേഹത്തിന്റെ അപൂര്‍വനിമിഷങ്ങള്‍ അനുഭവിച്ചറിഞ്ഞ ധൈര്യത്തില്‍, ഒരിക്കലും വിശ്രമിക്കാന്‍ ഒരു മിഷനറിയ്ക്ക് ആവില്ലെന്നാണ് ആന്റണിയച്ചന്റെ മനോഗതം. ‘ ഈശോയെ അനുഗമിക്കുന്നവര്‍ക്കു മിഷനറി ആവാതിരിക്കാന്‍ ആവില്ല, കാരണം ഈശോ അവരോടൊപ്പം നടക്കുന്നെന്നും, അവരോടു സംഭാഷിക്കുന്നെന്നും, അവരോടൊപ്പം ശ്വസിക്കുന്നെന്നും മിഷനറിമാര്‍ക്ക് അറിയാം. പ്രേഷിത കര്‍മ്മ വീഥിയില്‍ ഈശോ അവര്‍ക്കിടയില്‍ ജീവിക്കുന്നു എന്ന് അവര്‍ അനുഭവിക്കുന്നു’ ഫ്രാന്‍സീസ് പാപ്പയെ കൂട്ട് പിടിച്ച് ആന്റണിയച്ചന്‍ പറയുന്നത് ഇങ്ങനെയാണ്

യേശുവിനായി ഒരു മിഷനറിയാവുക എന്നത് ഒരു ഭ്രമമായി ജീവിതത്തില്‍ ഏറ്റെടുത്താണ് ബേബിച്ചന്‍ മുട്ടാര്‍ വിട്ടത്.അവധിക്കാലങ്ങളില്‍ ഉത്തരേന്ത്യയില്‍ നിന്നും മുട്ടാറിലെ സെന്റ് ജോര്‍ജ് ഇടവകപ്പള്ളിയിലെത്തുന്ന മിഷനറിമാരുടെ ലാളിത്യ സ്വഭാവവും ,ഇടവകയില്‍ സേവനമനുഷ്ടിച്ച വൈദീകരുടെയും,സ്‌കൂളിലെ അധ്യാപകരില്‍ ചിലരുടെയും പ്രോത്സാഹനവും ആ തീരുമാനം ഉറപ്പിക്കാന്‍ പ്രേരകമായി.

അഭിവന്ദ്യ മാര്‍ ആന്റണി പടിയറ പിതാവില്‍ നിന്നും പട്ടമേറ്റ് സെന്റ്. തോമസ് അപ്പസ്‌തോല മിഷനറി സൊസൈറ്റിയുടെ ആദ്യ ബാച്ചില്‍ നിന്നുള്ള ഈ വൈദീകന്‍ കാത്തിരുന്നത് വിഭിന്നങ്ങളായ ദേശങ്ങളിലും സംസ്‌കാരങ്ങളിലും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അദമ്യമായ ആഗ്രഹത്തോടെയായിരുന്നു.സ്വന്തം ജനത്തെ ഉപേക്ഷിച്ച് ഇനിയും ഗുരുവിനെ അറിയാത്തവരുടെ പക്കലേയ്ക്ക് പോകുമ്പോഴാണ് പൂര്‍ണ്ണമായും ഒരു മിഷനറിയുടെ തീക്ഷണത തെളിയിക്കാനാവുന്നത് എന്നറിഞ്ഞ നാളുകളായിരുന്നു പിന്നീട്.

ഉജ്ജയിനിലെ ഗോതമ്പുപാടങ്ങള്‍ക്കിടയില്‍ ചിതറിക്കിടന്ന ദൂരദേശങ്ങളിലെ മിഷന്‍ പ്രവര്‍ത്തനം ചെറുപ്പത്തിന്റെ മുഴുവന്‍ കരുത്തും ആവാഹിച്ചു കൊണ്ടായിരുന്നു. ഗ്രാമവാസികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിരവധി സ്‌കൂളുകളും,ആരാധനാലയങ്ങളും സ്ഥാപിച്ച് അവരില്‍ ഒരാളായി മാറുന്നതിലെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ…ആന്റണിയച്ചന്‍ പറയുന്നു.

