Friday April 27, 2018
Latest Updates

വിദേശ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ നിക്ഷേപ സാധ്യതയൊരുക്കി മോഡി സര്‍ക്കാര്‍,ലാഭം തേടി ഇനി ഇന്ത്യയിലേയ്ക്ക് പോകാം,അനുമതി പോലുമില്ലാതെ സംരംഭങ്ങള്‍ തുടങ്ങാം:എതിര്‍പ്പുകളുമായി പ്രതിപക്ഷം

വിദേശ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ നിക്ഷേപ സാധ്യതയൊരുക്കി മോഡി സര്‍ക്കാര്‍,ലാഭം തേടി ഇനി ഇന്ത്യയിലേയ്ക്ക് പോകാം,അനുമതി പോലുമില്ലാതെ സംരംഭങ്ങള്‍ തുടങ്ങാം:എതിര്‍പ്പുകളുമായി പ്രതിപക്ഷം

ഡബ്ലിന്‍:വിദേശ ഇന്ത്യക്കാര്‍ക്ക് ഭാരതത്തില്‍ കൂടുതല്‍ നിക്ഷേപസാധ്യതകള്‍ ഉറപ്പ് വരുത്തി കൊണ്ടു നരേന്ദ്രമോഡി സര്‍ക്കാര്‍ പുതിയ വിദേശനിക്ഷേപനയം ആവിഷ്‌കരിച്ചു.ഇന്നലെ ന്യൂ ഡല്‍ഹിയില്‍ പ്രഖ്യാപിച്ച നയമനുസരിച്ച് വ്യവസായങ്ങളും തൊഴില്‍സാധ്യതകളും സൃഷ്ടിക്കാനുള്ള അവസരമൊരുക്കാന്‍ രാജ്യത്തിന്റെ വിദേശ നിക്ഷേപ നയം കേന്ദ്ര സര്‍ക്കാര്‍ സമൂലമായി പരിഷ്‌ക്കരിച്ചു. പ്രതിരോധ, വ്യോമയാന,മൃഗസംരക്ഷണ മേഖലകളിലടക്കം നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന പുതിയ നയത്തില്‍ ഔഷധ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപവും അനുവദിക്കുന്നു.NRI1

സര്‍ക്കാരിന്റെ പ്രത്യേക അനുവാദം ആവശ്യമില്ലാതെ 100 ശതമാനം നിക്ഷേപം ചില മേഖലകളില്‍ എന്‍ആര്‍ഐ കള്‍ക്ക് നടത്താമെന്നതാണ് പ്രവാസി ഇന്ത്യക്കാരെ സന്തോഷഭരിതരാക്കുന്നത്.

നിക്ഷേപം നടത്താന്‍ റിസര്‍വ്വ് ബാങ്കിന്റെ അനുമതി വേണമെന്ന ചട്ടവും എടുത്തു കളഞ്ഞു. പകരം 30 ദിവസത്തിനകം അക്കാര്യം റിസര്‍വ്വ് ബാങ്കിനെ അറിയിച്ചാല്‍ മതിയാവും. ഇതോടെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യയില്‍ തടസ്സമില്ലാതെ നേരിട്ട് ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാകും. ഭൂരിഭാഗം മേഖലകളെയും സര്‍ക്കാര്‍ യാന്ത്രികമായ അനുമതി ലഭിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നെഗേറ്റെവ് പട്ടികയില്‍ കുറച്ചു മേഖലകള്‍ മാത്രമാണുള്ളത്. രാജ്യത്തുള്ള മരുന്നു കമ്പനികളില്‍ 74 ശതമാനം നിക്ഷേപം നടത്താന്‍ നേരത്തേതന്നെ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഷെഡ്യൂള്‍ഡ് എയര്‍ലൈന്‍സില്‍ 49 ശതമാനം വിദേശനിക്ഷേപവും അനുവദിച്ചിരുന്നു. അതാണ് 100 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുന്നത്. വിദേശനിക്ഷേപം 100 ശതമാനം വരെ അനുവദിക്കുമെങ്കിലും വിദേശ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് ഷെഡ്യൂള്‍ എയര്‍ലൈന്‍സുകളില്‍ 49 ശതമാനം വരെ നിക്ഷേപം നടത്താന്‍ സാധിക്കുകയുള്ളു എന്ന വ്യവസ്ഥ നിലനില്‍ക്കും.
പ്രതിരോധമേഖല വിദേശീയര്‍ക്ക് തീറെഴുതുമെന്നു ആക്ഷേപം
പ്രതിരോധമേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചു. ഓട്ടോമാറ്റിക്ക് രീതിയിലൂടെ (സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ) വരുന്ന വിദേശ നിക്ഷേപത്തിന്റെ പരിധി നിലവില്‍ 49 ശതമാനമാണ്. ബാക്കിയുള്ളവയ്ക്ക് സര്‍ക്കാര്‍ അനുമതി വേണമെന്നുമാത്രം. 1959 ലെ ആംസ് ആക്ടില്‍ നിഷ്ര്ഷിക്കുന്ന ആയുധ നിര്‍മ്മാണങ്ങള്‍ക്ക് ഉള്‍പ്പെടെ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. വെടിക്കോപ്പുകള്‍, ചെറുകിട ആയുധങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിദേശ നിക്ഷേപം അനുവദിക്കും. ഇതോടെ നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതില്‍ ആഗോള യുദ്ധക്കമ്പനികള്‍ക്ക് നിര്‍ണായക പങ്കു ലഭിക്കും.

