Friday December 02, 2016
Latest Updates

ഇന്ത്യാക്കാരന്‍ എഴുതിയ ആദ്യ ഇംഗ്ലീഷ് പുസ്തകം അച്ചടിച്ചത് അയര്‍ലണ്ടില്‍ !

ഇന്ത്യാക്കാരന്‍ എഴുതിയ ആദ്യ ഇംഗ്ലീഷ് പുസ്തകം അച്ചടിച്ചത് അയര്‍ലണ്ടില്‍ !

ഒരു ഇന്ത്യക്കാരന്‍ എഴുതിയ ആദ്യത്തെ ഇംഗ്ലീഷ് പുസ്തകം ഏതാണെന്നറിയമോ? ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന് ഡീന്‍ മഹോമെതെഴുതിയ ട്രാവല്‍സ്. 1793-94 കാലഘട്ടത്തില്‍ അയര്‍ലണ്ടിലെ കോര്‍ക്കില്‍
നിന്നാണ് പുസ്തകം അച്ചടിച്ചത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യ കീഴടക്കുന്നതിന്റെ ഭാഗമായി ഗംഗാ തീരത്തു കൂടി നടത്തിയ നടത്തിയ യാത്രയില്‍ പാറ്റ്‌നക്കാരനായ മഹോമെതും അംഗമായിരുന്നു. ഈ യാത്രയിലെ 1776 മുതല്‍ 1784 വരെയുള്ള സംഭവങ്ങളാണ് മഹോമെത് തന്റെ പുസ്തകത്തില്‍ പ്രതിപാതിച്ചിരിക്കുന്നത്.

ചരിത്രകാരനായ മൈക്കല്‍ ഫിഷറായിരുന്നു ദി ട്രാവലിന്റെ ആദ്യമായി അച്ചടിച്ച ലക്കത്തിന് മുഖവുര എഴുതിയിരുന്നത്. ഇന്നു വായിക്കുമ്പോള്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു ഇന്ത്യന്‍ തൊഴിലാളിയുടെ വീക്ഷണങ്ങള്‍ അതിന്റെ എല്ല ദ്വന്ദ വ്യക്തിത്വസാധ്യതകളോടും കൂടി തന്നെ പുസ്തകത്തില്‍ ദൃശ്യമാണ്.

അന്ന് ഏറെ പ്രചാരമുണ്ടായിരുന്ന കത്തിടപാടുകളുടെ രൂപത്തിലാണ് മഹോമെത് പുസ്തകം രചിച്ചിരിക്കുന്നത്. തന്റെ ഭാവനയിലുള്ള ഒരു ബ്രിട്ടീഷുകാരന്‍ സുഹൃത്തിന് ഇന്ത്യയെ പറ്റി വിവരിച്ചു കൊടുക്കുന്ന തരത്തിലാണ് മഹോമെത് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സൂക്ഷ്മ വിവരണമാണ് എഴുത്തിന്റെ സവിശേഷത. അക്കാലത്തെ മുസ്ലിം വിവാഹ ചടങ്ങുകള്‍ മുതല്‍ കരിമ്പില്‍ നിന്നും പഞ്ചസാരയുണ്ടാക്കുന്നതെങ്ങിനെയെന്നുപോലും മഹോമെത് സൂക്ഷ്മമായി തന്നെവിവരിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ എഴുത്തുകാരന്‍ തന്റെ പ്രേക്ഷകരായി കണ്ടിരുന്നത് ബ്രിട്ടീഷുകാരെയായിരുന്നെങ്കില്‍ പോലും ഇന്നു വായിക്കുന്ന ഇന്ത്യക്കാര്‍ക്കും പുസ്തകം ഒരു നവ്യാനുഭവമായി തന്നെ നിലനില്‍ക്കുന്നു.

മഹോമെതിന്റെ പതിമൂന്നം വയസിലെ ഓര്‍മകള്‍ മുതലാണ് പുസ്തകം തുടങ്ങുന്നത്. പട്ടാളക്കാരനായ അച്ഛന്‍ മരിച്ചതിനു ശേഷം പാറ്റ്‌നയില്‍ താമസമാക്കിയ മഹോമെത് രാജകൊട്ടാരത്തിലെ പട്ടാളക്കാരുടെ ജീവിത രീതികളില്‍ ആകൃഷ്ടനാവുകയും അമ്മയുടെ
എതിര്‍പ്പ് വക വയ്ക്കാതെ പട്ടാളത്തില്‍ ചേരുകയും ചെയ്യുന്നു. ക്യാപ്റ്റന്‍ ബേക്കറിന്റെ കീഴിലായിരുന്നു നിയമനം.

തുടര്‍ന്നുള്ള മൊഹമെതിന്റെ സംഭവബഹുലമായ യാത്രകളാണ് വായനയെ ആവേശഭരിതമാക്കുന്നത്. ഇന്ത്യയില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുനതിനായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബനാറസ്, കല്‍ക്കത്ത, ലക്‌നൗ, അയോധ്യ തുടങ്ങിയ നഗരങ്ങളിലെല്ലാം നടത്തിയ യുദ്ധങ്ങളും അവിടെയുണ്ടായിരുന്ന നാട്ടുരാജാക്കന്മാരുടേയും മറ്റും ചെറുത്തു നില്‍പ്പുകളും വിശദമായി തന്നെ എഴുത്തുകാരന്‍ വിവരിക്കുന്നു. യുദ്ധങ്ങള്‍ക്ക് പുറമെ, ഈ സ്ഥലങ്ങളുടെയെല്ലാം സംസ്‌കാരം, നിര്‍മ്മിതികള്‍, ചരിത്രം മുതലായവ പോലും സൂക്ഷ്മമായി തന്നെ മഹോമെത് വിശദീകരിക്കുന്നുണ്ട്. 1784ല്‍ ഗ്രന്ഥകാരന്‍ അയര്‍ലണ്ടിലേക്ക് കുടിയേറുന്നതു
വരെയുള്ള കാര്യങ്ങള്‍ ഇത്തരത്തില്‍ പുസ്തകത്തില്‍ വിശദീകരിക്കപ്പെടുന്നു.(നാളെ വായിക്കുക :ഡീന്‍ മഹോമെതിന്റെ അയര്‍ലണ്ട് വിശേഷങ്ങള്‍) 
റെജി സി ജേക്കബ് 

Scroll To Top