Friday June 22, 2018
Latest Updates

സുരക്ഷയെകുറിച്ച് മലയാളിയുടെ അറിവുകള്‍ (ദുബായി വിമാന വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചിന്ത )

സുരക്ഷയെകുറിച്ച് മലയാളിയുടെ അറിവുകള്‍ (ദുബായി വിമാന വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചിന്ത )

ളരെ വേദന തോന്നി ആ വീഡിയോ കണ്ടപ്പോള്‍.
തിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് വന്ന EK 521 ഇന്നലെ (03/08/2016) ക്രാഷ് ലാന്‍ഡ് ചെയ്തതിനു ശേഷം ഉള്ള വീഡിയോ ദൃശ്യങ്ങള്‍ ഒരു സുഹൃത്ത് ഷെയര്‍ ചെയ്തതു കണ്ടു.
ആള്‍ക്കാരൊക്കെ പലരും അവരുടെ ക്യാബിന്‍ ബാഗും, ലാപ്‌ടോപ്പും ഒക്കെ എടുക്കുവാനായി തിരക്കു കൂട്ടുന്നു.
ക്യാബിന്‍ ക്രൂവില്‍ ഒരാള്‍ ‘ഗെറ്റ് ഔട്ട് സൂണ്‍ ആന്‍ഡ് ലീവ് യുവര്‍ ബാഗേജ് ബിഹൈന്‍ഡ്’ എന്നു പറഞ്ഞു പുറകെ പായുന്നു.
മലയാളികളുടെ സുരക്ഷയെ ക്കുറിച്ചുള്ള അറിവ് (safety awareness) എത്ര പരിമിതമാണ് എന്ന് ഇതു കണ്ടാല്‍ മനസ്സിലാകും.
ക്രാഷ് ലാന്‍ഡ് ചെയ്തതിനു ശേഷമുള്ള ഓരോ നിമിഷവും വളരെ പ്രധാനപ്പെട്ടത് ആണ്.
ഒരു രണ്ടു മിനുട്ടു കൂടി താമസിച്ചിരുന്നുവെങ്കില്‍ അപകടം ഭീകരമായേനെ.
നമ്മള്‍ ക്യാബിന്‍ ബാഗും, ലാപ്‌ടോപ്പും ഒക്കെ എടുക്കുന്ന ഓരോ സെക്കണ്ടും പല ജീവനുകള്‍ക്ക് ഭീഷണി ആണ്.
ക്യാബിന്‍ ക്രൂവിന്റെ അവസരോചിതമായ ഇടപെടലാണ് ആര്‍ക്കും കാര്യമായ പരിക്കൊന്നുമില്ലാതെ എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയത്.
ഒരു അത്യാഹിതം (casualty) ഉണ്ടാകുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് ‘ജീവനാണ് ഏറ്റവും വിലപ്പെട്ടത്’ എന്നാണ്.
ജീവനില്ലാത്ത എന്തും നമുക്ക് പിന്നീട് ഉണ്ടാക്കിയെടുക്കാന്‍ പറ്റും!
വിമാന യാത്രയില്‍ ശ്രദ്ധിക്കേണ്ട വായിച്ചറിഞ്ഞ പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ആണ് താഴെ പറയുന്നത്
1) സുരക്ഷാ പ്രസ്താവന (safety announcement) വളരെ ശ്രദ്ധയോടെ കേള്‍ക്കുക. സീറ്റില്‍ വച്ചിരിക്കുന്ന സുരക്ഷാ കാര്‍ഡുകള്‍ വിമാത്തില്‍ കയറുമ്പോളെ ശ്രദ്ധയോടെ വായിക്കുക.