എന്നാല്‍ നിലവില്‍ ഭാരതത്തിന്റെ കൈവശമുള്ള പ്രതിരോധ സാമഗ്രികളില്‍ 75 ശതമാനം റഷ്യയില്‍ നിന്നും 10 ശതമാനം അമേരിക്കയില്‍ നിന്നും വാങ്ങിയതായതിനാല്‍ പ്രതിരോധ ഉപകരണങ്ങളിലെ രഹസ്യ സ്വഭാവമില്ല,അതിനാല്‍ത്തന്നെ സാങ്കേതികവിദ്യകളുടെ കൈമാറ്റം അടിസ്ഥാനമാക്കിയുള്ള വിദേശ നിക്ഷേപം ഭാരതത്തിന് നേട്ടമാകുമെന്നാണ് മോഡിയുടെ വാദം.
ഭക്ഷ്യസംസ്‌കരണം
ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യയില്‍ നിര്‍മിച്ചു വില്‍ക്കുന്നതിന് 100 ശതമാനം വിദേശനിക്ഷേപം ഓട്ടോമാറ്റിക് ആയി അനുവദിക്കും.പഴം പച്ചകറി,മാംസോത്പന്നങ്ങള്‍ എന്നിവയൊക്കെ ഇതില്‍ പെടുമെന്നതിനാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൂടി ഇന്ത്യയിലേയ്ക്ക് കൈമാറ്റപ്പെടും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഔഷധമേഖല
ഫാര്‍മസി മേഖലയില്‍ സര്‍ക്കാര്‍ അനുമതിയോടെ നിലവില്‍ 100 ശതമാനം എഫ്ഡിഐ അനുവദിച്ചിരുന്നു. ഇത് ഓട്ടോമാറ്റിക് രീതിയിലാക്കിയതോടെ, സര്‍ക്കാര്‍ നിയന്ത്രണമില്ലാത്ത നിക്ഷേപ പരിധി 74 ശതമാനമായി. ഇതിനു മുകളില്‍ വരുന്നവയ്ക്ക് മാത്രം സര്‍ക്കാരിന്റെ അനുമതി മതി.
സ്വകാര്യ വ്യോമയാന പദ്ധതികള്‍ വരും
വ്യോമയാന മേഖലയില്‍ വിമാനത്താവള പദ്ധതികളില്‍ 100 ശതമാനം എഫ്ഡിഐ ഏര്‍പ്പെടുത്തി.വ്യോമഗതാഗതം, യാത്രാവിമാനങ്ങള്‍, പ്രാദേശിക വ്യോമഗതാഗത സേവനങ്ങള്‍ എന്നിവയ്ക്ക് 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു.
കൊമേഴ്‌സ് / ബ്രോഡ്ബാന്‍ഡ് മേഖല
ബ്രോഡ്കാസ്റ്റിങ് മേഖലയില്‍ ടെലിപോര്‍ട്ടുകള്‍, ഡി ടി എച്ച്, കേബിള്‍ നെറ്റ്‌വര്‍ക്ക്, മൊബെയില്‍ ടിവി, ഹെഡ്എന്‍ഡ്–ഇന്‍–ദി സ്‌കൈ ബ്രോഡ്കാസ്റ്റിങ് സര്‍വീസ് (എച്ച് ഐ ടി എസ്) തുടങ്ങിയവയക്ക് ഓട്ടോമാറ്റിക് രീതിയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു.
റീട്ടെയില്‍
സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയിലിനു മൂന്നുവര്‍ഷത്തേക്ക് 30 ശതമാനം തദ്ദേശീയ ഉത്പന്നം വേണം എന്ന വ്യവസ്ഥയില്‍ ഒഴിവു നല്‍കും. ആപ്പിളിന് ആപ്പിള്‍ സ്റ്റോര്‍ തുടങ്ങി ഐഫോണ്‍ വില്പന വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും.
കൃഷി മേഖല
2016 ലെ വിദേശ നിക്ഷേപ നയപ്രകാരം മൃഗസംരക്ഷണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം നായ വളര്‍ത്തല്‍, മീന്‍വളര്‍ത്തല്‍, അക്വാകള്‍ച്ചര്‍, തേനീച്ച വളര്‍ത്തല്‍ എിവയ്ക്ക് നിയന്ത്രിത വ്യവസ്ഥകള്‍ക്ക് വിധേയമായി 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. പുതിയ നയപ്രകാരം ഈ മേഖലയിലെ വിദേശ നിക്ഷേപത്തിന്‍ നിയന്ത്രിത വ്യവസ്ഥകള്‍ എടുത്തുകളഞ്ഞു

