Friday September 22, 2017
Latest Updates

ഉറുപ്പികയുടെ മൂല്യം ഇടിയുമ്പോള്‍ …

ഉറുപ്പികയുടെ മൂല്യം ഇടിയുമ്പോള്‍ …

ഉറുപ്പികയുടെ മൂല്യം വീണ്ടും കുറഞ്ഞിരിക്കുന്നു. എന്നുവെച്ചാല്‍ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ എല്ലാറ്റിനും വില അധികമായി എന്നര്‍ത്ഥം. പക്ഷേ, ഈ മഹാവിപത്ത് നല്ലതിനാണ് എന്നാണ് സാമ്പത്തികശാസ്ത്രം പഠിച്ചവരെന്നവകാശപ്പെടുന്ന പലരും പറയുന്നത്. രണ്ടു ന്യായങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന്, ഇവിടെ മാത്രമല്ല, ചൈനയിലും മറ്റു വികസ്വര നാടുകളിലുമൊക്കെ ഇതു സംഭവിച്ചിരിക്കുന്നു എന്നാണ്. അപ്പോള്‍, അവിടുന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ലോകവിപണിയില്‍ അതതു നാടുകളിലെ കറന്‍സികളില്‍ വില കുറയും. ഉറുപ്പികയ്ക്കും തുല്യമായെങ്കിലും വില കുറഞ്ഞില്ലെങ്കില്‍ അവരുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കും. രണ്ട്, പൊതുവെ, മിതമായ അളവില്‍ നാണയപ്പെരുപ്പം വളര്‍ച്ചയുടെ ലക്ഷണമാണ്.

സാമാന്യബുദ്ധിക്കു നിരക്കാത്തതാണ് രണ്ടു ന്യായങ്ങളും. ഉറുപ്പികയുടെ വില കുറയ്‌ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനുള്ള ശരിയുത്തരമാണ് ആദ്യന്യായം ശുദ്ധപൊളിയാണെന്നതിനു തെളിവ്. എങ്ങനെയാണ് ഉറുപ്പികയുടെ മൂല്യം നിശ്ചയിക്കപ്പെടുന്നത്? ഒരു അന്യനാടിന് നാം കൊടുക്കാനുള്ള തുകയും അവിടന്ന് നമുക്കു കിട്ടാനുള്ള തുകയും തമ്മില്‍ ഉണ്ടാകുന്ന വിടവാണ് നമ്മുടെയും ആ നാടിന്റെയും നാണയങ്ങളുടെ വിലകളുടെ നിലവാരത്തില്‍ മാറ്റം വരുത്തുന്നത്. നാം വാങ്ങുന്ന സാധനങ്ങളുടെ വില നാം അവര്‍ക്കു വില്‍ക്കുന്ന സാധനങ്ങളുടെ വിലയേക്കാള്‍ കൂടിയാല്‍ നമ്മുടെ നാണയത്തിനു വില ഇടിയും. ഇത് വരാതിരിക്കാന്‍, ഒന്നുകില്‍ നാം വ്യാവസായികമായി വളരണം, അല്ലെങ്കില്‍ നാം വാങ്ങുന്ന ഉരുപ്പടികള്‍ കുറയണം. ആദ്യത്തേത് പെട്ടെന്നു നടക്കുന്ന കാര്യമല്ല. അതിനാല്‍ രണ്ടാമത്തേതേ പോംവഴിയുള്ളൂ.

പരിഷ്‌കൃതനാടുകളില്‍നിന്ന് നാം കാര്യമായി വാങ്ങുന്നത് ആയുധങ്ങളും മറ്റു പ്രതിരോധ ഉപാധികളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് മഹാഭാരതം. അയല്‍നാടുകളുമായി നല്ല ബന്ധം സ്ഥാപിച്ചാല്‍ അതു കുറയ്ക്കാം. അതു നമുക്കു സാധിക്കുന്നില്ല. അതേസമയം, നാം വാങ്ങുന്നതിന് നല്‍കേണ്ടിവരുന്ന വില ഈ രൂപയിടിച്ചിലില്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും അങ്ങനെ ഉറുപ്പികയുടെ വിലയില്‍ കൂടുതല്‍ ഇടിച്ചിലിന് വഴിയൊരുങ്ങുകയും ചെയ്യും. പോയിപ്പോയി പാപ്പരാവാന്‍ എളുപ്പവഴി!
രണ്ടാം ലോകമഹായുദ്ധകാലത്ത് പഞ്ച് എന്ന ഫലിതമാസികയില്‍ ഒരു കാര്‍ട്ടൂണ്‍ വന്നു. ഒരു പാവം മനുഷ്യന്‍ ഒരു ഉന്തുവണ്ടി നിറയെ ബ്രിട്ടീഷ്മഹാറാണിയുടെ തലയുള്ള കറന്‍സി നോട്ടുകള്‍ കഷ്ടപ്പെട്ട് തെരുവിലൂടെ ഉന്തി കൊണ്ടുപോകുന്നതാണ് ചിത്രം. എങ്ങോട്ടാണെന്ന് അന്വേഷിച്ച പരിചയക്കാരനോട് അയാള്‍ പറയുന്നു – രണ്ടു മുട്ട വാങ്ങാനാണ്, സുഹൃത്തെ. സുഹൃത്തിെ!ന്റ മറുപടി – രണ്ടു മുട്ട വേണമെങ്കില്‍ ഇതു മതിയാവില്ല. ഇന്നത്തെ വിലനിലവാരം അനുസരിച്ച് ഇത് ഒരേ ഒരു മുട്ടയ്‌ക്കേ തികയൂ.

