Tuesday September 25, 2018
Latest Updates

അങ്കമാലി എറണാകുളം അതിരൂപതയിലെ ഭൂമിവില്‍പ്പന വിവാദത്തിലും ഐറിഷ് സാഹിത്യകാരന്‍ ഓസ്‌കാര്‍ വൈല്‍ഡ് !

അങ്കമാലി എറണാകുളം അതിരൂപതയിലെ ഭൂമിവില്‍പ്പന വിവാദത്തിലും ഐറിഷ് സാഹിത്യകാരന്‍ ഓസ്‌കാര്‍ വൈല്‍ഡ് !

കൊച്ചി:അങ്കമാലി എറണാകുളം അതിരൂപതയിലെ ഭൂമിവില്‍പ്പന തര്‍ക്കങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിയ്ക്കുകയാണ്.അതിരൂപതയുടെ ആര്‍ച് ബിഷപ്പ് കൂടിയായ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ എറണാകുളത്തെ ഏതാനം വൈദീകര്‍ ഉയര്‍ത്തിയ ആരോപണത്തെ പിന്തുണയ്ക്കും വിധം സഹായമെത്രാന്മാരില്‍ ഒരാളായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കൂടി രംഗത്ത് എത്തിയതോടെ വിശ്വാസസമൂഹത്തില്‍ ബഹുഭൂരിപക്ഷവും മാര്‍ ആലഞ്ചേരിയ്‌ക്കൊപ്പം നിലകൊള്ളുന്ന കാഴ്ചയാണെങ്ങും.

ഇത് സംബന്ധിച്ച ചര്‍ച്ചകളിലാണ് ലോകപ്രസിദ്ധനായിരുന്ന ഐറിഷ് സാഹിത്യകാരന്‍ ഓസ്‌കാര്‍ വൈല്‍ഡും കടന്നുകൂടിയത്.ഐ ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന തോമസ് ചെറിയാനാണ് സോഷ്യല്‍ മീഡിയയില്‍ ഓസ്‌കാര്‍ വൈല്‍ഡിനെ ചര്‍ച്ചയില്‍ കൂട്ടിയത്.എറണാകുളത്തെ സഹായമെത്രാന്‍ ധാര്‍മികതയുടെ അര്‍ത്ഥത്തെ തന്നെ വളച്ചൊടിച്ചുകൊണ്ടാണ് ആര്‍ച്ച് ബിഷപ്പിനെതിരെ നിലകൊണ്ടത് എന്നതാണ് ഇദ്ദേഹത്തിന്റെ ആരോപണം. ‘വ്യക്തിപരമായി ഇഷ്ടമില്ലാത്തവര്‍ക്കെതിരേ നാം സ്വീകരിക്കുന്ന മനോഭാവമാണ് ധാര്‍മ്മികത’എന്ന ഓസ്‌കാര്‍ വൈല്‍ഡിന്റെ നിരൂപണം എടയന്ത്രത്തിനെ പോലെ ധാര്‍മികതയെ മൂടുപടമാക്കുന്നവര്‍ക്കുള്ളതാണ്.ഫേസ് ബുക്ക് പോസ്റ്റ് പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എറണാകുളത്തെ സഹായമെത്രാന്‍ സൗകര്യപൂര്‍വ്വം മറക്കുന്ന ചില ധാര്‍മ്മിക-കാനോനിക പ്രശ്‌നങ്ങള്‍

‘അതിരൂപതക്ക് സംഭവിച്ചിരിക്കുന്നത് ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, സുതാര്യതയില്ലായ്മയും, കാനോനിക നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നതും ഗൗരവമായ ധാര്‍മ്മിക പ്രശ്‌നങ്ങളാണ്. ആയതിനാല്‍ സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ടു ബാക്കി ലഭിക്കേണ്ട തുക അതിരൂപതയ്ക്ക് ലഭിച്ചാലും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെങ്കിലും ധാര്‍മ്മിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്നുള്ളത് വസ്തുതയാണ്.’ (സര്‍ക്കുലര്‍ Prot. No. CR-6/17, മാര്‍ സെബാസ്ട്യന്‍ എടയന്ത്രത്ത്)

