Sunday December 11, 2016
Latest Updates

ഫെയ്‌സ്ബുക്ക് ലോകത്തിന് സംഭാവന ചെയ്യുന്നത് 227 ബില്യന്‍ ഡോളര്‍!

ഫെയ്‌സ്ബുക്ക് ലോകത്തിന് സംഭാവന ചെയ്യുന്നത് 227 ബില്യന്‍ ഡോളര്‍!

ന്യുയോര്‍ക്ക്: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫെയ്‌സ്ബുക്ക് പ്രതിവര്‍ഷം ലോക സമ്പദ്ഘടനയിലേക്ക് സംഭാവന ചെയ്യുന്നത് 227 ബില്യന്‍ ഡോളര്‍. ഫെയ്‌സ്ബുക്ക് നിയമിച്ച ഡെലോയിറ്റ് ആന്‍ഡ് ടച്ചെയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 1.35 ബില്യന്‍ ഉപയോക്താക്കളുള്ള ഫെയ്‌സ്ബുക്ക് ഒരു രാജ്യമായി പരിഗണിച്ചാല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി കണക്കാക്കാം. ഇതിന് പുറമേ ഫെയ്‌സ്ബുക്ക് 4.5 മില്യന്‍ പേര്‍ക്ക് വിവിധ രാജ്യങ്ങളിലായി ജോലി നല്‍കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഫെയ്‌സ്ബുക്കിന്റെ പരസ്യം, ആപ്ലിക്കേഷനുകള്‍, ഗെയിമുകള്‍ എന്നിവയിലൂടെയുള്ള വരുമാനം കണക്കാക്കിയാണ് ആകെ വരുമാനം കണക്കാക്കിയത്. സാങ്കേതിക വിദ്യ തൊഴില്‍ അവസരം സൃഷ്ടിക്കുമ്പോള്‍ തന്നെ മറ്റ് മേഖലകളിലെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന വാദം ശരിയല്ലെന്ന് ഫെയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് പറഞ്ഞു. ഹെയര്‍ ആക്‌സസറി ബിസിനസ് തുടങ്ങി ഫെയ്‌സ്ബുക്കിലൂടെ വിപണനം നടത്തുന്ന ബംഗളുരുവിലെ വനിതകളെയും ഫെയ്‌സ്ബുക്കിലൂടെ വിപണന വിജയം കണ്ടെത്തിയ നോര്‍ത്ത് കരോളിനയിലെ ഒരു വീട്ടമ്മയെയും ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് സാന്‍ഡ്ബര്‍ഗ് ഇക്കാര്യം പറഞ്ഞത്. 

ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ സമ്മേളനത്തില്‍ റിപ്പോര്‍ട്ടിലെ ഡാറ്റ ഷെറില്‍ സാന്‍ഡ്ബര്‍ഗ് അവതരിപ്പിക്കും. ഡിജിറ്റല്‍ സമ്പദ്ഘടനയുടെ ഭാവി എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയിലും സാന്‍ഡ്ബര്‍ഗ് പങ്കെടുക്കുന്നുണ്ട്. ഗൂഗിള്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷിമിത്, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല എന്നിവരും പങ്കെടുക്കുന്നുണ്ട്. 

Scroll To Top