2) പുറത്തേക്കുള്ള വാതിലുകള്‍ (exit door) എവിടെയെന്ന് നോക്കി വയ്ക്കുക. നിങ്ങളുടെ സീറ്റില്‍ നിന്നും എത്ര മുന്‍പിലാണ്/ പുറകിലാണ് പുറത്തേക്കുള്ള വാതിലുകള്‍ എന്ന് സീറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തുക. കാരണം പുക നിറയുക ആണെങ്കില്‍ വാതില്‍ കണ്ടു പിടിക്കുക പ്രയാസം ആയിരിക്കും, അപ്പോള്‍ സീറ്റുകള്‍ എണ്ണി ഏറ്റവും അടുത്ത വാതിലില്‍ കൂടി പുറത്തിറങ്ങാന്‍ പറ്റും.
3) അപകടം ഉണ്ടായി എന്നറിഞ്ഞാല്‍ പരിഭ്രമിച്ചു (panic) ബഹളം ഉണ്ടാക്കാതിരിക്കുക. അങ്ങിനെ ചെയ്താല്‍ ഒന്നാമതായി സുരക്ഷാ ഉദ്യോഗസ്ഥരും, ക്യാബിന്‍ ക്രൂ മെംബേര്‍സും പറയുന്നത് ഒന്നും നമുക്കും കൂടെ ഉള്ളവര്‍ക്കും കേള്‍ക്കാന്‍ പറ്റില്ല. കൂടാതെ പാനിക് ആയാല്‍ നമ്മളുടെ റിഫ്‌ലക്‌സ് പ്രവര്‍ത്തിക്കില്ല. അതുകൊണ്ട് വളരെ സമ ചിത്തതയോടെ, അക്ഷോഭ്യരായി എത്രയും പെട്ടെന്ന് പുറത്തിറങ്ങാന്‍ നോക്കുക.
4 ) കഴിവതും വെറും കയ്യോടെ ഇറങ്ങുക. ക്യാബിന്‍
ബാഗേജ്, ലാപ് ടോപ് തുടങ്ങി കൂടെയുള്ള സാധനങ്ങള്‍ ഒന്നും കൂടെ എടുക്കാന്‍ ശ്രമിക്കാതിരിക്കുക. സമയം താമസിക്കാതിരിക്കാന്‍ മാത്രമല്ല, നിങ്ങളുടെ രണ്ടു കയ്യും പെട്ടെന്ന് പുറത്തിറങ്ങാനായി ആവശ്യം വരും. ഓര്‍മിക്കുക താമസിക്കുന്ന ഓരോ നിമിഷവും നിങ്ങളുടെ മാത്രം അല്ല, കൂടെയുള്ള പലരുടെയും ജീവന്‍ അപകടത്തില്‍ ആക്കും. Always Remember: ‘Leave everything behind except your/ fellow passengers life ‘
5) കുട്ടികളുണ്ടെകില്‍ അവരെ തൊട്ടു പുറകിലായി കൈ പിടിച്ചു നടത്തുക/ കൊച്ചു കുട്ടികളെ എടുക്കുക. കുനിഞ്ഞു പോകാന്‍ പറ്റിയാല്‍ പുക മുഖത്ത് നേരിട്ട് അടിക്കുന്നത് കുറയും. പുക പലപ്പോളും വിഷമയമായതും, കട്ടിയുള്ളതും ആയിരിക്കും. കഴിവതും ഇത് ശ്വസിക്കാതിരിക്കാന്‍ ശ്രമിക്കുക. നനവുള്ള തുണി കൊണ്ട് നമ്മളുടെയും, കുട്ടികളുടെയും മുഖം മറയ്ക്കുന്നത് പുക ഒഴിവാക്കാന്‍ പറ്റും.
6 ) ‘ഗോള്‍ഡന്‍ സമയം’ (golden period) എന്നാല്‍ 2 മിനിട്ടാണ്. ഇതിനകം പുറത്തു കടക്കുക മാത്രമല്ല, പ്ലെയിനില്‍ നിന്നും പരമാവധി ദൂരത്തേക്ക് ഓടി പോകുക (കുറഞ്ഞത് 500 അടി (ഏകദേശം150 മീറ്റര്‍ എങ്കിലും)) യും വേണം. കാരണം ഇന്ധനത്തില്‍ തീ പിടിച്ചാല്‍ ഉടനെ പൊട്ടിത്തെറിക്കുള്ള സാധ്യത ഉണ്ട്.
കൂടുതല്‍ വായനയ്ക്ക്: The Survivors Club – The Secrets and Science That Could Save Your Life: Author: Ben Sherwood
കടപ്പാട്:സുരേഷ് സി പിള്ള(സ്ലൈഗോ)

Scroll To Top