എറണാകുളം സഹായ മെത്രാനും വൈദികരും പൊടുന്നനെ ധാര്‍മ്മികതയുടെ മൂടുപടമണിഞ്ഞു ഭാവിയില്‍ അവശേഷിക്കാന്‍ സാധ്യതയുള്ള ധാര്‍മ്മികപ്രശനത്തെക്കുറിച്ചുപോലും നെടുവീര്‍പ്പെടുമ്പോള്‍ പതിറ്റാണ്ടുകളായി ഇക്കൂട്ടര്‍ സൗകര്യപൂര്‍വ്വം മൂടിവെക്കുന്ന ചില ധാര്‍മ്മിക-കാനോനിക പ്രശ്‌നങ്ങളിലേക്കുള്ള ശ്രദ്ധക്ഷണിക്കലാണ് ഈ കുറിപ്പ്.

‘പത്രോസിന്റെ പിന്‍ഗാമിയും സാര്‍വ്വത്രിക സഭയുടെ തലവനുമായ മാര്‍പാപ്പയെ പൂര്‍ണ്ണ ഹൃദയത്തോടെ അനുസരിച്ചുകൊള്ളാമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപ്പോലീത്തായോട് സഭാ നിയമം അനുശാസിക്കുന്ന എല്ലാക്കാര്യങ്ങളിലും പൂര്‍ണ്ണമായ വിധേയത്വം ഞാന്‍ ഏറ്റുപറയുന്നു!’ (സിറോ മലബാര്‍ മെത്രാഭിഷേക കര്‍മ്മത്തില്‍ വി.ഗ്രന്ഥം സാക്ഷിയാക്കി നിയുക്ത മെത്രാന്റെ വിശ്വാസ പ്രഖ്യാപനം) വിശ്വാസ പ്രഖ്യാപനത്തോടൊപ്പം അധികാരികളോടുള്ള പൂര്‍ണ്ണ വിധേയത്വവും അനുസരണവും വി.ഗ്രന്ഥം സാക്ഷിയാക്കി മ്ശംഷാന വാഗ്ദാനം ചെയ്യുന്നതോടെയാണ് തിരുപ്പട്ട ശുശ്രൂഷയിലേക്ക് കടക്കുന്നത്. ‘…ഞങ്ങളുടെ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപ്പോലീത്തായോടും അദ്ദേഹത്തിന്റെ പിന്‍ഗാമികളോടും വിധേയത്വത്തോടെ വര്‍ത്തിച്ചുകൊള്ളാമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ മേലധ്യക്ഷനും പിതാവുമായ _____ മെത്രാനെ പൂര്‍ണ്ണ ഹൃദയത്തോടും വിധേയത്വത്തോടുംകൂടെ അനുസരിച്ചുകൊള്ളാമെന്നും അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെയും കല്പനകള്‍ ഒരിക്കലും ലംഘിക്കുകയില്ലെന്നും ഞാന്‍ ഏറ്റുപറയുന്നു..’

