Monday May 29, 2017
Latest Updates

ജിഷയുടെ മരണം:പ്രതിയെന്ന പേരില്‍ വേഷം കെട്ടിച്ചത് പോലിസിനെയെന്ന് ആരോപണം

ജിഷയുടെ മരണം:പ്രതിയെന്ന പേരില്‍ വേഷം കെട്ടിച്ചത് പോലിസിനെയെന്ന് ആരോപണം

കൊച്ചി: പെരുമ്പാവൂരില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം അന്വേഷിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാട്ടിയെന്ന ആരോപണം നിലനില്‍ക്കെ തന്നെ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മറ്റൊരു ആരോപണവും.

ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന പേരില്‍ മുഖം തുണികൊണ്ടു മറച്ച് കൊണ്ടുനടന്നത് പൊലീസുകാരെ. കളമശേരി റിസര്‍വ് ക്യാമ്പിലെ കെഎപി അഞ്ച് ബറ്റാലിയനിലെ രണ്ടു പൊലീസുകാരെയാണ് ഇത്തരത്തില്‍ വേഷംകെട്ടിച്ചത്.

കൊലപാതകം നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെയുള്ള ജനരോഷം തണുപ്പിക്കാനാണ് പൊലീസ് നാടകം കളിച്ചത്.

ഉന്നതഭരണതല നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പൊലീസിന്റെ പ്രച്ഛന്ന വേഷമെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകരാതിരിക്കാനാണത്രേ പൊലീസിന്റെ നാടകം.

പ്രതികളായി വേഷം കെട്ടിച്ച പൊലീസുകാരെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നിലൂടെ ചൊവ്വാഴ്ച പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു.

ജിഷയുടെ സുഹൃത്തിനെയും അയല്‍വാസിയെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസാണ് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയത്. തിങ്കളാഴ്ച ഉച്ചയോടെ ഇവരെ ഡിവൈഎസ്പി ഓഫീസില്‍ എത്തിക്കുമെന്നും അറിയിച്ചു.

ചിലരെ സംശയിക്കുന്നതായി സൂചനകള്‍ പുറത്തുവിട്ട് അന്വേഷണം സജീവമാണെന്നു കാണിക്കാന്‍ പൊലീസ് നടത്തുന്ന തട്ടിപ്പുകളാണ് മറനീക്കി പുറത്തുവന്നു കൊണ്ടിരിക്കുന്നതെന്നാണ് ആരോപണം.

Scroll To Top