Sunday December 11, 2016
Latest Updates

എന്‍ഡ കെന്നി രാജി വച്ചാല്‍ പകരം ആര്? ചര്‍ച്ചകള്‍ സജീവം, വരേദ്കറിന് പ്രഥമ പരിഗണന 

എന്‍ഡ കെന്നി രാജി വച്ചാല്‍ പകരം ആര്? ചര്‍ച്ചകള്‍ സജീവം, വരേദ്കറിന് പ്രഥമ പരിഗണന 

ഡബ്ലിന്‍: പ്രധാനമന്ത്രി എന്‍ഡ കെന്നി രാജി വച്ചാല്‍ പകരം ആരെന്ന ചര്‍ച്ചകള്‍ സജീവമായി. പ്രധാനമന്ത്രിക്കെതിരെ സിന്‍ ഫിന്‍ അവിശ്വാസ പ്രമേയം കൊണ്ടുവരികയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രധാനമന്ത്രിക്കെതിരെ പടയൊരുക്കം തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. എന്‍ഡ കെന്നി സ്ഥാനമൊഴിഞ്ഞാല്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ യോഗ്യരായ അഞ്ചു പേരുടെ പേരുകള്‍ ഫിനഗേല്‍ മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ മുന്‍ സ്ട്രാറ്റജിസ്റ്റുമായ ഫ്രാങ്ക് ഫ്‌ലാനറി നിര്‍ദേശിച്ചു. 

ഒരു ഐറിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ യോഗ്യരായ നേതാക്കളുടെ പേര് നിര്‍ദ്ദേശിച്ചത്. ഇന്ത്യന്‍ വംശജനായ നിലവിലെ ആരോഗ്യമന്ത്രി ലിയോ വരേദ്കറിനാണ് പട്ടികയില്‍ പ്രഥമ പരിഗണന. മന്ത്രി സൈമണ്‍ കൊവ്‌നെ, ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്, ചാര്‍ളി ഫ്‌ലനാഗന്‍, റിച്ചാര്‍ഡ് ബര്‍ട്ടന്‍, ഫിനഗേല്‍ എംഇപി ബ്രിയാന്‍ ഹേയ്‌സ് എന്നിവരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് കടന്നുവരാന്‍ ഫ്‌ലാനറി സാധ്യത കല്‍പ്പിക്കുന്ന മറ്റ് നേതാക്കള്‍. 

പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ യോഗ്യരായ നേതാകളുടെ പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും കെന്നിയുടെ സ്ഥാനത്തിനു ഇപ്പോള്‍ ഭീഷണിയില്ലെന്ന് ഫ്‌ലാനറി പറഞ്ഞു. ഈ വര്‍ഷം സര്‍ക്കാരിനെ സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായി.എന്നാല്‍ അവ പരിഹരിക്കാനാകുന്ന പ്രശ്‌നങ്ങളാണ്.തന്റെ സ്ഥാനത്ത് വിജയിച്ച നേതാവാണ് എന്‍ഡ കെന്നിയെന്നും ഫ്‌ലാനറി പറഞ്ഞു. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ പുതിയ നേതൃത്വം വരുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. 

Scroll To Top