Friday December 09, 2016
Latest Updates

ഡല്‍ഹി നിയമമന്ത്രിയുടെ നിയമ ബിരുദം വ്യാജം; അറസ്റ്റിനെ തുടര്‍ന്ന് മന്ത്രി രാജിവച്ചു

ഡല്‍ഹി നിയമമന്ത്രിയുടെ നിയമ ബിരുദം വ്യാജം; അറസ്റ്റിനെ തുടര്‍ന്ന് മന്ത്രി രാജിവച്ചു

വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി നിയമമന്ത്രിയുമായ ജിതേന്ദര്‍സിങ്ങ് തോമറിനെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു. ഡല്‍ഹി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയിലാണ് നടപടി. സാകേത് കോടതിയില്‍ ഹാജരാക്കിയ തോമറിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വിവാദങ്ങളെ തുടര്‍ന്ന് തോമര്‍ മന്ത്രി സ്ഥാനം രാജി വയ്ക്കുന്നതായി അറിയിച്ചു.

ഡല്‍ഹിയില്‍ മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ തോമര്‍ നല്‍കിയ വിദ്യാഭ്യാസവിവരങ്ങള്‍ തെറ്റാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച കേസ് കോടതിയില്‍ നടന്നു വരുന്നു. ഇതിനിടെയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി അംഗത്വം നേടിയെന്നാരോപിച്ച് കഴിഞ്ഞമാസം 11ന് ബാര്‍കൗണ്‍സില്‍ സെക്രട്ടറി പുനീത് മിത്തല്‍ തോമറിനെതിരെ പോലീസില്‍ പരാതിനല്‍കുന്നത്.

തെക്കന്‍ ഡല്‍ഹിയിലെ ഹോസ്ഖാസ് പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. എ.സി.പിയുടെ നേതൃത്വത്തില്‍ മുപ്പതിലേറെ പോലീസുകാര്‍ ചൊവ്വാഴ്ച രാവിലെ തോമറിനെ വീട്ടില്‍ ചെന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചിക്കാന്‍ വേണ്ടി വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന തുടങ്ങിയവയാണ് തോമറിനെതിരെ ചുമത്തിയ വകുപ്പുകള്‍. എല്ലാ നിയമനടപടികളും സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി.

യു.പി ഫൈസാബാദിലെ അവധ് സര്‍വകലാശാലയിലും ബിഹാറിലെ തില്‍കാമഞ്ജി സര്‍വകലാശാലയിലും നടത്തിയ അന്വേഷണത്തിലാണ് തോമറിന്റെ ബി.എസ്.സി, എല്‍.എല്‍.ബി, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയത്. അയോധ്യയിലെ കെ.എസ് സാകേത് പി.ജി കോളേജില്‍ നടത്തിയ അന്വേഷണത്തില്‍ തോമറിന്റെ പേരിലുള്ള ബി.എസ്.സി ബിരുദ സര്‍ട്ടിഫിക്കറ്റ് അവരുടെ രജിസ്റ്ററില്‍ പെട്ടതല്ലെന്ന് വ്യക്തമായി. തോമറിന്റെ എല്‍.എല്‍.ബി ബിരുദ സര്‍ട്ടിഫിക്കറ്റിലെ റോള്‍നമ്പര്‍ മറ്റൊരു വിദ്യാര്‍ഥിയുടേതാണെന്ന് തില്‍കാമഞ്ജി സര്‍വകലാശാലയും അറിയിച്ചു. ബുന്ദേല്‍ഖണ്ഡ് സര്‍വകലാശാലയുടേതെന്ന് പറഞ്ഞ് തോമര്‍ കാണിച്ച മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.

അറസ്റ്റ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറും കേന്ദ്രവുമായുള്ള പോരിന് പുതിയ മാനം നല്‍കിയിരിക്കുന്നു. തീവ്രവാദിയെ പോലെയാണ് ജനപ്രതിനിധിയായ തോമറിനെ അറസ്റ്റുചെയ്തതെന്നും ഡല്‍ഹിയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് അറസ്റ്റുചെയ്തതെന്നും എ.എ.പി ആരോപിക്കുന്നു. തന്നെ അറസ്റ്റിനെ കുറിച്ച് അറിയിച്ചിരുന്നില്ലെന്ന് സ്പീക്കര്‍ രാംനിവാസ് ഗോയലും പറഞ്ഞു.

 

Scroll To Top