മേലധ്യക്ഷനായ മെത്രാപ്പോലീത്തായോട്, സിറോ മലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തായോട് അനുസരണവും വിധേയത്വമുള്ള എത്ര മെത്രാന്മാരും വൈദികരും എറണാകുളത്തുണ്ട്? പൂര്‍ണ്ണ വിധേയത്വവും അനുസരണവും ഏറ്റുപറഞ്ഞു പട്ടമേറ്റിട്ട് മണിക്കൂറുകള്‍ക്കകം സഭാ നിയമങ്ങളെയും മെത്രാപ്പോലീത്തായുടെയും സഭാ സിന്‍ഡിന്റെയും നിര്‍ദ്ദേശങ്ങളെയും നഗ്‌നമായി ലംഘിച്ചുകൊണ്ട് തോന്നുംപടി പുത്തന്‍കുര്‍ബാന അര്‍പ്പിച്ചുകൊണ്ടല്ലേ ഇന്നും ഈ അതിരൂപതയില്‍ ഓരോ പുരോഹിതനും വൈദിക ജീവിതം ആരംഭിക്കുന്നത്? ഇതില്‍ ഇതുവരെയും ധാര്‍മ്മികവും കാനോനികവുമായ ഒരു തെറ്റും അഭിവന്ദ്യ സഹായമെത്രാന് കാണാന്‍ സാധിച്ചില്ലേ? 1986 ല്‍ പരിശുദ്ധ പിതാവ് വി. ജോണ് പോള്‍ പാപ്പ അതിന്റെ പൂര്‍ണ്ണതയില്‍ അര്‍പ്പിച്ചുകൊണ്ട് ഉത്ഖാടനം ചെയ്ത സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക കുര്‍ബാനക്രമം ജീവിതത്തില്‍ ഒരിക്കലെങ്കിലും അതിന്റെ പൂര്‍ണ്ണതയില്‍ അര്‍പ്പിക്കാത്തവരല്ലേ സഹായമെത്രാന്മാരുള്‍പ്പടെയുള്ള എറണാകുളം അതിരൂപതയിലെ മഹാഭൂരിപക്ഷം പട്ടക്കാരും? എന്തേ ഇത് ധാര്‍മ്മികവും കാനോനികവുമായ പ്രശ്‌നമാകുന്നില്ല? എറണാകുളത്തെ വൈദികരുടെ പിടിവാശിമൂലം ഒത്തുതീര്‍പ്പിനായി വത്തിക്കാന്റെ നിര്‍ദ്ദേശത്തില്‍ പോലും വെള്ളം ചേര്‍ത്തുകൊണ്ട് ഔദ്യോഗിക കുര്‍ബാനയര്‍പ്പണ രീതിയില്‍ സിനഡ് മാറ്റം വരുത്തിയിട്ടും സിനഡിനെയും മെത്രാപ്പോലീത്തായെയും അനുസരിക്കാമെന്നു വാഗ്ദാനം ചെയ്ത് പട്ടമേറ്റ നിങ്ങള്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് വിതയത്തില്‍ പിതാവിനെ ഭീഷണിപ്പെടുത്തി സിനഡ് തീരുമാനം എറണാകുളത്തിന് ബാധകമല്ലെന്ന് ഉത്തരവിറക്കിച്ചില്ലേ? ഇതും നിങ്ങള്‍ക്ക് ധാര്‍മ്മികവും-കാനോനികവുമായ തെറ്റാകുന്നില്ലല്ലോ അല്ലേ!

സിറോ മലബാര്‍ സഭയുടെ ദൈവശാസ്ത്രത്തിനും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമാണെന്നു പൂര്‍ണ്ണബോധ്യമുണ്ടായിട്ടും ജനാഭിമുഖമായേ വി.കുര്‍ബാനയര്‍പ്പിക്കൂയെന്ന് വാശി പിടിക്കുന്നതും, വി. കുര്‍ബാനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ മെത്രാനുപോലും അധികാരമില്ലെന്നിരിക്കേ (സിറോ മലബാര്‍ സഭയുടെ പ്രത്യേക സാഹചര്യത്തില്‍ മെത്രാന് വളരെ പരിമിതമായ അധികാരങ്ങള്‍ അനുവദിക്കുന്നു), വി.കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ വൈദികര്‍പോലും യഥേഷ്ടം വെട്ടിമുറിക്കുന്നതും വി. കുര്‍ബാന പുസ്തകത്തിലെ ഗീതങ്ങള്‍ക്ക് പകരം ആല്‍ബം പാട്ടുകള്‍ കുത്തിനിറക്കുന്നതുമൊന്നും ധാര്‍മ്മിക പ്രശ്‌നങ്ങളായി തോന്നുന്നില്ലെങ്കില്‍ ആ ധാര്‍മ്മികതയ്ക്ക് കാര്യമായ എന്തോ തകരാറുണ്ടെന്ന് പറയാതെ വയ്യ!
വിശ്വാസികളെ സഭയെക്കുറിച്ചും വി.പാരമ്പര്യങ്ങളെക്കുറിച്ചും പഠിപ്പിക്കാതെ ‘ഇതാണ് ഞങ്ങളുടെ വിശ്വാസികള്‍ ആഗ്രഹിക്കുന്നത്; ഞങ്ങള്‍ അവരുടെ ഇഷ്ടമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെ’ന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്നത് എന്ത് ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ്? മാതൃസഭയെ ജീവനുതുല്യം സ്‌നേഹിച്ച, സുറിയാനി സഭാ പാരമ്പര്യങ്ങളെ നെഞ്ചോട് ചേര്‍ത്ത് കാത്തുപരിപാലിച്ച അങ്കമാലിയിലെയും പറവൂരെയും ഇടപ്പള്ളിയിലെയുമൊക്കെ ധീരരായ പിതാക്കന്മാരുടെ ഇളം തലമുറകളെ ലത്തീന്‍ സഭയും സിറോ-മലബാര്‍ സഭയും തമ്മിലുള്ള വ്യത്യാസം പോലും അറിയാന്‍ പാടില്ലാത്ത അത്യന്തം പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിവിട്ട നിങ്ങള്‍ക്ക് എങ്ങനെയാണ് ധാര്‍മ്മികത എന്ന വാക്കുപോലും ഉച്ചരിക്കാന്‍ സാധിക്കുന്നത്? ഇതിനേക്കാളെല്ലാം ഉപരിയായി ‘കലര്‍പ്പില്ലാത്ത തങ്കമെന്ന വ്യാജേന മുക്കുപണ്ടം സമ്മാനിക്കുന്ന പോലെ’ യദാര്‍ത്ഥ വിശ്വാസവും പാരമ്പര്യങ്ങളും വി.കുര്‍ബാനയുടെയും കൂദാശകളുടെയും സമ്പൂര്‍ണ്ണമായ അര്‍പ്പണവും വിശ്വാസികള്‍ക്ക് നിഷേധിച്ചുകൊണ്ട് ഇതിനെല്ലാം പകരമായി തങ്ങള്‍ വ്യഭിചാരിച്ച വിശ്വാസവും ആരാധനാക്രമവും കൂദാശകളും അജ്ഞരായ വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ത് ധാര്‍മ്മികതയുടെപേരിലാണ് നിങ്ങള്‍ നീതീകരിക്കുന്നത്?

