Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ ദമ്പതികള്‍ കലഹിക്കാത്തവരാണോ ?

അയര്‍ലണ്ടിലെ ദമ്പതികള്‍ കലഹിക്കാത്തവരാണോ ?

ഡബ്ലിന്‍: ഐറിഷ് ദമ്പതികള്‍ മാതൃകാ ദമ്പതികളെന്ന് സര്‍വേ റിപ്പോര്‍ട്ട്. കാരണം വീട്ടുജോലിയെച്ചൊല്ലി വഴക്കടിക്കാത്തവരാണത്രേ ഐറിഷ് ദമ്പതികള്‍. ഇതാണ് ഐറിഷ് ദമ്പതികളുടെ സന്തുഷ്ട ദാമ്പത്യത്തിന്റെ രഹസ്യമെന്നും സര്‍വേക്കാര്‍ കണ്ടെത്തി!

ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകുന്ന കലഹങ്ങളുടെ കാരണങ്ങളെക്കുറിച്ചാണ് 22 യൂറോപ്യന്‍ രാജ്യങ്ങളില്‍ ദമ്പതികള്‍ക്കിടയില്‍ സര്‍വേ നടത്തിയത്. ഐറിഷ് ദമ്പതികള്‍ വഴക്കടിക്കുന്നത് തീരെ കുറവാണെന്നാണ് ഇതിലെ കണ്ടെത്തല്‍.47 ശതമാനം ഐറിഷ് ദമ്പതികള്‍ മാത്രമാണ് വീട്ടുജോലികളെച്ചൊല്ലി വഴക്കടിക്കുന്നത്. ഇക്കാരണത്താല്‍ വഴക്കടിക്കുന്ന ദമ്പതികളുടെ പട്ടികയില്‍ അയര്‍ലണ്ട് പിന്നില്‍ നിന്ന് നാലാമതാണ്. 

ഡെമോഗ്രാഫിക് റിസര്‍ച്ചാണ് സര്‍വേ നടത്തിയത്. വീട്ടുജോലിയെച്ചൊല്ലി കലഹിക്കുന്ന ദമ്പതികളില്‍ ഭൂരിപക്ഷം പേരും വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്നവരാണ്. വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്ന ദമ്പതികള്‍ക്കിടയില്‍ വീട്ടുജോലിയെച്ചൊല്ലി ഉണ്ടാകുന്ന കലഹങ്ങളുടെ നിരക്കുമായി താരതമ്യം ചെയ്താല്‍ വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ ഇതേച്ചൊല്ലിയുള്ള വഴക്കുകള്‍ കുറവാണെന്ന് സര്‍വേ വിലയിരുത്തുന്നു. പട്ടികയില്‍ ഫിന്നിഷ് ദമ്പതികളാണ് ഏറ്റവും മുന്നില്‍. ഫിന്നിഷ് ദമ്പതികളില്‍ പത്തില്‍ ഒന്‍പത് പേരും വീട്ടുജോലിയെച്ചൊല്ലി കലഹിക്കുന്നവരാണ്. ബ്രിട്ടീഷ് ദമ്പതികളില്‍ 62 ശതമാനം പേരും ഇതേ കാരണത്താല്‍ കലഹിക്കുന്നവരാണ്. 

ശമ്പളം കൊടുത്ത് ചെയ്യിക്കുന്ന ജോലികളെച്ചൊല്ലിയാണ് ദമ്പതികള്‍ക്കിടയില്‍ കലഹം ഉടലെടുക്കുന്ന മറ്റൊരു കാര്യം,. അയര്‍ലണ്ടിലെ 33 ശതമാനം ദമ്പതികളും ഇതേച്ചൊല്ലി കലഹിക്കുന്നവരാണ്. ഐസ്ലന്‍ഡ് ദമ്പതികളില്‍ 69 ശതമാനം പേരും ഇതേ കാരണത്താല്‍ കലഹിക്കുന്നവരാണ്. 22 യൂറോപ്യന്‍ രാജ്യങ്ങളിലെ 9657 ദമ്പതികള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരില്‍ നിന്നാണ് അഭിപ്രായം തേടിയത്. 

Scroll To Top