Saturday November 25, 2017
Latest Updates

പ്രൊഫൈല്‍ ചിത്രം മാറ്റല്‍ വിവാദം :നരേന്ദ്രമോഡിയും സുക്കര്‍ബര്‍ഗും ചേര്‍ന്ന് ഇന്ത്യാക്കാരെ കബളിപ്പിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു 

പ്രൊഫൈല്‍ ചിത്രം മാറ്റല്‍ വിവാദം :നരേന്ദ്രമോഡിയും സുക്കര്‍ബര്‍ഗും ചേര്‍ന്ന് ഇന്ത്യാക്കാരെ കബളിപ്പിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു 

ഡബ്ലിന്‍:പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഡിജിറ്റല്‍ ഇന്ത്യ കാംപെയ്‌ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗ് തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഒപ്പം ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി നിങ്ങളും പ്രൊഫൈല്‍ ചിത്രം മാറ്റൂ എന്ന് പറഞ്ഞ് ഒരു ലിങ്കും. ഏതാണ്ടിതേ സമയത്ത് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി. സുക്കര്‍ബര്‍ഗിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മോദിയും പ്രൊഫൈല്‍ ചിത്രം മാറ്റാനുള്ള ലിങ്ക് ഷെയര്‍ ചെയ്തു. സുക്കര്‍ബര്‍ഗ് തുടങ്ങിവെച്ച് ഈ പ്രൊഫൈലില്‍ ത്രിവര്‍ണം പൂശല്‍ മോദിയിലൂടെ ലക്ഷക്കണക്കിന് ഫേസ്ബുക്ക് യൂസര്‍മാരിലെത്തിയിരിക്കുകയാണ്. എന്നാല്‍ ഈ പ്രൊഫൈല്‍ ചിത്രം മാറ്റുന്നതില്‍ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാംപെയ്ന്‍ പറയുന്നത്. അതെന്താണ് എന്ന് നോക്കൂ…

മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സ്വതന്ത്ര ഇന്റര്‍നെറ്റ് പദ്ധതിയായ internet.orgയ്ക്ക് നിങ്ങള്‍ അനുകൂലമാണെന്ന തരത്തിലാണ് പ്രൊഫൈല്‍ ത്രിവര്‍ണമാകുമ്പോള്‍ കണക്കാക്കപ്പെടുന്നത്. ദേശീയതയില്‍ പൊതിഞ്ഞ് തന്ത്രപരമായ ഫെയ്‌സ്ബുക്ക് ക്യാമ്പയ്‌നാണ് സുക്കര്‍ബര്‍ഗ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രൊഫൈല്‍ മാറ്റുന്നതിനുള്ള ലിങ്കിലെ സോഴ്‌സ് കോഡ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.source-code


സ്വതന്ത്ര ഇന്റര്‍നെറ്റിനെതിരെയും internet.orgയ്‌ക്കെതിരെയും നേരത്തെ എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്ന് ട്രായ് മുന്നോട്ടുവെച്ച നിര്‍ദേശത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇന്റര്‍നെറ്റ് സമത്വം അഥവാ നെറ്റ് ന്യൂട്രാലിറ്റിയാണ് ആവശ്യമെന്നും എല്ലാ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുമ്പോള്‍ ഒരേ തരത്തില്‍ നെറ്റിന് ചാര്‍ജ് ചെയ്യണമെന്നുമായിരുന്നു സുക്കര്‍ബര്‍ഗിന്റെ ആശയത്തെ എതിര്‍ത്തവര്‍ ട്രായ്ക്ക് നല്‍കിയ വിയോജനക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ഗ്രാമങ്ങളിലുള്ളവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഇന്റര്‍നെറ്റിന്റെ ലഭ്യത ഉറപ്പ് വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നുമായിരുന്നു സുക്കര്‍ബര്‍ഗിന്റെ അവകാശവാദം

നേരത്തെ നടത്തിയ പരസ്യ പ്രചാരണങ്ങളെ തുടര്‍ന്നുണ്ടായ എതിര്‍പ്പിനെ മറികടക്കുന്നതിനായി ഇന്ത്യന്‍ ഗവണ്‍മെന്റിനെ വരെ ഉപയോഗപ്പെടുത്തിയാണ് സുക്കര്‍ബര്‍ഗ് തന്ത്രപരമായി നീങ്ങിയത്. ഇനി എതിര്‍പ്പുകള്‍ ഉയരുമ്പോള്‍ അവയെ വെട്ടിമാറ്റാന്‍, ഇല്ലാതാക്കാന്‍ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഓരോരുത്തരും മാറ്റിയ പ്രൊഫൈല്‍ ഫോട്ടോ ഓരോ വോട്ടായാണ് കണക്കാക്കപ്പെടുക.