വി.കുര്‍ബാന അര്‍പ്പിക്കേണ്ടത് സ്വന്തം സഭയുടെ തിരുവസ്ത്രങ്ങളണിഞ്ഞുതന്നെ വേണമെന്ന സഭാ നിയമമിരിക്കേ ലത്തീന്‍ സഭയുടെ തിരുവസ്ത്രങ്ങള്‍ അണിഞ്ഞു അങ്ങയുടെ അതിരൂപതയിലെ വൈദികര്‍ സിറോ-മലബാര്‍ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ ധാര്‍മ്മികവും-കാനോനികവുമായ പ്രശ്‌നങ്ങളൊന്നുമില്ലേ പിതാവേ? തിരുവസ്ത്രങ്ങള്‍ക്ക് മുകളില്‍ കാവി മുണ്ടു പുതച്ചും തിരുവാതിരപ്പാട്ടുപാടിയും ഓണക്കുര്‍ബാനയെന്ന പേരില്‍ അങ്ങയുടെ വൈദികര്‍ ആഭാസത്തരം കാണിച്ചപ്പോള്‍ ഈ ധാര്‍മ്മികതയും കാനന്‍ നിയമവുമൊക്കെ എവിടെയായിരുന്നു പിതാവേ? സിറോ മലബാര്‍ സഭയില്‍ ആകമാനം വലിയനോമ്പാരംഭിക്കുന്നത് നോമ്പിലെ ആദ്യതിങ്കളാഴ്ച്ച വിഭൂതിയോടെ ആണെന്നിരിക്കെ, സഭാ നിയമങ്ങളെ കാറ്റില്‍പറത്തി ഞങ്ങള്‍ ബുധനാഴ്ച കുരിശുവരപ്പെരുന്നാള്‍ നടത്തിയേ നോമ്പാരംഭിക്കൂ എന്ന് വാശിപിടിക്കുന്നത് എന്ത് ധാര്‍മ്മികതയുടെയും കാനന്‍ നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് പിതാവേ? അഭി. വര്‍ക്കി പിതാവിന്റെ കാലത്ത് ശിശുക്കള്‍ക്ക് പ്രവേശനകൂദാശകള്‍ (മാമ്മോദീസ, സ്ഥൈര്യലേപനം, വി.കുര്‍ബാന) ഒരുമിച്ച് നല്‍കുന്ന പുതിയ ക്രമം സഭയിലാകമാനം നടപ്പിലാക്കിയിട്ടും അതിനു പുറം തിരിഞ്ഞു നില്‍ക്കുന്നതും എറണാകുളം- അങ്കമാലി അതിരൂപതയില്‍ മാമ്മോദീസാ സ്വീകരിക്കുന്ന ശിശുക്കള്‍ക്ക് വി. കുര്‍ബാന നിഷേധിക്കുന്നതും ധാര്‍മ്മികതയും കാനന്‍ നിയമ പരിജ്ഞാനവും കൂടിപ്പോയതുകൊണ്ടാണോ പിതാവേ? ഉയിര്‍പ്പ്,പിറവി തിരുക്കര്‍മ്മങ്ങള്‍ക്കായുള്ള പുതിയ ക്രമം സഭയില്‍ ആകമാനം നടപ്പിലാക്കിയിട്ടും ഇതിനു വിപരീതമായതൊന്നും നിലനില്‍ക്കുന്നതല്ലെന്ന് വ്യക്തമാക്കി മേജര്‍ ആര്‍ച്ബിഷപ്പിന്റെ ഉത്തരവുണ്ടായിട്ടും ഇപ്പോഴും അങ്ങയുടെ വൈദികര്‍ പഴയ ക്രമത്തില്‍ തന്നെ ശുശ്രൂഷകള്‍ നടത്തുന്നതും ധാര്‍മ്മികവും കാനോനികവുമായി ശരിയാണോ പിതാവേ? പെസഹാവ്യാഴാഴ്ച്ച സ്ത്രീകളുടെ കാലുകഴുകരുതെന്നു വത്തിക്കാനില്‍നിന്നുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് സര്‍ക്കുലറിറക്കിയപ്പോള്‍ അതിനെ ധിക്കരിച്ചുകൊണ്ട് സ്ത്രീകളുടെ കാലുകഴുകുകയും അത് മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഇട്ടുകൊടുക്കുകയും ചെയ്ത വൈദികര്‍ക്കെതിരെ എന്തേ ഈ പറഞ്ഞ ധാര്‍മ്മികവും കാനോനികവുമായ പ്രശ്‌നങ്ങളൊന്നും അങ്ങ് ഉയര്‍ത്തിയില്ല?

