Wednesday March 21, 2018
Latest Updates

പറവൂര്‍ വെടിക്കെട്ടപകടത്തിന്റെ നീറുന്ന ഞെട്ടലില്‍ അയര്‍ലണ്ടിലെ സുമിന്‍ സൈഗാള്‍

പറവൂര്‍ വെടിക്കെട്ടപകടത്തിന്റെ നീറുന്ന ഞെട്ടലില്‍ അയര്‍ലണ്ടിലെ സുമിന്‍ സൈഗാള്‍

ന്നലെ പുലര്‍ച്ചേ തന്നെ കൌണ്ടി ഓഫലിയിലെ ഷിന്റോണില്‍ നിന്നും സുമിന്‍ സൈഗാളിന്റെ ഫോണ്‍ കോള്‍ എനിക്ക് വന്നിരുന്നെങ്കിലും അത് അപ്പോള്‍ അതെനിക്ക് എടുക്കാനായില്ല.സുമിന്റെ ഫോണ്‍ ഞാന്‍ ഒരിക്കലും എടുക്കാതിരിക്കില്ല.കാരണം സുമിന്റെ പേര് എന്റെ ഫോണില്‍ ഞാന്‍ സേവ് ചെയ്തിരിക്കുന്നത് ‘സുമിന്‍ ദി മോസ്റ്റ് റിമോട്ട് മലയാളി മാന്‍ ഓണ്‍ അയര്‍ലണ്ട് എന്നാണ്. അത് സൂചിപ്പിക്കും പോലെ അയര്‍ലണ്ടിലെ ഏറ്റവും ഉള്‍പ്രദേശങ്ങളിലൊന്നിലാണ് സുമിനും ഭാര്യ രേഖയും താമസിക്കുന്നത്.റോസ് ക്രിയയില്‍ നിന്നും കിലോ മീറ്ററുകള്‍ യാത്ര ചെയ്താലേ അവിടെ എത്താനാവുകയുള്ളൂ.തനി ഗ്രാമം എന്ന് പറഞ്ഞാല്‍ പോര.വനപ്രദേശം എന്ന് തന്നെ പറയണം.മൂന്നു മലയാളികള്‍ ഇവിടുത്തെ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്.ബാക്കിയുള്ളവര്‍ കുറച്ചു കൂടി സൌകര്യമുള്ള സ്ഥലത്താണ് മാറി താമസിക്കുന്നതെങ്കിലും സുമിനും രേഖയും പ്രശാന്തമായ ഈ പച്ചപ്പില്‍ തന്നെയാണ് താമസം.മലയാളികള്‍ അവിടെ സന്ദര്‍ശകരായി എത്തുന്നത് തന്നെ അപൂര്‍വ്വം.അയര്‍ലണ്ടില്‍ അപൂര്‍വമായ വനമേഖലകള്‍ കാണാന്‍ ഇടയ്ക്കിടെ സുമിന്‍ വിളിയ്ക്കാറുണ്ടെങ്കിലും എനിയ്ക്ക് അവിടെ പോകാന്‍ ഇതേ വരെ സമയം കിട്ടിയതുമില്ല.

അത്തരം ഒരു ക്ഷണമാണ് ഇത്തവണയും എന്ന് വിചാരിച്ച് പത്തു മണിയോടെ ഞാന്‍ തിരികെ വിളിച്ചു.ഫോണ്‍ എടുത്ത സുമിന്‍ കുറച്ചു സമയത്തേയ്ക്ക് ശബ്ദിച്ചില്ല.മറുവശത്ത് നിന്നും സുമിന്റെ സ്വരം കേട്ടപ്പോള്‍ തന്നെ എനിക്ക് തോന്നി.എന്തോ പന്തികേടുണ്ട്.പതിവ് സന്തോഷം ആ സ്വരത്തില്‍ ഇല്ല.പകരം ഒരു നേര്‍ത്ത വിലാപം എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു ആ മുപ്പതുകാരന്റെ സ്വരത്തില്‍.’
ചേട്ടാ …എന്റെ വീടിന് തൊട്ടടുത്താണ് ഇന്ന് അപകടം നടന്നത്.എന്റെ വീടിന്റെ തൊട്ടടുത്തുള്ള ഓരോ വീട്ടിലും ആരെങ്കിലും മരിച്ചുപോയി.’എല്ലാവരും എനിക്ക് വേണ്ടപ്പെട്ടവര്‍…