നാട്ടിലെ വന്‍കിട കച്ചടവടക്കാര്‍ക്കു മാത്രം ലാഭം കിട്ടും. കാരണം, അവര്‍ വാങ്ങി വെച്ച സ്റ്റോക്കിന് വില്‍പനവില കൂടുന്നു. എന്നാലോ, നിത്യജീവിതച്ചെലവ് വര്‍ദ്ധിക്കുന്നതുകൊണ്ട് സാധാരണക്കാര്‍ വലയുന്നു. പ്രവാസികള്‍ക്ക് തോന്നാം, തങ്ങള്‍ക്കു മെച്ചമാണെന്ന്. എക്‌സ്‌ചേഞ്ച് നിരക്കുകള്‍ പ്രകാരം കൂടുതല്‍ ഉറുപ്പിക കിട്ടുമല്ലൊ. പക്ഷേ, അതൊരു മായക്കാഴ്ചയാണ്. കാരണം, നാട്ടിലെ വിലനിലവാരം ഉയരുന്നത് ഈ അധികത്തുകയെ കവച്ചുവെച്ചുകൊണ്ടാണ്. ആവശ്യമുള്ളപ്പോഴെല്ലാം സര്‍ക്കാര്‍ ഇഷ്ടപ്പടി നോട്ടടിക്കുന്നതിനാല്‍ ഉണ്ടാകുന്ന നാണയപ്പെരുപ്പം വേറെയും ഉണ്ട്. ഡെഫിസിറ്റ് ഫൈനാന്‍സിങ് എന്നാണ് ഈ രാജ്യദ്രോഹത്തിന് ഇംഗ്ലീഷില്‍ പറയുക. കുറച്ചു കാലം മുന്‍പുവരെ, കറന്‍സിനോട്ടുകള്‍ക്കു പകരം, നാം ആവശ്യപ്പെട്ടാല്‍, തുല്യമൂല്യത്തിനുള്ള സ്വര്‍ണം റിസര്‍വ്വ്ബാങ്ക് തരുമെന്ന ഗാരന്റി ഉണ്ടായിരുന്നു. സര്‍ക്കാര്‍ അച്ചടിക്കുന്നതിനു പുറമെ ആരെല്ലാമൊ ഇന്ത്യയ്ക്കകത്തും പുറത്തും സര്‍ക്കാരിന്റ അച്ചുകൂടത്തെ വെല്ലുന്ന സംവിധാനത്തോടെ നമ്മുടെ കറന്‍സി അടിച്ചുവിടുന്നുമുണ്ട്. ഇതിനെ അനധികൃതധനം എന്നാണ് പറയുന്നത്. തിരിച്ചറിയാന്‍ കാര്യമായ ഉപാധികളില്ലാത്തതിനാല്‍ ഇതാകെ എത്ര പ്രചാരത്തിലുണ്ടെന്ന് ദൈവംതമ്പുരാനേ അറിയൂ!

നാടു വികസിക്കാന്‍ നാണയപ്പെരുപ്പം വേണമെന്ന വാദം വലിയൊരു തമാശയാണ്.നാണയപ്പെരുപ്പംകൊണ്ട് നാടു വികസിക്കുമെങ്കില്‍ നമ്മുടെ നാട് ഇതിനകം ലോകത്തെ ഒന്നാമത്തെ വികസിതരാഷ്ട്രമായിത്തീരേണ്ടതല്ലെ? ഐ!ന്റ കുട്ടിക്കാലത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 120 ഉറുപ്പികയായിരുന്നു വില. ഇന്നത് അതിെ!ന്റ എത്ര ആയിരം ഇരട്ടിയാണ്‍എന്നു നോക്കുക. അന്നത്തെ സ്ഥിതിയെ അപേക്ഷിച്ച് ഈ നാട് അത്രയും ഇരട്ടി വികസിച്ചുവോ? വേണ്ട, ഒരു നാലിരട്ടിയെങ്കിലും വികസിച്ചുവോ?