വിസ്തൃതമായ മധ്യപ്രദേശ് മേഖലയിലെ അനാഥര്‍ക്കും,വയോധികര്‍ക്കുമായുള്ള പല പ്രൊജക്റ്റുകളും ആന്റണിയച്ചനെ രൂപതാധികൃതര്‍ ഏല്‍പ്പിച്ചത് അദ്ദേഹത്തിലുള്ള ഉത്തമ വിശ്വാസത്തോടെയായിരുന്നു.ദൈവാശ്രയം മാത്രമായിരുന്നു കൈമുതല്‍.

‘ആ ദിവസം ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു….അദ്ദേഹം പറയുന്നു,’അമ്പതോളം കുട്ടികള്‍ ഉള്ള ഒരു അനാഥാലയത്തിന്റെ ചുമതലയിലായിരുന്ന കാലം. വാഹനങ്ങളോ ഫോണോ ഒന്നും സ്വപ്നം കാണാന്‍ പോലും ആവാത്ത നാളുകള്‍…’കലവറയില്‍ ഒരു മണി ഗോതമ്പു പോലും ബാക്കി വെയ്ക്കാതെയാണ് പ്രഭാതഭക്ഷണം കുട്ടികള്‍ക്ക് ഉണ്ടാക്കി കൊടുത്തത്.ഉച്ചയ്ക്കത്തെ ആഹാരം കൊടുക്കണം. പണമൊന്നും കൈയിലില്ല.സഹായിക്കാനാവുന്നവരോടൊക്കെ സഹായം തേടി കഴിഞ്ഞു. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നും കുട്ടികള്‍ വരുമ്പോള്‍ ആഹാരമില്ലെന്ന് പറയുന്നത് ചിന്തിക്കാന്‍ പോലും ആയില്ല’

ദിവ്യകാരുണ്യസന്നിധിയില്‍ മുട്ട് കുത്തി ഞാന്‍ കരഞ്ഞു.എനിക്കതേ അന്ന് ആവുമായിരുന്നുള്ളു.ഉള്ള് തുറന്നു എന്റെ കര്‍ത്താവിനെ ഞാന്‍ വിളിച്ചു….അന്നന്നത്തെ ആഹാരം തരുന്ന പൊന്നു തമ്പുരാന്‍ വിളി കേട്ടു….വിശുദ്ധരുടെയൊക്കെ കഥകളില്‍,പറഞ്ഞു കേള്‍ക്കും പോലെ സംഭവിച്ചു എന്നത് എനിക്കിന്നും ത്രില്ലടിപ്പിക്കുന്ന ഒരു അനുഭവമാണത്.അത്ര പരിചയം പോലുമില്ലാത്ത ഒരു ഗ്രാമീണനാണ് രണ്ടു ക്വിന്റല്‍ ഗോതമ്പുമായി അനാഥാലയത്തിന്റെ മുറ്റത്തേയ്ക്ക് കാളവണ്ടിയില്‍ വന്നെത്തിയത്.’

21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വിട്ട് ഓഷ്യാനയിലെ പാപുവ ന്യൂ ഗിനിയയിലേക്ക് പോകുമ്പോഴും കൂടുതല്‍ ദുരിതങ്ങള്‍ അനുഭവയ്ക്കുന്നവരോട് സുവിശേഷം പങ്കുവെയ്ക്കുവാനാവുന്നതിലെ സന്തോഷമായിരുന്നു മനസില്‍.ഉജ്ജയിനിയെക്കാള്‍ വളരെ വലിയ ഡാറൂ ക്യൂയിങ്ങ രൂപതയുടെ വലിപ്പം ഒരു ലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ ആയിരുന്നു.ആകെയുള്ളത് ഇരുപതോളം വൈദീകര്‍ മാത്രം.