പ്രതിരോധം, വാര്‍ത്താ വിനിമയം, സ്വകാര്യ സെക്യൂരിറ്റി, വാര്‍ത്താ വിതരണം എന്നിവയില്‍ ഏതിലെങ്കിലുമാണ് പ്രധാന ബിസിനസ്സ് നിക്ഷേപകനെങ്കില്‍ രാജ്യത്ത് എവിടെയെങ്കിലും ശാഖയോ ലെയ്‌സണ്‍ ഓഫീസോ പ്രോജക്ട് ഓഫീസോ തുടങ്ങാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അനുമതിയും എഫ്‌ഐപിബി ലൈസന്‍സും മതിയാകും.

റിസര്‍വ് ബാങ്കിന്റെ അനുമതിയും സെക്യൂരിറ്റി ക്ലിയറന്‍സും ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പ്രതിരോധം, നിര്‍മ്മാണമേഖല, ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ മേഖല, പ്രക്ഷേപണ രംഗം, തേയില, കാപ്പി, റബര്‍, ഏലം, പാമോയില്‍, ഒലിവ് എണ്ണപ്പന കൃഷി, ഒറ്റ ബ്രാന്റ് റീെട്ടയില്‍ വ്യാപാരം, മാനുഫാച്ചറിംഗ് മേഖല, പരിമിത ബാദ്ധ്യതകളുള്ള കൂട്ടുകച്ചവടം, ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍, ആസ്തി പുനര്‍ നിര്‍മ്മാണ കമ്പനികള്‍ തുടങ്ങി നിരവധി മേഖലകളിലെ വിദേശ നിക്ഷപത്തിന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന നയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നിരുന്നു.

ഇതിന്റെ ഫലമായി 201516 സാമ്പത്തിക വര്‍ഷത്തില്‍ 55.46 ബില്ല്യന്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമുണ്ടായി. 201314 സാമ്പത്തിക വര്‍ഷത്തില്‍ 36.04 ബില്ല്യന്‍ ഡോളര്‍ മാത്രമായിരുന്നു വിദേശ നിക്ഷേപം.ഒരു ധനകാര്യ വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ വിദേശ നിക്ഷേപമാണ് 201516 ല്‍ ഉണ്ടായത് എന്നതിന്റെ വെളിച്ചത്തിലാണ് പുതിയ ഉദാരവത്കരണം എന്നാണ് സര്‍ക്കാര്‍ നയം സൂചിപ്പിക്കുന്നത്..

എന്നാല്‍ വിദേശ നിക്ഷേപ നയം കൂടുതല്‍ ഉദാരവല്‍ക്കരിക്കുകയും ലളിതമാക്കുകയും ചെയ്താല്‍ കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിന് കെല്‍പ്പ് ഉണ്ടെന്ന് മനസിലായി. ലോകത്തെ ഒന്നാംകിട വിദേശ നിക്ഷേപ ലക്ഷ്യ സ്ഥാനമായി നിരവധി അന്താരാഷ്ട്ര ഏജന്‍സികള്‍ ഭാരതത്തെ വിലയിരുത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് വിദേശ നിക്ഷേപ നയത്തില്‍ നിരവധി ഭേദഗതി കൊണ്ട് വരാന്‍ കേന്ദ്രം തീരുമാനിച്ചതത്രേ.

Scroll To Top