Monday December 05, 2016
Latest Updates

ട്രോളികളിലെ രോഗികളെ വാര്‍ഡുകളിലേയ്ക്കയയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം,അയര്‍ലണ്ടിലെ നഴ്‌സുമാരുടെ ജോലിഭാരം ഇരട്ടിയാവും 

ട്രോളികളിലെ രോഗികളെ വാര്‍ഡുകളിലേയ്ക്കയയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം,അയര്‍ലണ്ടിലെ നഴ്‌സുമാരുടെ ജോലിഭാരം ഇരട്ടിയാവും 

ഡബ്ലിന്‍:രാജ്യത്തെ ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ 9 മണിക്കൂറില്‍ അധികം രോഗികളെ ട്രോളികളില്‍ കിടത്താന്‍ പാടില്ലെന്ന് പുതിയ നിര്‍ദേശം.അത്തരം അവസ്ഥ സംജാതമായാല്‍ മറ്റ് വാര്‍ഡുകളിലേയ്ക്ക് രോഗിയെ മാറ്റി ശുശ്രൂഷ നല്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ലിയോ വരേദ്കറും എച്ച് എസ് ഇ ഡയറക്ടര്‍ ടോണി ഓ ബ്രിയാനും സംയുക്ത നിര്‍ദേശത്തില്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.

നിലവിലുള്ള വാര്‍ഡുകളില്‍ കൂടുതല്‍ ബെഡ്ഡുകള്‍ ക്രമീകരിച്ചോ,നിലവില്‍ അഡ്മിറ്റായ രോഗികളെ ഡിസ്ചാര്‍ജ് ചെയ്‌തോ ഓവര്‍ ക്രൗഡിംഗ് ഒഴിവാക്കാനാണ് നിര്‍ദേശം.ട്രോളികളില്‍ കൂടുതല്‍ സമയം രോഗികളെ കിടത്തുകയോ,നിലവില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന ക്രമീകരണ നിര്‍ദേശങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ ഓരോ തവണയും ആശുപത്രികള്‍ 10,000 യൂറോ വീതം പിഴ അടയ്‌ക്കേണ്ടി വരും.ഇവ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള ഫണ്ടില്‍ നിന്നാവും ഈടാക്കുക.

രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റ് മാറ്റിവെച്ചോ,നിശ്ചിതമായ മറ്റ് അപ്പോയിന്റുകള്‍ മാറ്റി വെച്ചോ ആയാലും ട്രോളി പ്രതിസന്ധി ഒഴിവാക്കുക മാത്രമാണ് വരേദ്കരുടെ ശ്രമം.ഇത്തരത്തിലുള്ള ‘നാണക്കേടില്‍ നിന്നും എച്ച് എസ് ഇ യെ രക്ഷിക്കുന്ന ആശുപത്രികള്‍ക്ക് ഏതാനം പിഴകള്‍ ഇളവ് ചെയ്തു നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ഡുകളില്‍ അഡീഷണല്‍ ബെഡ്ഡുകള്‍ ക്രമീകരിക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ട്രോളികളിലെ തിരക്ക് ഒഴിവാക്കാതെ നിവൃത്തിയില്ലാത്തതിനാല്‍ അവസാനഘട്ടം എന്ന നിലയില്‍ രോഗികളെ വാര്‍ഡുകളിലേയ്ക്ക് മാറ്റുക തന്നെ ചെയ്യുമെന്നും മന്ത്രി വരേദ്കര്‍ പറഞ്ഞു.

ട്രോളിയിലുള്ള രോഗികളെ വാര്‍ഡുകളിലേയ്ക്ക് മാറ്റുന്നതോടെ വാര്‍ഡുകളിലെ നഴ്‌സുമാരുടെ ജോലിഭാരവും വര്‍ദ്ധിക്കും.രാജ്യത്തെ മിക്ക ആശുപത്രികളിലും ഇപ്പോള്‍ തന്നെ നഴ്‌സുമാരുടെ നിരവധി ഒഴിവുകളാണ് ഓരോ വാര്‍ഡിലും ഉള്ളത്.ഇവരെ കൊണ്ട് കൂടുതല്‍ രോഗികളുടെ പരിചരണം ഏറ്റെടുപ്പിക്കാന്‍ ആശുപത്രി അധികൃതരും നിര്‍ബന്ധിതരാവും.

Scroll To Top