Saturday December 10, 2016
Latest Updates

കെന്നി മാറണം,വാട്ടര്‍ ചാര്‍ജ് പിന്‍വലിക്കണം….ഫിനഗേലിന് പിന്തുണ കൊടുക്കാന്‍ ഫിയനാ ഫാള്‍ നിബന്ധന വെയ്ക്കും :ഉപഭോക്താക്കള്‍ക്ക് അടച്ച പണം തിരികെ കിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍

കെന്നി മാറണം,വാട്ടര്‍ ചാര്‍ജ് പിന്‍വലിക്കണം….ഫിനഗേലിന് പിന്തുണ കൊടുക്കാന്‍ ഫിയനാ ഫാള്‍ നിബന്ധന വെയ്ക്കും :ഉപഭോക്താക്കള്‍ക്ക് അടച്ച പണം തിരികെ കിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ് പൂര്‍ണ്ണമായും പിന്‍വലിയ്ക്കുകയും എന്‍ഡ കെന്നി പ്രധാനമന്ത്രി സ്ഥാനത്തു നിന്നും മാറി നില്‍ക്കുകയും ചെയ്താല്‍ ഫിനഗേല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ അതിനു പിന്തുണ നല്കാന്‍ ഫിയനാ ഫാള്‍ തയാറായെക്കുമെന്ന് സൂചനകള്‍.

രാജ്യത്ത് ഒരു ഭരണതടസം ഉണ്ടാക്കാതിരിക്കാനുള്ള പോംവഴികളുടെ ഭാഗമായാണ് അത്തരം ഒരു ധാരണയ്ക്ക് മൈക്കില്‍ മാര്‍ട്ടിന്‍ തയാറെടുക്കുന്നത്.എന്നാല്‍ ഫിനഗേല്‍ അത്തരമൊരു പിടിവാശിയോട് എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.പ്രത്യേകിച്ചും കെന്നിയെ മാറ്റണം എന്ന ആവശ്യത്തില്‍.

അതേ സമയം വാട്ടര്‍ ചാര്‍ജ് പിന്‍വലിച്ചാലും ഇത് വരെ പണം അടച്ചവര്‍ക്ക് മടക്കികൊടുക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നു യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.അടച്ച പണം തിരികെ ലഭിക്കില്ലെന്ന് നേരത്തെ ഉണ്ടാക്കിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.നിയമം മാറ്റണമെങ്കില്‍ മാറ്റം.അടച്ച പണം പക്ഷേ തിരികെ കിട്ടില്ല.ഇ യൂ വക്താവ് പറഞ്ഞു.

പണം തിരികെ നല്കണം എന്ന് ആവശ്യപ്പെടില്ലെന്ന് ഫിയനാഫാള്‍ വക്താവ് ബാരി കൊവനും പറഞ്ഞു.നിയമപൂര്‍വ്വം നിശ്ചയിച്ചത് മാറ്റാന്‍ ആവശ്യപ്പെടാന്‍ ആവില്ല.പക്ഷെ ഭാവിയ്ക്ക് വേണ്ടി നിയമം മാറ്റാം,അദ്ദേഹം പറഞ്ഞു.ഇത്തരം ഒരു അവസ്ഥയില്‍ വാട്ടര്‍ ചാര്‍ജ് അടയ്ക്കാന്‍ ജനം തയാറാവില്ലെന്നു പറഞ്ഞപ്പോള്‍’സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിസന്ധി മാറ്റാനും സര്‍ക്കാര്‍ വഴി കാണണം എന്നായിരുന്നു കോവന്റെ പ്രതീകരണം.

വെള്ളത്തിന് ഏര്‍പ്പെടുത്തിയ വില പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കൃഷിമന്ത്രി സൈമണ്‍ കോണ്‍വേയും വ്യക്തമാക്കി.

ഏതു വിധേനെയും വീണ്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എന്ഡ കെന്നിയും ഫിനഗേലും ശ്രമിക്കുന്നുണ്ടെങ്കിലും ഇന്നലെ പുറത്തിറങ്ങിയ സര്‍വേകള്‍ പ്രകാരം ഫിയനാ ഫാളിന്റെ നേതാവ് മൈക്കില്‍ മാര്‍ട്ടിനാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉചിതനായ സ്ഥാനാര്‍ഥിയെന്ന് 37 % പേരും അഭിപ്രായപ്പെട്ടപ്പോള്‍ കെന്നി തുടരണം എന്ന് ആവശ്യപ്പെട്ടവര്‍ 23% പേര്‍ മാത്രമാണ്.

Scroll To Top