Saturday October 20, 2018
Latest Updates

അയര്‍ലണ്ടിലെ കുതിരലായത്തില്‍ മലയാളി നഴ്സുമാര്‍ക്ക് താമസ സൗകര്യം നല്‍കിയെന്നത് വെറും കെട്ടുകഥ:  കോട്ടയം പുഷ്പനാഥും,ബാറ്റണ്‍ ബോസും തോറ്റു പോകും  ഈ മാധ്യമ അന്വേഷകര്‍ക്ക് മുന്നില്‍….നമിച്ചേ …..

അയര്‍ലണ്ടിലെ കുതിരലായത്തില്‍ മലയാളി നഴ്സുമാര്‍ക്ക് താമസ സൗകര്യം നല്‍കിയെന്നത് വെറും കെട്ടുകഥ:  കോട്ടയം പുഷ്പനാഥും,ബാറ്റണ്‍ ബോസും തോറ്റു പോകും  ഈ മാധ്യമ അന്വേഷകര്‍ക്ക് മുന്നില്‍….നമിച്ചേ …..

ഡബ്ലിന്‍: അയര്‍ലണ്ടിലെ ലീമെറിക്കില്‍ പുതുതായെത്തിയ മലയാളികളായ നഴ്സുമാര്‍ താമസസൗകര്യം ലഭിക്കാതെ കുതിരലായങ്ങളില്‍ കഴിയുന്നതായി കഴിഞ്ഞ ദിവസം ചില വെബ് സൈറ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച വാര്‍ത്തകള്‍ കെട്ടുകഥയെന്ന് കണ്ടെത്തല്‍.

അയര്‍ലണ്ടില്‍ മലയാളികള്‍ ഏറെ താമസിക്കുന്ന പ്രദേശമായ ലീമെറിക്കില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരത്തിലുള്ള ഗ്രാമത്തില്‍ ജോലി തേടിയെത്തിയ മലയാളികളെക്കുറിച്ച് ചില ഓണ്‍ ലൈന്‍ മീഡിയകള്‍ കേരളത്തിലിരുന്നു പടച്ചുവിട്ട കഥ, കോട്ടയം പുഷ്പനാഥിന്റെയും,ബാറ്റണ്‍ ബോസിന്റെയുമൊക്ക അപസര്‍പ്പക നോവലുകളിലെ വിവരണം പോലെ സാങ്കല്‍പ്പികം മാത്രമാണ് എന്നാണ് സംഭവസ്ഥലത്തെത്തിയവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്.

വിജന പ്രദേശത്തെ കുതിരലായത്തില്‍ കൊടും തണുപ്പില്‍,ഹീറ്റിങ് സൗകര്യം പോലുമില്ലാതെയാണ് മലയാളികളെ താമസിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു വാര്‍ത്ത.എന്നാല്‍ ഗ്രാമപ്രദേശത്തുള്ള നഴ്സിംഗ് ഹോമിനോട് ചേര്‍ന്ന് തന്നെയുള്ള ഫാം ഹൗസിലാണ് ഇവര്‍ താമസിക്കുന്നത്.പഴയ ഫാം ഹൗസ് (അയര്‍ലണ്ടിലെ ഗ്രാമപ്രദേശങ്ങളില്‍ വീട്) നവീകരിച്ച് ഹീറ്റിങ്ങും,ബ്രോഡ് ബാന്‍ഡ് സൗകര്യങ്ങളുമടക്കം അത്യാവശ്യം ആധുനിക സൗകര്യങ്ങളോട് കൂടിയ വീട്ടിലാണ് ഐറിഷ്‌കാരനായ നഴ്സിംഗ് ഹോം ഉടമ ഇവരെ താമസിപ്പിച്ചിരിക്കുന്നത്.

ഭക്ഷണം പോലും ലഭിക്കാതെയാണ് ഇവര്‍ കഴിയുന്നത് എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.നഴ്സിംഗ് ഹോം ഉടമ തന്നെ ആഴ്ചകളായി മലയാളി നഴ്സുമാര്‍ക്കുള്ള അത്യാവശ്യ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്.

ലീമെറിക്കിലെ എന്നിസ് റോഡിലുള്ള നഴ്സിംഗ് ഹോമിലേക്കാണ് മലയാളി നഴ്സുമാരെ നിയോഗിച്ചിരുന്നത്.ഒമ്പതു പേരടങ്ങുന്ന സംഘത്തിലെ  മൂന്നു പേര്‍ ഒന്നര മാസം മുമ്പ് ജോലിയില്‍ പ്രവേശിച്ചിരുന്നു.ഇവര്‍ക്ക് നഴ്സിംഗ് ഹോം കോംമ്പൗണ്ടില്‍ തന്നെ ആശുപത്രി അധികൃതര്‍ സൗകര്യം നല്‍കിയിട്ടുണ്ട്. നാല് പേര്‍ക്കാണ് ഇപ്പോള്‍ ഫാം ഹൗസില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.ബാക്കി  രണ്ടുപേര്‍ ബന്ധുക്കള്‍ക്കും,സുഹൃത്തുക്കള്‍ക്കുമൊപ്പം താത്കാലിക താമസസൗകര്യം നേടി.

