Tuesday December 06, 2016
Latest Updates

വിദേശഭാഷകള്‍ അയര്‍ലണ്ടിലെ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കും,ഇന്ത്യന്‍ ഭാഷകള്‍ ഒന്നും പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെടില്ലെന്നു സൂചനകള്‍

വിദേശഭാഷകള്‍ അയര്‍ലണ്ടിലെ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കും,ഇന്ത്യന്‍ ഭാഷകള്‍ ഒന്നും പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെടില്ലെന്നു സൂചനകള്‍

ഡബ്ലിന്‍:പോളിഷടക്കം അയര്‍ലണ്ടില്‍ വിവിധ വിദേശ ഭാഷകള്‍ പഠിപ്പിക്കാനുള്ള പദ്ധതി വിദ്യാഭ്യാസവകുപ്പ് പുതുവര്‍ഷത്തോടെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്.അയര്‍ലണ്ടിലെ നൂറുകണക്കിന് കുടിയേറ്റക്കാര്‍ക്ക് അവരവരുടെ മാതൃഭാഷ പഠിക്കാനുള്ള അവകാശവും അര്‍ഹതയും ഐറിഷ് സര്‍ക്കാര്‍ മാനിക്കുന്നുണ്ടെന്ന് വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

അയര്‍ലണ്ടില്‍ പോളിഷ് അടക്കമുള്ള വിദേശഭാഷകള്‍ അടുത്തവര്‍ഷം മുതല്‍ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഐറിഷ് വിദേശകാര്യമന്ത്രി ചാള്‍സ് ഫ്‌ളാനഗനും മാധ്യമങ്ങളോട് പറഞ്ഞു.ഇത് സംബന്ധിച്ച ധാരണാപത്രം രൂപപ്പെട്ടുവരികയാണ്.ഏതൊക്കെ ഭാഷകളാണ് പഠിപ്പിക്കുന്നതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ജനുവരിയോടെ പ്രഖ്യാപിക്കുമെന്നും,അടുത്ത വര്‍ഷം മുതല്‍ ക്‌ളാസുകള്‍ ആരംഭിക്കാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് മാതൃഭാഷാപഠനത്തിന് സഹായിക്കുന്ന പദ്ധതികള്‍ ഒരുക്കാന്‍ ജനങ്ങളില്‍ നിന്നും 2012ല്‍ അപേക്ഷ ക്ഷണിച്ചിരുന്നു.ഇത് സംബന്ധിച്ച ഡ്രാഫ്റ്റ് റിപ്പോര്‍ട്ട് തയാറായി കഴിഞ്ഞിട്ടുണ്ട്.ഫിലിപ്പിനോ ഭാഷയും,കൊറിയന്‍ ഭാഷയും വരെ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയും ഇപ്പോള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് സൂചന.ഇതിനായി ഇന്ത്യന്‍ കുടിയേറ്റക്കാരോ,സര്‍ക്കാര്‍ പ്രതിനിധികളോ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടില്ലാത്തതാണ് ഇതിന് കാരണം.എന്നാല്‍ സംസ്‌കൃതം പഠിപ്പിക്കാനുള്ള പദ്ധതി ചില ഐറിഷ് സ്‌കൂളുകള്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ പോളിഷ് ഭാഷയും പാഠ്യവിഷയമാക്കണമെന്ന് പോളിഷ് വിദേശകാര്യമന്ത്രി വിറ്റോള്‍ഡ് വാസിക്കോവ്സ്‌കി ഡബ്ലിനില്‍ എത്തി ആവശ്യപ്പെട്ടിരുന്നു.ഐറിഷ് വിദേശകാര്യമന്ത്രി ചാര്‍ലി ഫ്ളനാഗനുമായും, വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബ്രട്ടനുമായും ഡബ്ലിനില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി.അയര്‍ലണ്ടില്‍ ജീവിക്കുന്ന പോളിഷുകാര്‍ക്കായി ഇവിടെ പോളിഷ് സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും വാസിക്കോവ്സ്‌കി കൂട്ടിച്ചേര്‍ത്തു.

അയര്‍ലണ്ടില്‍ 150,000ഓളം പോളിഷുകാര്‍ കഴിയുന്നുണ്ടെന്നു പറഞ്ഞ  മന്ത്രി ഫ്ളാനാഗന്‍ , 700 പേര്‍ കഴിഞ്ഞ വര്‍ഷത്തെ ലീവിങ് സര്‍ട്ടിഫിക്കറ്റില്‍ പോളിഷ് ഭാഷ എടുത്തിരുന്നു എന്നും വ്യക്തമാക്കി.

Scroll To Top