ഒരു മിഷന്‍ സെന്ററില്‍ നിന്നും അടുത്ത കേന്ദ്രത്തില്‍ എത്തണമെങ്കില്‍ മൂന്ന് ദിവസത്തെ നടപ്പുണ്ട്.കാടും മലകളും കയറിയിറങ്ങി വേണം സെന്ററുകളില്‍ എത്തേണ്ടത്.ഭക്ഷണവും,തിരുവസ്ത്രങ്ങളുമൊക്കെ ചുമലിലാക്കി വേണം യാത്ര പുറപ്പെടാന്‍.നടപ്പിനിടയില്‍ അന്തിയുറങ്ങാന്‍ കാട്ടിനുള്ളില്‍ തന്നെ താത്കാലിക ഷെഡുകള്‍ ഉണ്ടാക്കി താമസിക്കും.ഒരു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ആശയോടെ കാത്തിരിക്കുന്ന ഗോത്രവര്‍ഗക്കാരെ കാണുമ്പോള്‍ എല്ലാ ക്ഷീണവും മാറും. അദ്ദേഹം പറയുന്നു.

അവിടെ ഡിസംബര്‍ ഒന്നാം തിയതി ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങും.ഒന്നാം തിയതി തിരുപ്പിറവി ആചരണം തുടങ്ങിയെങ്കിലേ ഡിസംബര്‍ അവസാനമാവുമ്പോഴേയ്ക്ക് എല്ലാ സെന്ററുകളിലും ക്രിസ്മസ് ആഘോഷങ്ങള്‍ പൂര്‍ത്തിയാവുകയുള്ളു എന്നത് തന്നെ കാരണം.

ഭാഷ പഠിച്ചെടുക്കാന്‍ സമയമെടുത്തെങ്കിലും അവരുടെ ഹൃദയം വായിച്ചെടുക്കാന്‍ ഒട്ടും സമയം വേണ്ടിവന്നില്ല…ഗോത്രവര്‍ഗക്കാരായ യുവജനങ്ങള്‍ക്ക് വേണ്ടി അവിടെയും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനായി.11 വര്‍ഷക്കാലത്തിനിടയില്‍ കുടുംബാംഗങ്ങളെ കാണാന്‍ നാട്ടിലെത്താനായത് വെറും മൂന്ന് തവണ…മിക്കവാറും മിഷനറിമാരുടെ കാര്യം ഇങ്ങനെയൊക്കെ തന്നെയാണ്. ഈശോയെ അനുഗമിക്കുന്നതില്‍ നിന്നും തങ്ങളെ അകറ്റുവാന്‍ ആരെയും അനുവദിക്കരുതെന്ന ചിന്തയാവും ഓരോ മിഷനറിക്കും എപ്പോഴുമുള്ളത്’

ഭദ്രാവതിയിലേക്കായിരുന്നു മടക്കയാത്ര.മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടിലെ തക്കലയിലെ തീരദേശങ്ങളില്‍ നിയമിതനായി.അവിടെ ഒരു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അയര്‍ലണ്ടിലേക്ക് നിയോഗിക്കപ്പെട്ടത്.

എന്നെ സംബന്ധിച്ചിടത്തോളം നാല്പത് മിഷനറി ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരെയും മതപരിവര്‍ത്തനം ചെയ്യിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നുറപ്പുണ്ട്.പക്ഷെ ദൈവസ്‌നേഹം എന്താണെന്ന് അവരില്‍ ഒട്ടേറെപേര്‍ മനസിലാക്കുവാനായി ചിലതൊക്കെ ചെയ്യാനായി ദൈവം എന്നെ ഉപയോഗിച്ചു എന്ന അഭിമാനമുണ്ട്.എന്റെ കര്‍ത്താവില്‍ അഭിമാനിച്ചു നന്ദി പറയാന്‍ എനിക്ക് അത് മാത്രം മതി .അദ്ദേഹം പറയുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ല്യനായ ഫാ.ആന്റണി ചീരംവേലിയുടെ പൗരോഹിത്യസ്വീകരണത്തിന്റെ റൂബി ജൂബിലിയോട് അനുബന്ധിച്ച് ഇന്ന്(മേയ് 13,ഞായര്‍)വൈകിട്ട് ഡബ്ലിനിലെ സഭാസമൂഹവും അദ്ദേഹത്തിന് ആശംസകള്‍ നേരാനായി ലൂക്കനില്‍ ഒത്തുചേരുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top