എനിക്കൊന്നും മിണ്ടാന്‍ കഴിഞ്ഞില്ല. പറവൂരിലെ ദുരന്തകാഴ്ചകളുടെ വാര്‍ത്തകള്‍ സ്‌ക്രീനില്‍ നിറഞ്ഞു നില്ക്കുന്നത് രാവിലെ മുതല്‍ എല്ലാവരെയും പോലെ എന്നെയും അസ്വസ്ഥനാക്കിയിരുന്നു.

സുമിന്റെ ദുഃഖം ഞാനറിഞ്ഞു.പക്ഷെ എന്ത് പറയണം ?എങ്ങനെ ആശ്വസിപ്പിക്കണം?അയര്‍ലണ്ടിലെ അപൂര്‍വമായ ഒരു വിജനപ്രദേശത്ത് ആരോടും ദുഃഖം പങ്കു വെക്കാനാവാതെ ഒരു കൊച്ചുകുട്ടിയെ പോലെ കേഴുകയാണ് സുമിന്‍.ഓരോ അയല്ക്കാരുടെയും സ്‌നേഹവും വാത്സല്യവും അറിഞ്ഞുവളര്‍ന്നയാളാണ് സുമിന്‍.അത് കൊണ്ട് തന്നെ അവരുടെ നഷ്ടം സുമിനും താങ്ങാനാവുന്നില്ല.

ഞാന്‍ ചോദിക്കാനായി പല തവണ മടിച്ച ചോദ്യം അവസാനം ചോദിച്ചു.’സാരമില്ല സുമിനെ… നമുക്ക് ആശ്വസിക്കാന്‍ കുറച്ചെങ്കിലും വഴിയുണ്ടല്ലോ?നമ്മുടെ വീട്ടില്‍ ആര്‍ക്കും ഒന്നും പറ്റിയില്ലല്ലോ ?

‘ചേട്ടാ…ഞങ്ങള്‍ക്ക് അത്തരം വ്യത്യാസമൊന്നും ഇല്ല.ഞങ്ങള്‍ ഒരമ്മ പെറ്റ മക്കളെപോലെയാ അവിടെ വളര്‍ന്നത്.എന്റെ വീടിന്റെ തൊട്ടടുത്തുള്ള മുസ്ലീം സുഹൃത്ത് ശനിയാഴ്ച്ച ഗള്‍ഫില്‍ നിന്നും വന്നത് ഉത്സവം കൂടാന്‍ മാത്രമാണ്.അവിടെ മതവും ജാതിയും ഞങ്ങള്‍ക്കില്ല.എന്ത് പറയാനാണ്?അവനും പിഞ്ചുകുട്ടിയായ അവന്റെ കുഞ്ഞും ഇന്നലെ ഛിന്നഭിന്നമായി പോയി.’

‘ഞങ്ങള്‍ അങ്ങനെയാണ്.ലോകത്തെവിടെയായാലും പരവൂര്‍ക്കാര്‍ക്ക് പുറ്റിങ്ങള്‍ ഉത്സവവും കമ്പകെട്ടും കഴിഞ്ഞേ എന്തുമുള്ളൂ.കഴിഞ്ഞ കൊല്ലം വരെ എല്ലാ വര്‍ഷവും ഞാനും അവിടെ ഉണ്ടായിരുന്നു ഉത്സവത്തിന്’….സുമിന്‍ പറഞ്ഞു.