വരാനിരിക്കുന്ന ധാര്‍മ്മിക പ്രശങ്ങളെപ്പോലും മുന്‍കൂട്ടി കാണുന്ന അഭി. മെത്രാന്‍ അങ്ങയുടെയും സഹോദര വൈദികരുടെയും സ്വാര്‍ത്ഥത മൂലം പതിറ്റാണ്ടുകളായി എറണാകുളം അതിരൂപതയില്‍ നിലനില്‍ക്കുന്ന ഈ ധാര്‍മ്മിക-കാനോനിക പ്രശ്‌നങ്ങളെ കാണാതെ പോകരുത്. സൗകര്യപൂര്‍വ്വം എടുത്തണിയാനും ആവശ്യാനുസരണം ഊരിമാറ്റാനുമുള്ള മൂടുപടമാവരുത് ധാര്‍മ്മികത! ധാര്‍മ്മികതയെ ഒരു മൂടുപടമായി കാണുന്നവരെ ഉദ്ദേശിച്ചാവണം ‘വ്യക്തിപരമായി ഇഷ്ടമില്ലാത്തവര്‍ക്കെതിരേ നാം സ്വീകരിക്കുന്ന മനോഭാവമാണ് ധാര്‍മ്മികത’യെന്ന് ഐറിഷ് കവി ഓസ്‌കര്‍ വൈല്‍ഡ് കുറിച്ചത്!
ശുഭം!

വാല്‍ക്കഷ്ണം:

അതിരൂപതാധ്യക്ഷനെന്ന നിലയിലും മേജര്‍ ആര്‍ച്ച്ബിഷപ്പെന്നനിലയിലും പൂര്‍ണ്ണമായ അനുസരണവും വിധേയത്വവും നല്‍കേണ്ട സഹായമെത്രാന്മാരും വൈദികരും ശ്രേഷ്ഠ മെത്രാപ്പോലീത്തായോടും സഭാ സിന്‍ഡിനോടും ഇത്ര വലിയ അനുസരണക്കേടുകളും സഭാ നിയമ ലംഘനങ്ങളും നടത്തിയിട്ടും തല്‍സ്ഥാനങ്ങളില്‍ തുടരുന്നത് ധാര്‍മ്മികമായും കാനോനികമായും ശരിയാണല്ലല്ലോല്ലേ? ഇവരെയൊക്കെ ചുമക്കാന്‍ എന്ത് പാപമാണോ എറണാകുളത്തെ പാവം വിശ്വാസികള്‍ ചെയ്തത്!

Scroll To Top