അതെങ്ങനെ നടക്കും? ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നെ പിന്തുണച്ച് പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നവരുടെ പേരുകള്‍ internet.org സപ്പോര്‍ട്ട് ചെയ്യുന്നവരുടെ പേരുകള്‍ ആയി സബ്മിറ്റ് ചെയ്യപ്പെടുമത്രെ. ദേശീയതയില്‍ പൊതിഞ്ഞ് സ്വന്തം കാംപെയ്ന്‍ വിജയിപ്പിക്കാനാണത്രെ സുക്കര്‍ബര്‍ഗ് ശ്രമിക്കുന്നത്.

ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നെ അല്ല, അതിനെ ഉപയോഗിച്ച് Internet.org ക്യാംപെയ്‌നെ വളര്‍ത്താനുള്ള സുക്കര്‍ബര്‍ഗിന്റെ ശ്രമങ്ങളെയാണ് തങ്ങള്‍ എതിര്‍ക്കുന്നത് എന്നാണ് ഇതിനെതിരായി ക്യാംപെയ്ന്‍ നടത്തുന്നവര്‍ പറയുന്നത്.

എന്താണ് Internet.org? ഫേസ്ബുക്ക് മറ്റ് ആറ് കമ്പനികളുമായി നടത്തുന്ന പദ്ധതിയാണ് Internet.org. ലോകത്തെല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ്. ഒആര്‍ജി സൃഷ്ടിച്ചതെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

എതിര്‍പ്പുകള്‍ രൂക്ഷം: ഫേസ്ബുക്ക് വിഭാവനം ചെയ്ത് നടപ്പാക്കുന്ന Internet.org ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്ക് എതിരാണെന്നാണ് ആക്ഷേപം. ഇതില്‍ ഉപയോഗിക്കുന്ന സീറോ റേറ്റിങ് എന്ന ആശയം ഇന്റര്‍നെറ്റ് തുല്ല്യതയ്ക്ക് യോജിക്കുന്നതല്ല. എതിര്‍പ്പുകളെ തുടര്‍ന്നാണ് Internet.org ഫ്രീ ബേസിക്‌സ് എന്ന് പേര് മാറ്റിയത്.

പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നത് ആര്? ത്രിവര്‍ണപതാകയും പ്രധാനമന്ത്രിയുടെ പ്രൊഫൈല്‍ ചിത്രവും കൊണ്ട് ആവേശം കൊണ്ടവരും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ പിന്തുണക്കുന്നവരും ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നുണ്ട്

സര്‍ക്കാര്‍ ചെയ്യേണ്ടത്: ഇന്ത്യന്‍ സര്‍ക്കാര്‍ തുടക്കമിട്ട ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നോ അതിന് മാത്രം പിന്തുണ അര്‍പ്പിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നടത്തുന്ന ക്യാംപെയ്‌നോ മറ്റൊരു പദ്ധതിക്ക് വേണ്ടിയും ഉപയോഗിക്കപ്പെടുന്നില്ല എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

ആശങ്കകളുണ്ട് :ആയിരക്കണക്കിന് പേരാണ് ഫേസ് ബുക്ക് ക്യാംബയിനില്‍ പങ്കെടുത്തു ആശങ്കാകുലരായിരിക്കുന്നത്.എന്നാല്‍ അത്തരത്തില്‍ ഒരു വേരിഫിക്കേഷന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് സോഷ്യല്‍ മീഡിയയില്‍ ആശങ്കകള്‍ ഉണ്ട്. ഈ ആശങ്ക അകറ്റേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

Scroll To Top