ഇന്നലെ വെടിക്കെട്ടപകടം നടന്ന പറവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നിന്നും വെറും ഇരുനൂര്‍ മീറ്റര്‍ ദൂരത്തിലാണ് സുമിന്റെ വീട്.വീട്ടിന് അഭിമുഖമായാണ് അമ്പലം.

‘ഇക്കൊല്ലം ഉത്സവത്തിന് പരവൂറില്‍ എത്താത്തതിനു ഏറെ ദുഃഖമുണ്ടായിരുന്നു.എങ്കിലും ഉത്സവത്തിന്റെ ഓരോ ഘട്ടവും സുഹൃത്തുകള്‍ വാട്‌സ്ആപ്പില്‍ കൂടി മിനുട്ടുകള്‍ തോറും എനിക്ക് അയച്ചു കൊണ്ടിരുന്നു.’

‘അവിടെ ആ അമ്പലപ്പറമ്പില്‍ ആയിരുന്നു ഞാനും മനസു കൊണ്ട്.ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടര്‍ ലല്ലു ആ പ്രദേശക്കാരനായിരുന്നത് കൊണ്ട് വെടിക്കെട്ട് ലൈവായി ചിലപ്പോള്‍ കാണിക്കും എന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നതിനാല്‍ വാര്‍ത്തയ്ക്കിടയില്‍ അതുണ്ടാവും എന്ന് കരുതി ഒമ്പതര മുതല്‍ ടി വിയ്ക്ക് മുമ്പിലായിരുന്നു.വെടിക്കെട്ട് തുടങ്ങാന്‍ പോകുമ്പോള്‍ തന്നെ സുഹൃത്തുക്കളെ വിളിച്ചു വാട്ട്‌സാപ്പിലൂടെ ഓരോ ദൃശ്യവും അയയ്ക്കണം എന്ന് ചട്ടം കെട്ടിയിരുന്നു.ഒമ്പത് മുതല്‍ തന്നെ വാട്‌സാപ്പില്‍ ഓരോ ഷോട്ടുകള്‍ നാട്ടിലെ കൂട്ടുകാര്‍ അയച്ചു തുടങ്ങി.’

‘അങ്ങനെയിരിക്കുമ്പോള്‍ ഇടയ്ക്ക് അര മണിക്കൂറോളം വാട്‌സാപ്പ് മെസേജുകള്‍ വന്നില്ല.ഇടയ്ക്കിടെ വാട്ട്‌സാപ്പ് ചെക്ക് ചെയ്തു കൊണ്ടിരുന്നു.പെട്ടന്നാണ് ടി വിയില്‍ അപകടവിവരം എഴുതി കാണിക്കാന്‍ തുടങ്ങിയത്.ഞെട്ടിപ്പോയി.’

‘നിമിഷത്തിനുള്ളില്‍ ഫോണ്‍ എടുത്ത് ആദ്യം വിളിച്ചത് അമ്മയെയാണ്.അച്ഛനും അമ്മയും ബന്ധുക്കളും വീടിന്റെ ടെറസില്‍ ഇരുന്ന് വെടിക്കെട്ട് കാണുന്നുണ്ട് എന്ന് നേരത്തെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു’.