എന്നിസ് റോഡിലെ നഴ്സിംഗ് ഹോമിന്റെ പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ് ഇതേ മാനേജ്മെന്റിന്റെ കീഴിലുള്ള ഗ്രാമത്തിലെ നഴ്സിംഗ് ഹോമിന് സമീപം ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കേണ്ടി വന്നത്.ഗ്രാമത്തിലെ നഴ്സിംഗ് ഹോമില്‍ നടന്ന ഏതാനം ട്രെ യിനിംഗുകളില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു.

എന്നിസ് റോഡിലെ നഴ്സിംഗ് ഹോമിന്റെ പെര്‍മിറ്റ് പുതുക്കി കിട്ടാന്‍ വൈകുമെന്ന് കേരളത്തില്‍ നിന്നും പുറപ്പെടും മുമ്പേ അറിയിച്ചിരുന്നുവെങ്കിലും യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ഒമ്പതംഗ സംഘം അയര്‍ലണ്ടില്‍ എത്തുകയായിരുന്നു.എങ്കിലും തിരിച്ചുപോയി ജനുവരി അവസാനവാരത്തേയ്ക്ക് മടങ്ങി എത്താനുള്ള വിമാനടിക്കറ്റ് സ്ഥാപനമുടമ നല്‍കാമെന്നും അറിയിച്ചിരുന്നത്രേ.ഈ മാസം തന്നെ നഴ്സിംഗ് ഹോം പ്രവര്‍ത്തനമാരംഭിക്കുന്നതിനാല്‍ അതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്.ജിഎന്‍ബിയ്ക്കുള്ള അപ്പോയിന്റ്‌മെന്റ് അടുത്ത ദിവസങ്ങളില്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് വായനക്കാരുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വസ്തുതയൊന്നും മനസിലാക്കാതെയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതെന്നാണ് മലയാളി നഴ്സുമാര്‍ പറയുന്നത്.ഒരു മാധ്യമ പ്രവര്‍ത്തകനും ഈ പ്രശ്‌നവുമായി ബന്ധപ്പിട്ടിട്ടില്ലെന്ന് അവര്‍ ലീമെറിക്കിലെ സാമൂഹ്യപ്രവര്‍ത്തകരോട് വിവരിച്ചു. ഭക്ഷണത്തിനു പോലും നിവര്‍ത്തിയില്ലാതെ ഇവര്‍ മലയാളികള്‍ നല്‍കുന്ന സഹായത്തിലാണ് ജീവന്‍ പോലും നിലനിര്‍ത്തുന്നത് എന്നൊക്കെ നിറം പിടിപ്പിച്ച് എഴുതിയത് തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നഴ്സുമാരുടെ പക്ഷം.

അയര്‍ലണ്ടിലെ പ്രമുഖ മലയാളി സംഘടനയായ മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രതിനിധി സംഘം ഇന്നലെ മലയാളി നഴ്സുമാരെ സന്ദര്‍ശിക്കാനെത്തിയിരുന്നു.മലയാളി നഴ്സുമാര്‍ക്ക് യാതൊരു പരാതിയും ഉള്ളതായി ബോധ്യപ്പെട്ടില്ലെന്ന് സംഘടനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.അയര്‍ലണ്ടിലെ ചാരിറ്റി മേഖലയില്‍ സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ലീമെറിക്ക് ആസ്ഥാനമായുള്ള മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍.

വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവരെ പിടികൂടാന്‍ യൂറോപ്യന്‍ യൂണിയന്‍ തന്നെ നിയമനടപടികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.ഏത് കൊടും കുറ്റാരോപിതനാണെങ്കിലും കോടതി തെളിയിക്കുന്നത് വരെ അത്തരക്കാരുടെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നത് ജയില്‍ ശിക്ഷയ്ക്ക് അര്‍ഹമായ കുറ്റമാണെന്ന് അറിയാതെയല്ല മലയാളത്തിലെ ചില മാധ്യമങ്ങള്‍ കൈവിട്ടു കളിക്കുന്നത്.അടുത്തിടെ കത്തോലിക്കാ സഭയിലടക്കം ഉണ്ടായ പ്രശ്‌നങ്ങള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ഊതിപെരുപ്പിച്ച് ജനമധ്യത്തില്‍ അവതരിപ്പിച്ച അതേ ഓണ്‍ലൈന്‍കാര്‍ തന്നെയാണ് അയര്‍ലണ്ടിലെ കുതിരലായകഥയും പടച്ചുവിട്ടത്.

നഴ്‌സുമാര്‍ക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലണ്ട്.ജോലി ഭാരം കൂടുതല്‍ ഉണ്ടെങ്കിലും മെച്ചപ്പെട്ട ജീവിത നിലവാരവും,പൊതുവെ സംസ്‌കാര സമ്പന്നമായ ജനതയും മലയാളി നഴ്സുമാരെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഏജന്റുമാര്‍ മുഖേനെയോ,എംപ്ലോയറുമായി നേരിട്ട് ബന്ധപ്പെട്ടോ ഇവിടെയെത്താനുള്ള ധാരാളം വഴികള്‍ ഇപ്പോഴുമുണ്ട് എന്നതാണ് സത്യം.

 

 

Scroll To Top