Sunday December 04, 2016
Latest Updates

84000 യൂറോ പ്രതിഫലം വാങ്ങി മുഖത്തെ ചുളിവ് മാറ്റാന്‍ ചികിത്സ നടത്തിയ ഡബ്ലിനിലെ നഴ്സിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി

84000 യൂറോ പ്രതിഫലം വാങ്ങി മുഖത്തെ ചുളിവ് മാറ്റാന്‍ ചികിത്സ നടത്തിയ ഡബ്ലിനിലെ നഴ്സിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി

ഡബ്ലിന്‍:ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ മരുന്ന് പ്രയോഗിച്ച നഴ്സിനെതിരെ ഐറിഷ് നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് നല്‍കിയ ശിക്ഷാ നടപടികള്‍ ഹൈക്കോടതി ശരിവെച്ചു.ചര്‍മ്മത്തില്‍ ചുളിവ് വീഴാതിരിക്കാനായി ഉപയോഗിക്കുന്ന മരുന്നാണ് ഇവര്‍ പ്രിസ്‌ക്രിപ്ഷനില്ലാതെ നല്‍കിയത്.മുഖത്തെ ചുളുവു മാറ്റി സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ബോട്ടോക്‌സ് എന്ന സൗന്ദര്യ വര്‍ദ്ധക ഘടകമടങ്ങിയ ഇഞ്ചക്ഷന്‍ മസിലിലേക്ക് നല്‍കിയാണ് ഇവര്‍ ചികിത്സ നടത്തിയത്.ദൂരവ്യാപകമായ പാര്‍ശ്വ ഫലങ്ങള്‍ ഉള്ള ഈ മരുന്ന് യാതൊരു നിയന്ത്രണവുമില്ലാതെ ആവശ്യക്കാരില്‍ പ്രയോഗിക്കുകയായിരുന്നു എന്നാണ് ഐറിഷ് നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് നടത്തിയ അനേഷണത്തില്‍ തെളിഞ്ഞത്.

ഡബ്ലിനിലെ സട്ടനിലുള്ള നഴ്സായ മേരി കണ്‍സപ്റ്റ കൂണി ബര്‍ക്ക് എന്ന ഇവര്‍ സ്വകാര്യമായി ചികിത്സിക്കുന്നതിനൊപ്പം റാത്ത്‌മൈന്‍സില്‍ ഒരു ബ്യുട്ടി ക്ലിനിക്കും നടത്തിയിരുന്നു.ഒരാളില്‍ നിന്നും 84000 യൂറോ വരെയാണ് ഇവര്‍ സൗന്ദര്യ ചികിത്സയ്ക്ക് പ്രതിഫലമായി വാങ്ങിയിരുന്നത്.

3,000 യൂറോ പിഴയടയ്ക്കണമെന്നു കൂടി നിര്‍ദേശിച്ച കോടതി പക്ഷെ ഇവരെ കൂടുതല്‍ കേസുകളില്‍നിന്നും ഒഴിവാക്കി. എന്നാല്‍ നഴ്‌സ് എന്ന നിലയിലുള്ള ഇവരുടെ ലൈസന്‍സ് റദ്ദാക്കും. 2010 ജനുവരി, 2012 ജനുവരി എന്നീ മാസങ്ങളിലായിരുന്നു കേസിനാധാരമായ സംഭവങ്ങള്‍.

Scroll To Top