കുറെ സമയത്തേയ്ക്ക് ഫോണുകള്‍ കണക്റ്റ് ചെയ്തില്ല.അവസാനം ബെല്‍ റിംഗ് ചെയ്തു തുടങ്ങി.ശ്വാസം അടക്കിപ്പിടിച്ച നിമിഷങ്ങള്‍.ഇതാ അമ്മ…’ഇല്ല മോനെ ഒന്നും പറ്റിയില്ല.എന്താ സംഭവിച്ചത് എന്നറിയില്ല.വലിയ ശബ്ദം കേട്ട് നമ്മുടെ വീട് കുലുങ്ങിപ്പോയി.എന്തൊക്കെ സംഭവിച്ചു എന്നറിയില്ല…ഇവിടെ കൂരാക്കൂരിരുട്ടാണ് മോനെ…ഒന്നും അറിയാന്‍ പറ്റുന്നില്ല.’.അമ്മയെ സമാധാനിപ്പിച്ചു ഫോണ്‍വെച്ചു.അമ്മാവന്‍ ഒഴികെ വീട്ടില്‍ നിന്ന് ആരും അമ്പലപ്പറമ്പിലേയ്ക്ക് പോയിട്ടില്ലെന്നു ഉറപ്പു വരുത്തി.

അമ്മയുടെ ഫോണില്‍ കൂടി കേള്‍ക്കാമായിരുന്നു ആംബുലന്‍സുകള്‍ ചീറിപ്പായുന്ന ശബ്ദം.അമ്മാവനെ വിളിച്ചിട്ട് കിട്ടുന്നില്ല.സുഹൃത്തുക്കളെ മാറി മാറി വിളിച്ചിട്ടും ആരും ഫോണെടുക്കുന്നില്ല.അവരെല്ലാം അമ്പലപ്പറമ്പില്‍ ഉണ്ടായിരുന്നു.

മണിക്കൂറുകള്‍ രണ്ടു കഴിഞ്ഞതില്‍ പിന്നെയാണ് ചാനലുകള്‍ കൃത്യമായ വിവരം നല്കിയത്.അപ്പോഴേയ്ക്കും വെളിച്ചം പടര്‍ന്നിരുന്നു.വീണ്ടും അമ്മയെ വിളിച്ചപ്പോഴാണ് അറിഞ്ഞത് അമ്മയും കുടുംബാംഗങ്ങളും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമെന്ന് അറിഞ്ഞത്.കതിന വീണ് പൊട്ടിത്തെറിച്ച അമ്പത് മീറ്റര്‍ നീളമുണ്ടായിരുന്ന കോണ്‍ക്രീറ്റ് കമ്പപ്പുരയുടെ ഭാഗങ്ങള്‍ നാടൊട്ടാകെ ചിതറിയതിനാലാണ് കൂടുതല്‍ പേര്‍ക്കും അപകടം പറ്റിയത്.sum

സംഭവ സ്ഥലത്ത് നിന്നും ഒന്നൊര കിലോമീറ്റര്‍ അകലെ ബൈക്ക് നിര്‍ത്തിയിട്ട് സംസാരിച്ചു കൊണ്ടിരുന്ന രണ്ടു കൂട്ടുകാര്‍ പോലും മരിച്ചത് ഇങ്ങനെ ചീറി പാഞ്ഞുവന്ന കോണ്‍ക്രീറ്റ് ഭാഗം വീണാണ്.

ഞങ്ങളുടെ വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന നൂറു വര്‍ഷത്തോളം പഴക്കമുള്ള മാവാണ് അമ്മയെയും അച്ഛനെയും ബന്ധുക്കളെയും രക്ഷിച്ചത്.പാഞ്ഞു വന്ന കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ മാവില്‍ തട്ടി നിന്നു.ആ കരുത്തില്‍ മാവ് നിന്ന നില്‍പ്പില്‍ നിന്നും പകുതിയോളം ചെരിഞ്ഞുപോയി.അതവിടെ ഇല്ലായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ചിന്തിക്കാന്‍ പോലും ആവില്ല…സുമിന്‍ പറഞ്ഞു.

വീടിന്റെ ജനല്‍ പാളികള്‍ മുഴുവന്‍ പൊട്ടി.കോണ്‍ക്രീറ്റ് മൊത്തം വിണ്ടു കീറി.

