Monday August 21, 2017
Latest Updates

എഴുതാന്‍ മറന്ന കഥകള്‍ (മിനി കഥ-സാജു കോഴിമല)

എഴുതാന്‍ മറന്ന കഥകള്‍ (മിനി കഥ-സാജു കോഴിമല)

ക്രവാളങ്ങള്‍ക്കപ്പുറത്തേയ്ക്ക് രാത്രിക്ക് കനംവെച്ചു തുടങ്ങിയിരിക്കുന്നു.

ഇണപിരിഞ്ഞുകിടക്കുന്ന മുറ്റത്തേ മുല്ലവള്ളികളില്‍,ചീവീടുകളുടെ കരച്ചില്‍ കേള്‍ക്കാം.കോടമഞ്ഞിലെ കുളിര്‍കാറ്റില്‍ അവ ഗര്‍ഭം ധരിച്ച്, മുറ്റത്തെ ചരല്‍ മണ്ണില്‍ മുല്ലപൂക്കള്‍ പിറന്നുവീഴും.കിഴക്കന്‍ കാറ്റില്‍ അവയുടെ സുഗന്ധം ഓര്‍മ്മകളുടെ തലമുടിയില്‍ പൂമാല ചൂടിയപ്പോള്‍, അയാള്‍ വരാന്തയില്‍നിന്നും മുറ്റത്തേയ്ക്കിറങ്ങി,ഒരു ബീഡിക്ക് തീകൊളുത്തി. ബീഡിയുടെ വെള്ളപുകയോടൊപ്പം അയാളുടെ ഓര്‍മകളും എരിഞ്ഞുതുടങ്ങി.

കുടുബം പോറ്റാന്‍ അച്ഛന്‍ പാറമടയില്‍ കല്ലിനു പകരം,അന്ന് തല്ലിയുടച്ചത് തന്നേകുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു…. കണ്ണിന്റെ കാഴ്ച്ചപോലെ നേര്‍ത്ത് നേര്‍ത്ത് പോയത് അമ്മയുടെ തന്നേകുറിച്ചുള്ള പ്രതീക്ഷകളായിരുന്നു….
ഉമ്മറത്തെ തുരുമ്പിച്ച തയ്യല്‍ മെഷീനിന്റെ പിന്നില്‍ പെങ്ങള്‍ തുന്നിയത് കണ്ണീരില്‍ കുതിര്‍ന്ന മംഗല്യ സ്വപ്നങ്ങളായിരുന്നു….

കവിതയൂതി അടുപ്പിലിട്ടാല്‍ ചോറാവില്ലന്നമ്മ പറഞ്ഞത് ജീവിതം വരികളാക്കിയ എന്നോടായിരുന്നു …..
ബീഡികെട്ടിയിരുന്ന ചുവന്ന നൂല്‍ കത്തുന്നതിന്റെ മുന്‍പേ ഒന്നുകൂടി അഞ്ഞുവലിച്ചു അയാള്‍. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വീടു വിട്ടിറങ്ങുമ്പോള്‍, വീട്ടിലെ പട്ടിണിയും മാറ്റണം തന്റെ കവിതകള്‍ അച്ചടിമഷിപുരണ്ടും കാണണമെന്ന അത്യാഗ്രഹം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ.ബോംബേയെന്ന മഹാനഗരത്തില്‍ ഒരുപാട് അലച്ചിലുകള്‍ക്കൊടുവില്‍ ഒരു നല്ല ജോലി കിട്ടി.ജീവിതം ആനന്ദകരമായപ്പോള്‍ തന്റെ കവിത മറന്നു, വീട് മറന്നു.വല്ലപ്പോഴും എച്ചില്‍പോലെ വലിച്ചെറിയുന്ന മണിഓര്‍ഡറുകള്‍ മാത്രമായി വീടുമായുള്ള ബന്ധം.

