Saturday December 10, 2016
Latest Updates

ഡബ്ലിന്‍ സിറ്റിയിലെ ഏക ഹൈന്ദവ ആരാധനാകേന്ദ്രം പൂട്ടണമെന്ന് അധികൃതര്‍,ഫയര്‍ സേഫ്റ്റി സംവിധാനമില്ലെന്ന് ആരോപണം,ബദല്‍ മാര്‍ഗങ്ങള്‍ തേടി വിശ്വാസികള്‍ 

ഡബ്ലിന്‍ സിറ്റിയിലെ ഏക ഹൈന്ദവ ആരാധനാകേന്ദ്രം പൂട്ടണമെന്ന് അധികൃതര്‍,ഫയര്‍ സേഫ്റ്റി സംവിധാനമില്ലെന്ന് ആരോപണം,ബദല്‍ മാര്‍ഗങ്ങള്‍ തേടി വിശ്വാസികള്‍ 

ഡബ്ലിന്‍ :സിറ്റി സെന്ററിലെ ഓ കോണല്‍ സ്ട്രീറ്റില്‍ 1978 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ്കോണ്‍ കൃഷ്ണ കേന്ദ്രത്തില്‍ നടത്തിവരുന്ന ആരാധന മതിയായ സുരക്ഷാ സംവിധാനങ്ങളോടെയല്ലെന്ന് ആരോപിച്ച് നിര്‍ത്തിവെയ്പ്പിക്കാന്‍ ശ്രമം. തീപ്പിടുത്തത്തെ പ്രതിരോധിക്കാനുള്ള  സ്പ്രിംഗ്‌ളര്‍  ക്ഷേത്രത്തിനുള്ളില്‍ രണ്ടു മാസത്തിനകം ഘടിപ്പിച്ചില്ലെങ്കില്‍ എല്ലാ പൂജകളും നിര്‍ത്തിവെയ്ക്കാനാണ് ഡബ്ലിന്‍ സിറ്റി ഫയര്‍ ഓഫിസര്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് നോട്ടിസ് നല്‍കിയിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് ഫയര്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം അറ്റകുറ്റപ്പണികള്‍ കൃഷ്ണ കേന്ദ്രത്തില്‍ നടത്തിയിരുന്നു.അത് പൂര്‍ത്തിയായ ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആരാധാനകേന്ദ്രം പൂട്ടും എന്ന സാഹചര്യത്തില്‍ അടിയന്തരമായ ധനസമാഹരണപദ്ധതിയുമായി ഭക്തജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്പ്രിംഗ്ലര്‍ ഘടിപ്പിക്കുന്നതിന് ആവശ്യമായ 36,000 യൂറോ സംഭാവനയായി സമാഹരിക്കാനാണ് തീരുമാനം.21 % തുകയെ ഇതേ വരെ സമാഹരിക്കാന്‍ ആയിട്ടുള്ളുവെങ്കിലും സെപ്റ്റംബര്‍ അവസാനത്തോടെ ആവശ്യമായ ഫണ്ട് സ്വരൂപിക്കാമെന്ന പ്രതീക്ഷയിലാണ് ക്ഷേത്ര ഭാരവാഹികള്‍.

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ബൃഹത്തായ സ്ഥല സൗകര്യങ്ങളോടെ ഹൈന്ദവക്ഷേത്രം നിര്‍മ്മിക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി വരുന്നതിനിടെയാണ് നിലവിലുള്ള ആരാധനാ കേന്ദ്രം പൂട്ടണമെന്ന ആവശ്യവുമായി അധികൃതര്‍ രംഗത്തെത്തിയത്..നഗരത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആരാധനയര്‍പ്പിക്കാനും സന്ദര്‍ശകര്‍ക്ക് ഹൈന്ദവദര്‍ശനവും ,ഭാരതീയ സംസ്‌കൃതിയും പരിചയപ്പെടുത്താനും ഉദ്ദേശിച്ചു കൊണ്ടാണ് ഇസ്‌കോണിന്റെ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ )ആഭിമുഖ്യത്തിലാണ് വേദിക് ടെമ്പിള്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുള്ളത്.

25 ലക്ഷം യൂറോ (ഏകദേശം 22 കോടി രൂപ ) ചെലവ് പ്രതീക്ഷിക്കുന്ന വേദിക് ടെമ്പിള്‍ 2019 ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി.

മൊത്തം 11000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ക്ഷേത്ര സമുച്ഛയത്തില്‍ ഭജന ഹാള്‍ ,ഓഫിസുകള്‍ ,ഡോര്‍മിറ്റരി ,ഭക്ഷണശാല എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യാക്കാരുടെയും ഐറിഷുകാരുടെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഹിന്ദുമത വിശ്വാസികള്‍ ഇസ്‌കൊണില്‍ അംഗമാണ്.

സിറ്റി സെന്ററിലെ ഓ കോണല്‍ സ്ട്രീറ്റില്‍ 1978 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ് കോണ്‍ കൃഷ്ണ കേന്ദ്രത്തില്‍നിലവില്‍ എല്ലാ ദിവസവും ഭാരതീയ സംസ്‌കൃതിയെ പരിചയപ്പെടുത്തുന്ന പരിപാടികള്‍ നടത്തപ്പെടുന്നുണ്ട്.പ്രവേശനത്തിന് പ്രത്യേക ഫീസോ അനുമതിയോ നിബന്ധനകളോ ഇല്ല.ഞായറാഴ്ച്ചകളില്‍ മൂന്ന് മണിയ്ക്ക് ആരംഭിക്കുന്ന സണ്‍ഡേ ഫീസ്റ്റില്‍ പ്രഭാഷണം,ഭജന ,സദ്യ എന്നിവയുണ്ടാവും. ശനിയാഴ്ച്ചകളിലാണ് ഡബ്ലിന്‍ തെരുവുകളില്‍ പൊതു ഭജന നിശ്ചയിക്കപ്പെട്ടിരിക്കുന്നതെങ്കിലും സന്നദ്ധഭടന്‍മാര്‍ മിക്ക ദിവസങ്ങളിലും കൃഷ്ണഗാഥ പാടി നടക്കാറുണ്ട്.

ക്ഷേത്രം പൂര്‍ത്തിയാവുന്നതോടെ ഡബ്ലിനിലെ ആറായിരത്തില്‍ അധികം വരുന്ന ഹിന്ദുമത വിശ്വാസികള്‍ക്ക് പൊതു ആരാധനാ കേന്ദ്രമാവുന്നതിന്റെ സന്തോഷത്തിലായിരുന്നു ഇസ്‌കോണ്‍ പ്രവര്‍ത്തകര്‍,അതിനിടെയാണ് നിലവിലുള്ള സെന്ററിനു തന്നെ ഭീഷണിയായി ഫയര്‍ ഓഫിസര്‍ രംഗത്തെത്തിയത്.

റെജി സി ജേക്കബ്

Scroll To Top