തൊട്ടടുത്തുള്ള വീടുകള്‍ക്കെല്ലാം ഇതേ അവസ്ഥയായിരുന്നു.പുരയിടങ്ങള്‍ മുഴുവന്‍ മനുഷ്യശരീരങ്ങളുടെ അവശിഷ്ട്ടങ്ങള്‍ ചിതറി കിടന്നിരുന്നു.

അമ്മാവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.അദ്ദേഹത്തോടൊപ്പം നിന്നിരുന്ന കൂട്ടുകാരന്‍ മരിച്ചു വീണത് കണ്ട ഞെട്ടലിലാണ് ഇപ്പോഴദ്ദേഹം.

ഉറങ്ങാന്‍ കഴിഞ്ഞില്ല പിന്നെ.ഇന്നലെ ഷിന്റോണിലെ സുമിന്റെ വീട്ടിലും ഭക്ഷണം പാകം ചെയ്തില്ല.ആര്‍ക്ക് കഴിക്കാനാണ് ഭക്ഷണം?എങ്ങനെ കഴിക്കും ?സുമിന്‍ തേങ്ങി.

കമ്പക്കെട്ട് തുടങ്ങിയപ്പോള്‍ തന്നെ പൊള്ളലേറ്റ ഒരു ആശാനെ കൊണ്ട് മെഡിക്കല്‍ കോളജിലേയ്ക്ക് പോയിരുന്നുവെന്ന് അപകടത്തിന് മുമ്പേ അറിഞ്ഞിരുന്നതായി സുമിന്‍ പറഞ്ഞു.അപ്പോള്‍ തന്നെ മത്സര കമ്പക്കെട്ട് വേണ്ടന്ന് പോലിസ് വീണ്ടും അറിയിച്ചിരുന്നു.അത് കൊണ്ട് കമ്പക്കെട്ട് നടക്കില്ലെന്ന് സംശയിക്കുന്നതായി സുഹൃത്തുകള്‍ ഫോണില്‍ പറഞ്ഞിരുന്നു.എന്നാല്‍ മത്സരമില്ലെന്നു പോലിസിനെ അറിയിച്ച കമ്മിറ്റിക്കാര്‍ രണ്ടു മത്സരകാരുടെയും പടക്കങ്ങള്‍ മത്സരം ഇല്ലാതെ തന്നെ ഒന്നിച്ചിട്ട് പൊട്ടിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പരമാവധി 5 ലക്ഷം രൂപയുടെ കമ്പക്കെട്ട് നടത്തിയിരുന്ന സ്ഥലത്ത് ഇത്തവണ 10 ലക്ഷത്തിന്റെ മത്സരമാണ് ഒരുക്കിയിരുന്നത്.

ലോകത്തെമ്പാടുമുള്ള മലയാളികളുടെ സമാശ്വാസങ്ങള്‍ പറവൂര്‍ക്കാരേ തേടി ഇന്നലെ എത്തിയെങ്കിലും കൂടെ ഉണ്ടുറങ്ങിയവരുടെ അവസാനനിമിഷങ്ങളിലെ വേദനകളെക്കാള്‍ കടുത്തതായിരുന്നു അവരുടെ സങ്കടം.അവര്‍ക്കാണ് നഷ്ടം.ഒരായുസില്‍ മുഴുവന്‍ നീറുന്ന ഓര്‍മ്മകള്‍ സൂക്ഷിക്കുവാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് അവര്‍.

കൂടെ നടന്നവരൊക്കെ വീണു പോയിരിക്കുമ്പോള്‍ ഷിന്റോണിലെ വീട്ടില്‍ ചാനലുകള്‍ക്ക് മുമ്പിലിരുന്നു നാടിന്റെ തകര്‍ന്ന മുഖം കാണുമ്പോള്‍ നുറുങ്ങുകയാണ് ഈ പരവൂര്‍ക്കാരന്റെ ഹൃദയവും..നിലയ്ക്കാത്ത നെടുവീര്‍പ്പുകള്‍.

റെജി സി ജേക്കബ്

Scroll To Top