Saturday December 03, 2016
Latest Updates

ഫിനഗേല്‍-ഫിയനാഫാള്‍ ധാരണാപത്രം പൂര്‍ത്തിയാവുന്നു,ലേബര്‍ പാര്‍ട്ടിയില്‍  മന്ത്രിസഭയില്‍ ചേരുന്നതിനെ ചൊല്ലി  ഭിന്നത 

ഫിനഗേല്‍-ഫിയനാഫാള്‍ ധാരണാപത്രം പൂര്‍ത്തിയാവുന്നു,ലേബര്‍ പാര്‍ട്ടിയില്‍  മന്ത്രിസഭയില്‍ ചേരുന്നതിനെ ചൊല്ലി  ഭിന്നത 

ഡബ്ലിന്‍:ഫിനഗേലിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ന്യൂനപക്ഷ സര്‍ക്കാരിനെ ഫിയനാഫാള്‍ ഏതു തരത്തില്‍ പിന്തുണയ്ക്കണം എന്നതു സംബന്ധിച്ച് തയ്യാറാക്കുന്ന ധാരണാപത്രം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇരു പാര്‍ട്ടികളും തമ്മില്‍ തിങ്കളാഴ്ചയും ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ഇരു പാര്‍ട്ടികളുടെയും വക്താക്കള്‍ പ്രതികരിച്ചു.

 പിന്തുണ എത്തരത്തിലായിരിക്കണം എന്നതു സംബന്ധിച്ച് ധാരണയിലെത്തിയെങ്കിലും ഐറിഷ് വാട്ടര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ.
അതേസമയം സ്വയം മുന്നോട്ടു വരികയാണെങ്കില്‍ മാത്രമേ ലേബര്‍ പാര്‍ട്ടി ടി.ഡിമാര്‍ക്ക് സര്‍ക്കാരില്‍ പങ്കാളിത്തം നല്‍കൂ എന്ന് താല്‍ക്കാലിക ധനമന്ത്രിയായ മൈക്കല്‍ നൂനാന്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയെയും സര്‍ക്കാരില്‍ ചേര്‍ക്കണമെന്നാണ് ഫിനഗേലിന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫിനാഫാളിന്റെ പിന്തുണയോടുകൂടി എത്തരത്തിലുള്ള സര്‍ക്കാരാണ് രൂപീകൃതമാകുക എന്ന കാര്യത്തിലുള്ള ആശങ്കയാണ് താല്‍ക്കാലിക സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെവിന്‍ ഹംഫ്രീസ് പങ്കുവച്ചത്. സര്‍ക്കാരില്‍ അംഗമാകുന്നതിനു പകരം എല്ലാ ടി.ഡിമാര്‍ക്കും പ്രതിപക്ഷത്തിരിക്കാനാണ് നിലവില്‍ ആഗ്രഹം എന്നാണ് അദ്ദേഹം പറഞ്ഞത്.
ഫിനഗേലുമായി വീണ്ടും കൂട്ടുകൂടുന്നതിൽ   ലേബര്‍ പാര്‍ട്ടി ടി.ഡിമാര്‍ക്ക് എതിർപ്പുണ്ട്. അത് പാര്‍ട്ടി അണികളെ പാര്‍ട്ടിക്കെതിരാക്കും എന്നാണ് അവരുടെ പക്ഷം. അതേസമയം ഫിനഗേലിന് പിന്തുണ നല്‍കണോ എന്ന കാര്യത്തില്‍ ലേബര്‍ പാര്‍ട്ടി ഉന്നതവൃത്തങ്ങള്‍ അവസാന തീരുമാനം പറഞ്ഞിട്ടില്ല. പാര്‍ട്ടി ടി.ഡിമാര്‍ തന്നെ ഇക്കാര്യത്തില്‍ രണ്ടുതട്ടിലാണ്. ലേബര്‍ നേതാക്കളായ ജോൺ  ബര്‍ട്ടന്‍, ബ്രെന്‍ഡന്‍ ഹൗളിന്‍ എന്നിവര്‍ തീരുമാനം നീട്ടിവച്ചെങ്കിലും ഫിനഗേലുമായുള്ള ബന്ധം ഊഷ്മളമാണെന്നാണ് പറഞ്ഞത്.
ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുന്നത് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കും എന്ന അഭിപ്രായം ഫിനഗേലിനുള്ളിലും ഉയരുന്നുണ്ട്. എന്നാല്‍ ലേബറിനെ സര്‍ക്കാരില്‍ ചേര്‍ക്കണം എന്ന് കടുംപിടിത്തം പിടിച്ചിരിക്കുകയാണ് കാവല്‍ പ്രധാനമന്ത്രിയും ഫിനഗേല്‍ നേതാവുമായ എന്‍ഡ കെന്നി.
Scroll To Top