Tuesday December 06, 2016
Latest Updates

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ്: സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്താന്‍ ഫിയനാഫാള്‍

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ്: സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്താന്‍ ഫിയനാഫാള്‍

ഡബ്ലിന്‍:മോട്ടോര്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവിന്റെ കാരണങ്ങള്‍ കണ്ടെത്താനും, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനുമായി സ്വതന്ത്ര ചുമതലയുള്ള സംഘത്തെ നിയോഗിക്കണമെന്ന് സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം. പ്രീമിയം വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത നടപടികളൊന്നും തന്നെ തൃപ്തിപ്പെടുത്തുന്നവയല്ല എന്ന് ഫിയനാഫാള്‍ വക്താവ് മൈക്കല്‍ മക്ഗ്രാത്ത് കഴിഞ്ഞ ദിവസം ഡോളില്‍ പ്രസ്താവിച്ചു. ഈ പ്രശ്‌നം കാരണം ജനങ്ങള്‍ വലഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സര്‍ക്കാരിനെ നിലനിര്‍ത്തുന്ന കക്ഷി എന്ന നിലയില്‍ ഫിയനാഫാള്‍ നിലപാട് പ്രധാനവിഷയമായി സര്‍ക്കാര്‍ എടുക്കുമെന്ന് ഉറപ്പാണ്.

അതേസമയം പ്രശ്‌നത്തെ ഗുരുതരമായി കാണുന്നതായി ഉപപ്രധാനമന്ത്രി ഫ്രാന്‍സസ് ഫിറ്റ്‌സെജെറാള്‍ഡ് പ്രതികരിച്ചു. പ്രീമിയം വര്‍ദ്ധിക്കാനുള്ള കാരണങ്ങള്‍ ധനകാര്യമന്ത്രി മൈക്കല്‍ നൂനാന്‍ പരിശോധിച്ചു വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ജങ്ങള്‍ക്ക് വേണ്ടത് പരിഹാരമാണെന്നു വ്യക്തമാക്കിയ മക്ഗ്രാത്ത്, സ്വതന്ത്ര ചുമതലയുള്ള ഒരു സംഘത്തെ പ്രശ്‌നപരിഹാരത്തിനായി നിയോഗിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്വതന്ത്ര ചുമതലയുള്ള ഒരു ചെയര്‍മാനും അംഗങ്ങളുമായിരിക്കണം ഈ സംഘത്തില്‍ ഉണ്ടാകേണ്ടത്. സമയബന്ധിതമായി പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സംഘത്തിന് നല്‍കാന്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. 60% വരെ വര്‍ദ്ധനവാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 2014 മുതല്‍ ഉണ്ടായിരിക്കുന്നതെന്നും, ഇത് കുറയാത്ത പ്രശ്‌നം മറ്റ് പല മേഖലകളിലും വിലക്കയറ്റമുണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രീമിയം വര്‍ദ്ധനവിനെതിരെ ജൂലൈ 1ന് ഡബ്ലിനില്‍ പ്രതിഷേധപരിപാടി നടത്തുമെന്നും മക്ഗ്രാത്ത് പറഞ്ഞു.

Scroll To Top