Tuesday May 30, 2017
Latest Updates

ഫിംഗ്ലസില്‍ രണ്ട് ഫിലിപ്പീനി കുടുംബങ്ങളെ കെട്ടിയിട്ട് കവര്‍ച്ച നടത്തി;ഏഷ്യാക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഗാര്‍ഡ നിസംഗത പാലിക്കുന്നതായി ആരോപണം 

ഫിംഗ്ലസില്‍ രണ്ട് ഫിലിപ്പീനി കുടുംബങ്ങളെ കെട്ടിയിട്ട് കവര്‍ച്ച നടത്തി;ഏഷ്യാക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഗാര്‍ഡ നിസംഗത പാലിക്കുന്നതായി ആരോപണം 

ഡബ്ലിന്‍: ഡബ്ലിനില്‍ വീണ്ടും ഏഷ്യന്‍ വംശജര്‍ക്കെതിരെ ആക്രമണം പെരുകുന്നു.കഴിഞ്ഞ ദിവസം രാത്രി ഡബ്ലിനിലെ ഫിംഗ്ലസില്‍ രണ്ട് ഫിലിപ്പീനി കുടുംബങ്ങളെ കെട്ടിയിട്ട് കവര്‍ച്ച നടത്തി. ഹീറ്റ്ഫീല്‍ഡ് വേയില്‍ രാത്രി 10.30 നോടെയായിരുന്നു സംഭവം.രണ്ട് യുവദമ്പതികള്‍ അടങ്ങുന്ന രണ്ട് കുടുംബങ്ങളും അവരുടെ കുട്ടികളും താമസിച്ചിരുന്ന വീട്ടിലെത്തിയാണ് എത്തിയാണ് മോഷ്ടാക്കള്‍ അക്രമം നടത്തിയത്‌റെസ്റ്റോറന്റ് ഉടമകളെന്ന് തെറ്റിദ്ധരിച്ചാണ് അക്രമികള്‍ ഫിലിപ്പീനി കുടുംബങ്ങളെ ആക്രമിച്ചതെന്നു കരുതുന്നതായി ഗാര്‍ഡ വെളിപ്പെടുത്തി.

കത്തിയും തോക്കുമായി എത്തിയ നാലംഗ സംഘം ഫിലിപ്പീനികളെ കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്.സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ ആറു വയസുള്ള പെണ്‍കുട്ടി ഉറങ്ങികിടക്കുന്നുണ്ടായിരുന്നു.13 കാരനായ മകനെ ഉള്‍പ്പെടെ ബാക്കി മുഴുവന്‍ കുടുംബാംഗങ്ങളെയും കയര്‍ കൊണ്ട് വരിഞ്ഞു ചുറ്റി കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്.പണം ആവശ്യപ്പെട്ടപ്പോള്‍ ചെറുത്തുനിന്ന കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷം വീട് അരിച്ചുപറുക്കിയ കൊള്ള സംഘത്തിന് പക്ഷേ വീട്ടില്‍ ഉണ്ടായിരുന്ന നാമമാത്രമായ പണം മാത്രമാണ് ലഭിച്ചത്.
.
മോഷ്ടാക്കളുമായുള്ള സംഘര്‍ഷത്തില്‍ നിസാര പരുക്കേറ്റ കുടുംബനാഥന്‍മാരെ ബ്ലാഞ്ചസ്‌ടൌണിലെ കൊണോലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിസിനസ് ചെയ്യുന്ന സഹോദരങ്ങളായ രണ്ടു പേരും അവരുടെ കുടുംബാംഗങ്ങളുമാണ് ഇവിടെ താമസിച്ചിരുന്നത്.ഇവരില്‍ ഒരാളുടെ ഭാര്യ നഴ്‌സാണ്.അക്രമികള്‍ ഒപ്പല്‍ ഇന്‍സിഗ്‌നിയ കാറിലാണ് രക്ഷപെട്ടതെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി.പത്തു മണിയോടെ എത്തിയ സംഘം ഭീതി പരത്തും വിധം കാറോടിച്ച് കൊണ്ടാണ് സംഭവസ്ഥലത്ത് എത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു.വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും പുറത്തിറങ്ങിയ ശേഷം മറ്റു ശബ്ദങ്ങള്‍ ഒന്നും കേള്‍ക്കാത്തതിനാല്‍ സംഭവം അയല്‍വാസികളും ഗൌരവമായി എടുത്തില്ല. സംഭവത്തില്‍ ഗാര്‍ഡ
അന്വേഷണം ആരംഭിച്ചു.

അതെ സമയം കൊള്ളക്കാരില്‍ ഒരാള്‍ ഗാര്‍ഡയുടെ പുറംകുപ്പായം ഇട്ട നിലയില്‍ സംഭവ സ്ഥലത്ത് നിന്നും ഇറങ്ങി പോകുന്നതു കണ്ടതായി ഒരു അയല്‍വാസി മൊഴി കൊടുത്തതായി അറിയുന്നു.വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന ഇവരുടെ വീട്ടില്‍ നടന്ന സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് സമീപവാസികള്‍.ഗാര്‍ഡ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി.

ഏഷ്യാക്കാര്‍ക്ക് നേരെ പട്ടാപകല്‍ പോലും ആക്രമണം നടത്താന്‍ കൊള്ളക്കാര്‍ മടിയ്ക്കുന്നില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.ഗാര്‍ഡയില്‍ പരാതി ലഭിച്ചതില്‍ ഭൂരിപക്ഷം കേസുകളിലും പ്രാഥമിക അന്വേഷണം നടത്തി ഫയല്‍ മടക്കുകയാണ് അവര്‍ ചെയ്യുന്നത് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.അതേ സമയം ആഫ്രിക്കന്‍,റോമാനിയന്‍ വംശജര്‍ക്കെതിരെ കൊള്ളക്കാരുടെ ആക്രമണം കുറവാണ്.ഏഷ്യാക്കാര്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങളില്‍ ഗാര്‍ഡ നിസംഗത പാലിക്കുന്നതായി ഏഷ്യന്‍ മൈഗ്രന്റ്‌സ് ഫോറം ആരോപിച്ചു.ഇത് സംബന്ധിച്ചു സര്‍ക്കാരിന് പരാതി നല്‍കാന്‍ തീരുമാനിച്ചതായി മൈഗ്രന്റ്‌സ് റൈറ്റ് സെന്ററിന്റെ ഭാരവാഹികള്‍ അറിയിച്ചു 

കഴിഞ്ഞ ആഴ്ചയില്‍ ലൂക്കനിലെ മലയാളികളുടെ വീട്ടില്‍ രാത്രി 12 മണിയോടെ മുന്‍വാതില്‍ തകര്‍ത്ത് അക്രമി സംഘം കയറിയ കേസിലും കാര്യമായ തെളിവുകളൊന്നും ഗാര്‍ഡയ്ക്ക് ലഭിച്ചിട്ടില്ല.രണ്ടാം നിലയില്‍ കുടുംബാംഗങ്ങള്‍ ഉറങ്ങി കഴിഞ്ഞ ശേഷം വാതില്‍ തകര്‍ത്ത് അകത്തു കയറിയ സംഘം വീടിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കൈയ്യടക്കിയ ശേഷം അവിടെ ഉണ്ടായിരുന്ന കാര്‍ കീയെടുത്ത് മുറ്റത്ത് പാര്‍ക്ക് ചെയ്തിട്ടിരുന്ന കാറും തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു.കാര്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഗാര്‍ഡ അറിയിച്ചു.


Scroll To Top