അതേസമയം, എവിടെയെങ്കിലും ആജീവനാന്തം ജോലി ചെയ്ത് അരിഷ്ടിച്ച് മിച്ചം വെച്ച ചെറിയ സമ്പാദ്യം ബാങ്കില്‍ നിക്ഷേപിച്ച് പലിശകൊണ്ടോ മുതല്‍തന്നെ കുറേശ്ശെ എടുത്തോ ജീവിക്കാന്‍ തുടങ്ങിയ, മുതിര്‍ന്ന പൗരന്‍മാരെന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന, പാവങ്ങളെ തലമുറകളായി നരകക്കുഴിയിലാക്കിയിരിക്കയല്ലെ നമ്മുടെ വികസനം! അവരുടെ ആജീവനാന്ത സമ്പാദ്യം ഒരു നല്ല കോണകംപോലും വാങ്ങാന്‍ മതിയാകാതായില്ലേ? തെ!ന്റ ജീവിതത്തില്‍ കുറച്ചിട അധ്യാപകനായിരുന്ന ഐ!ന്റ അച്ഛന് മൂന്നുറുപ്പികയായിരുന്നു ശമ്പളം! എത്ര ശ്രമിച്ചാലും അച്ഛന് എന്തു മിച്ചം വെയ്ക്കാന്‍ കഴിയുമായിരുന്നുവെന്നും ആ സമ്പാദ്യത്തിന് പില്‍ക്കാലത്ത് എന്തു മൂല്യമുണ്ടാകുമായിരുന്നു എന്നും ചിന്തിക്കുക.

ഇതിനൊക്കെ പുറമെ, ഇന്ന് കേരളത്തില്‍ ജീവിക്കുന്ന കുഞ്ഞുകുട്ടി അടക്കം ഓരോ ആളും 46,000 ഉറുപ്പിക കടക്കാരനാണ്. എഴുപത്തിയാറു വയസ്സുവരെ ജീവിച്ച, ഒരു സര്‍ക്കാറില്‍നിന്നും യാതൊരു ആനുകൂല്യവും പറ്റിയിട്ടില്ലാത്ത, എനിക്കും എന്നെപ്പോലെ ഉള്ള കോടികളില്‍ ഓരോരുത്തര്‍ക്കും എന്തു സേവനം നല്‍കാനാണ് സര്‍ക്കാര്‍ ഇത്രയും തുക ആളോഹരി ചെലവാക്കിയതെന്ന് ആരെങ്കിലുമൊന്നു പറഞ്ഞുതരാമോ? മാത്രമല്ല, എന്നെ ഇത്രയൊക്കെ കടപ്പെടുത്താന്‍ സര്‍ക്കാര്‍ ഐ!ന്റ അനുമതി വാങ്ങിയൊ? അതും പോകട്ടെ, ഈ കടം തിരിച്ചടയ്ക്കുന്നതിന് എനിക്കു ശേഷിയുണ്ടാക്കാന്‍ സര്‍ക്കാര്‍ ചെറുവിരലെങ്കിലും അനക്കുന്നോ?

നമുക്കു വില്‍ക്കാനുള്ള വസ്തുക്കള്‍ക്ക് ന്യായമായ വില ഈടാക്കാന്‍ സര്‍ക്കാറിനു കഴിയുന്നുണ്ടൊ? ഉദാഹരണം, നമ്മുടെ കറുത്തതും വെളുത്തതുമായ മണല്‍തന്നെ. ഇവിടന്ന് കടത്തിയ കരിമണലിന് രാഷ്ട്രാന്തരീയതലത്തില്‍ നിലവിലുള്ള മര്യാദ നിരക്കില്‍ വില കിട്ടിയിരുന്നെങ്കില്‍ മൂന്നു തലമുറ കേരളീയര്‍ക്ക് സുഭിക്ഷമായി കഴിയാനുള്ള വക ഉണ്ടായേനെ എന്നാണ് ഇതേപ്പറ്റി വിവരമുള്ളവര്‍ പറയുന്നത്. ഇവിടത്തെ നദികളിലെ മണലിന്റെ കഥയും ഇതുതന്നെ. കള്ളപ്പണവും കൊള്ളലാഭവുമായി മാഫിയകള്‍ വാഴുമ്പോള്‍, സാധാരണക്കാരന്‍, ജാതിമതഭേദമെന്യെ, ദുരിതത്തിലും പകിരിദാരിദ്ര്യത്തിലുമാണ് – സ്‌പൈരല്‍ പൊവര്‍ട്ടി എന്ന വാക്കിന് വേറെ മലയാളം കിട്ടിയില്ല, ക്ഷമിക്കണം.c ra

ചുരുക്കത്തില്‍, രൂപയുടെ മൂല്യം ഇടിയുന്നതിനു സമാന്തരമായി, അതിനേക്കാള്‍ വേഗത്തില്‍, ഇടിയുകയാണ് മാനുഷികമൂല്യം. ഇതാണ് പുരോഗതി എങ്കില്‍ പിന്നെ അധോഗതി എന്നത് എന്താണ്?

കടപ്പാട്:സി.രാധാകൃഷ്ണന്‍

Scroll To Top