Wednesday March 21, 2018
Latest Updates

50/50 ഭരണപങ്കാളിത്തം ഫിയനഫാളിന് നല്‍കി ഏപ്രില്‍ ആദ്യവാരത്തോടെ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഫിനഗേല്‍ ചര്‍ച്ചകള്‍ തുടങ്ങി

50/50 ഭരണപങ്കാളിത്തം ഫിയനഫാളിന് നല്‍കി ഏപ്രില്‍ ആദ്യവാരത്തോടെ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഫിനഗേല്‍ ചര്‍ച്ചകള്‍ തുടങ്ങി

ഡബ്ലിന്‍:സ്ഥിരമായ സര്‍ക്കാര്‍ സംവിധാനമില്ലെങ്കിലും അയര്‍ലണ്ട് സമ്പദ് വ്യവസ്ഥ മുന്നോട്ടു തന്നെയെന്ന് റിപ്പോര്‍ട്ട്. താല്‍ക്കാലിക സര്‍ക്കാരിന്റെയും കാവല്‍ പ്രധാനമന്ത്രിയുടെയും നേതൃത്വത്തിലും രാജ്യം വികസനത്തിലേയ്ക്കു കുതിക്കുക തന്നെയാണ്.

ഫിനഗേല്‍, ഫിയന്ന ഫാള്‍ എന്നീ പ്രമുഖ പാര്‍ട്ടികള്‍ ചെറു പാര്‍ട്ടികളും കക്ഷികളുമായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും പുതിയ സുസ്ഥിര ഗവണ്‍മെന്റിനെ തെരഞ്ഞെടുക്കാനായി ആഴ്ചകള്‍ വേണ്ടിവരും എന്നതാണ് സത്യം. ഭരണം നേടാന്‍ ഇരു പാര്‍ട്ടികള്‍ക്കും സിന്‍ ഫെന്നിന്റെ പിന്തുണ ലഭിക്കാത്തിടത്തോളം സുസ്ഥരമായ സര്‍ക്കാര്‍ എന്ന ലക്ഷ്യം അകന്നു നില്‍ക്കുമെന്നും കണക്കാക്കപ്പെടുന്നു. അതിനാല്‍ ഇരുപാര്‍ട്ടികളും പരസ്പര വിട്ടുവീഴ്ചകളോടെ ഭരണപങ്കാളിത്തത്തിന് മുതിര്‍ന്നാല്‍ മാത്രമേ അടുത്ത അഞ്ചു വര്‍ഷം മുഴുവനും ഭരിക്കാനുതകുന്ന സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയൂ.നാളെ ഡയല്‍ ചേര്‍ന്നാലും പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനാവില്ലെന്നുള്ള സൂചനകളാണ് രാഷ്ട്രീയ നേതാക്കള്‍ നല്കുന്നത്.

എങ്കിലും ഏപ്രില്‍ 6 നോടെ പുതിയ സര്‍ക്കാര്‍ ഉണ്ടായേക്കും.സ്ഥിരീകരണമില്ലെങ്കിലും ഫിന്‍ ഗേല്‍ 50/50 ഭരണപങ്കാളിത്തം ഫിയന്ന ഫാളിന് നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നതായാണ് വിവരം. മന്ത്രിമാര്‍, പ്രധാനമന്ത്രി എന്നിവയിലെല്ലാം തത്തുല്യമായ വീതംവെപ്പ് ഉണ്ടാകുമെന്നും കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മന്ത്രിസഭാ പുനഃസംഘടനയുംപ്രധാനമന്ത്രി സ്ഥാനം വെച്ചു മാറാനുള്ള സാധ്യതയും ഉണ്ട്

തെരഞ്ഞെടുപ്പിന് ശേഷം വിവിധ പാര്‍ട്ടികള്‍ക്കു ലഭിച്ച സീറ്റ് ഇങ്ങനെയാണ്; ഫിനഗേല്‍ 50, ഫിയന്ന ഫാള്‍ 44, സിന്‍ ഫെന്‍ 23, ലേബര്‍ 7, മറ്റുള്ളവര്‍ 34. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കല്‍ അസാധ്യമാണ്.പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ രംഗത്തുള്ള എന്‍ഡ കെന്നി, മൈക്കല്‍ മാര്‍ട്ടിന്‍,ജെറി ആഡംസ് എന്നിവര്‍ക്കൊന്നും തന്നെ പാര്‍ലമെന്റ് അധോസഭയില്‍ ആവശ്യമായ 79 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചത്തേയ്ക്ക് (നാളെ ,മാര്‍ച്ച് 22) നീട്ടിവച്ചിരിക്കുകയാണ്.

കാവല്‍ പ്രധാനമന്ത്രിയായി കെന്നിയും താല്‍ക്കാലിക ഗവണ്‍മെന്റും ഭരണഘടന പ്രകാരം ഭരണം നടത്തുന്നുണ്ടെങ്കിലും ഇവര്‍ക്ക് യഥാര്‍ത്ഥ ഗവണ്‍മെന്റിന്റെ അധികാരങ്ങളലില്ല.

സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 2015 അവസാന പാദത്തില്‍ രാജ്യം 8 ശതമാനത്തിനടുത്ത് വളര്‍ച്ച നേടിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വളര്‍ച്ച പൂര്‍ണ്ണമായും ഭരണനിര്‍വ്വഹണത്തെ ആശ്രയിച്ചുള്ളതാണ്. ചെലവ്, ടാക്‌സ് തുടങ്ങിയവയില്‍ സമതുലനാവസ്ഥയിലെത്താന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ലെങ്കില്‍ ഈ വളര്‍ച്ച കുത്തനെ ഇടിയുകയും രാജ്യം കടക്കെണിയിലകപ്പെടുകയും ചെയ്യുമെന്നും കണക്കാക്കപ്പെടുന്നു. ഉടന്‍ തീരുമാനമെടുക്കേണ്ട പല കാര്യങ്ങളും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും, ഭരണാന്തരീക്ഷത്തിലാകെ ഒരുതരം ആശയക്കുഴപ്പവും അനിശ്ചിതത്വവും നിലനില്‍ക്കുന്നതായാണ് കാണാന്‍ കഴിയുന്നത്.

സ്റ്റേറ്റ് സെക്ടര്‍ സമരങ്ങള്‍, ആരോഗ്യമേഖലയിലെ പ്രതിസന്ധി, താമസസ്ഥലവുമായി ബന്ധപ്പെട്ട പ്രതിസന്ധി എന്നിങ്ങനെയുള്ളവയിലൊന്നും തന്നെ ഇതേവരെ മാറ്റം വന്നിട്ടില്ല. രാജ്യത്തെ നിയമം പാലിക്കുന്ന പൗരന്മാര്‍ പോലും അടുത്ത സര്‍ക്കാര്‍ വെള്ളക്കരം ഒഴിവാക്കുമെന്നു കരുതി ഇപ്പോഴത്തെ കുടിശ്ശിക അടയ്ക്കാതിരിക്കുന്ന സ്ഥിതിയുമുണ്ട്.എന്തായാലും പുതിയ എന്തെല്ലാം സംഭവവികാസങ്ങളാണ് നാളെ ഉണ്ടാകുന്നത് എന്ന് കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ ജനങ്ങള്‍.

Scroll To Top