ദൈവം അനുഗ്രഹങ്ങള്‍ വാരികോരി തരുമ്പോള്‍ കടന്നുപോയ വഴികള്‍ മറക്കരുതെന്ന അമ്മയുടെ ഓര്‍മ്മപെടുത്തല്‍ അസ്സഹ്യമായി തോന്നിയ നാളുകള്‍.കാലങ്ങള്‍ ശരവേഗത്തില്‍ പാഞ്ഞുകൊണ്ടിരുന്നു. പതിവുപോലെ, വൈകുന്നേരങ്ങളില്‍ കൂട്ടുകാരന്‍ കൊണ്ടുവരാറുള്ള മദ്യകുപ്പിയുടെ പൊതിച്ചില്‍ അഴിക്കുമ്പോള്‍ കണ്ണിലുടക്കിയ പത്രവരികള്‍ മിന്നല്‍പിണര്‍ പോലെ അയാളുടെ തലയിലൂടെ കടന്നുപോയി. 
അച്ഛന്‍ തൂങ്ങിയ മാവും,അമ്മയും പെങ്ങളും വിഷംകുടിച്ച അടുക്കളയും പത്രവരികളായിട്ട് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു.
കിഴക്കന്‍ കാറ്റിന്റെ ചുളംവിളി അയാളെ ഓര്‍മകളില്‍നിന്നും ഉണര്‍ത്തി.ബീഡികള്‍ വരിവരിയായി നിന്ന് മരണം ചോദിച്ചു വാങ്ങികൊണ്ടിരുന്നു അയാളുടെ മുന്‍പില്‍.ഉമ്മറത്തേയ്ക്ക് അയാള്‍ നോക്കി.കളിയും ചിരിയും ഉപേക്ഷിച്ച് എല്ലാവരും എവിടേയോ പോയിമറഞ്ഞിരിക്കുന്നു. 
നോവുന്ന കനലും, വേവുന്ന ചിന്തകളുംമായി ഊര് തെണ്ടിപ്പോയ ഞാന്‍ മാത്രം ബാക്കി.നെഞ്ചിലെ നീറ്റല്‍ താങ്ങവുന്നതിനപ്പുറമായപ്പൊള്‍ അയാള്‍ തൊടിയിലേയ്ക്കിറങ്ങി.അച്ഛന്‍ നട്ടുനനച്ച മാവിന്റെ നഷ്ട്ടശിഖരങ്ങളില്‍ അച്ഛനേ കണ്ടു.
പെങ്ങളുടെ ഓര്‍മ്മകള്‍,അവളുടെ കരിവളകള്‍പോലേ ഉടച്ചുകളഞ്ഞു അയാളുടെ നെഞ്ചകം.അയാളുടെ കണ്ണീര്‍വറ്റിയ മിഴികള്‍ തെക്കേ വളപ്പിലേ ചെമ്പകചോട്ടിലെ അമ്മയുടെ സമാധിയിലേയ്ക്കു നീണ്ടു. 
അമ്മയുടെ കാല്ക്കലിരുന്നു ഒരു കൊച്ച് കുട്ടിയപോലെ അയാള്‍ ഏങ്ങികരഞ്ഞു.ചെമ്പകപ്പൂക്കള്‍ അമ്മയുടെ തലോടല്‍പോലെ അയാളുടെ മുകളിലേയ്ക്ക് വീണുകൊണ്ടിരുന്നു.അമ്മയുടെ മടിയില്‍ കിടക്കുമ്പോഴുള്ള കാച്ചിയ എണ്ണയുടെ മണംപോലേ, അമ്മയുടെ കാല്ക്കല്‍ കത്തിതീര്‍ന്ന എണ്ണത്തിരിയുടെ മണം അയാളെ വല്ലാതെ നൊമ്പരപെടുത്തികൊണ്ടിരുന്നു.
അകലെ കുന്നിന്‍ചെരുവില്‍ നിലാവ് അരിച്ചിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. കിഴക്കന്‍കാറ്റിന്റെ ചുളംവിളിമാത്രം ഉയര്‍ന്നു കേള്‍ക്കാം.തൊട്ടടുത്തുനിന്ന മാവിന്റെ നെറുകയിലെയ്ക്കു അയാള്‍ വലിഞ്ഞുകയറി.ഇപ്രാവശ്യം അച്ഛന്റെ വീഴുമെന്നുള്ള ശകാരവും, സൂക്ഷിക്കണേ മോനേയെന്നുള്ള അമ്മയുടെ മുന്നറിയിപ്പും ഒരിടത്തുനിന്നും കേട്ടില്ല.അയാള്‍ ഉടുമുണ്ടഴിച്ച് അച്ഛനെന്നും ഊഞ്ഞാല്‍കെട്ടാറുള്ള കൊമ്പില്‍ത്തന്നേ മുറുക്കേ കെട്ടി.saju 
രാപക്ഷികള്‍ അയാളുടെ പ്രാണന്റെ തുടിപ്പുകളും കൊത്തിപറന്നകന്നു. കുന്നിന്‍ചെരുവിലെ മുളങ്കാടുകള്‍ കിഴക്കന്‍ കാറ്റില്‍ അലറിക്കരഞ്ഞു. അപ്പോഴും ഇലകളുടെ മറവില്‍ മുറ്റത്തേ മുല്ലവള്ളികള്‍ ഇണപിരിഞ്ഞുകൊണ്ടിരുന്നു..

സാജു കോഴിമല,ഡബ്ലിന്‍

Scroll To Top