Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ ആദ്യത്തെ ലെസ്ബിയന്‍ മന്ത്രിയ്ക്ക് ശിശുക്ഷേമ വകുപ്പിന്റെ ചുമതല !

അയര്‍ലണ്ടിലെ ആദ്യത്തെ ലെസ്ബിയന്‍ മന്ത്രിയ്ക്ക് ശിശുക്ഷേമ വകുപ്പിന്റെ ചുമതല !

ഡബ്ലിന്‍: അയര്‍ലണ്ടിന് ചരിത്രത്തിലാദ്യമായി ലെസ്ബിയന്‍ മന്ത്രി. യു.എസ് പൗരയായ കാതറിന്‍ സപ്പോനെയെയാണ് പ്രധാനമന്ത്രി എന്‍ഡ കെന്നി തന്റെ മന്ത്രിസഭയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ശിശുക്ഷേമ വകുപ്പാകും സപ്പോനെ കൈകാര്യം ചെയ്യുക.

അയര്‍ലണ്ടിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഈമണ്‍ ഡെ വെലേറയ്ക്കു ശേഷം ആദ്യമായാണ് യു.എസ് പൗരത്വം ഉള്ള ഒരാള്‍ ദേശീയ നേതാവാകുന്നതും മന്ത്രിസഭയില്‍ അംഗമാകുന്നതും. പോയ വര്‍ഷം ഒരേ ലിംഗത്തില്‍ പെട്ടവര്‍ക്ക് വിവാഹിതരാകാനുള്ള ക്യംപെയ്‌നില്‍ നിറഞ്ഞു നിന്ന 62കാരിയായ സപ്പോനെ, താന്‍ ലെസ്ബിയന്‍ ആണെന്നു തുറന്നു പറഞ്ഞ വ്യക്തിയുമാണ്.

യു.എസിലെ വാഷിങ്ടണ്‍ സംസ്ഥാനത്ത് ജനിച്ച കാതറിന്‍ സപ്പോനെ, ബോസ്റ്റണ്‍ കോളജ്, ദി കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്ക, യൂണിവേഴ്‌സിറ്റ് കോളജ് ഡബ്ലിന്‍ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. 1981ല്‍ ബോസ്റ്റണ്‍ കോളജില്‍ വച്ചാണ് തന്റെ പങ്കാളിയായ ആന്‍ ലൂയിസ് ഗില്ലിഗനുമായി സപ്പോനെ കണ്ടുമുട്ടുന്നത്. 28 വര്‍ഷത്തിനു മുമ്പ് ഇവര്‍ അയര്‍ലണ്ടിലേയ്ക്ക് കുടിയേറി.

സപ്പോനെയും ഗില്ലിഗനും തമ്മില്‍ കാനഡയില്‍ നടന്ന വിവാഹം അയര്‍ലണ്ടിലെ നിയമപ്രകാരം അംഗീകരിക്കാനാകില്ലെന്ന് 2006ല്‍ ഐറിഷ് കോടതി നിലപാടെടുത്തിരുന്നു. ഇതിനെതിരെ ഇവര്‍ നടത്തിയ പോരാട്ടമാണ് 2015ല്‍ ഒരേ ലിംഗത്തില്‍ പെട്ടവര്‍ക്ക് വിവാഹം കഴിക്കാം എന്ന് അയര്‍ലണ്ടില്‍ നിയമം കൊണ്ടുവരാനുണ്ടായ ആദ്യ കാരണങ്ങളില്‍ ഒന്ന്.

2011ല്‍ എന്‍ഡ കെന്നി, സപ്പോനെയെ സെനറ്റിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തതോടെയാണ് അവരുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. പിന്നീട് 2016 ഫെബ്രുവരി 26ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ടാല ഉള്‍പ്പെടുന്ന ഡബ്ലിന്‍ സൗത്ത്‌വെസ്റ്റ് ടി.ഡിയായി സപ്പോനെ തെരഞ്ഞെടുക്കപ്പെട്ടു.

2015 മെയ് 23ന് ലെസ്ബിയന്‍ വിവാഹം അയര്‍ലണ്ട് അംഗീകരിച്ചതോടെ സപ്പോനെയും ഗില്ലിഗനും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. 2016 ജനുവരിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ അന്നത്തെ ഉപപ്രധാനമന്ത്രി ജൊവാന്‍ ബര്‍ട്ടനും, പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സും ഭാര്യ സബീനയും പങ്കെടുത്തിരുന്നു.

മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതോടെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് സപ്പോനെയുടെ കൈകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. യുവാക്കളുടെ ക്ഷേമവും ഈ വകുപ്പിനു കീഴില്‍ വരുന്നതാണ്. കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, യുവാക്കള്‍ക്ക് നീതി ലഭ്യമാക്കല്‍ തുടങ്ങിയവയിലെല്ലാം നല്ല മാറ്റങ്ങള്‍ കൊണ്ടുവരാനാകും ഇനി സപ്പോനെ ശ്രമിക്കുക.എന്നാല്‍ സപ്പോനെയുടെ നീക്കങ്ങളെ കരുതലോടെ വീക്ഷിക്കാനാണ് സ്വവര്‍ഗ രതിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ മുന്നൊരുക്കം.

Scroll To Top