Wednesday May 23, 2018
Latest Updates

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നു?!…ഇല്ല…ഈ വാര്‍ത്ത സത്യമല്ലെന്ന് സാമ്പത്തിക വിദഗ്ദന്‍ !

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് വര്‍ദ്ധിക്കുന്നു?!…ഇല്ല…ഈ വാര്‍ത്ത സത്യമല്ലെന്ന് സാമ്പത്തിക വിദഗ്ദന്‍ !

ഡബ്ലിന്‍:ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി യൂണിയനുകള്‍ സമരത്തിനൊരുങ്ങുമ്പോഴും, രാജ്യത്ത് ജീവിതച്ചെലവ് വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് വാദമുയരുമ്പോഴും, സത്യത്തില്‍ ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ശരിക്കും രാജ്യത്ത് ജീവിതച്ചെലവ് ഏറുന്നുണ്ടോ? ഇല്ല എന്നാണ് ധനകാര്യ വിദഗ്ദ്ധനായ ഡേവിഡ് മര്‍ഫി പറയുന്നത്.

ചില സാധനങ്ങള്‍ക്ക് വില കൂടിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ പൊതുവെ പണപ്പെരുപ്പം ഒരു വര്‍ഷമായി താഴ്ന്ന നിലയിലാണ്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം ഒക്ടോബര്‍ വരെയുള്ള 12 മാസത്തിനിടെ സാധനങ്ങളുടെ വില 0.3% താഴ്ന്നിരിക്കുന്നതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതില്‍ ഭക്ഷണം, മദ്യം എന്നിവയുടെ വിലയില്‍ 2.2% കുറവും, പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ യഥാക്രമം 1.7%, 0.5% കുറവും സംഭവിച്ചിട്ടുണ്ട്. വസ്ത്രങ്ങളുടെ വില 2.6%വും താഴ്ന്നു.

പക്ഷേ പൊതു,സ്വകാര്യ ജീവനക്കാര്‍ എന്നിട്ടും ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്നതിന് കാരണം എന്താകാം? വാടകയിലുണ്ടായ ഭീമമായ വര്‍ദ്ധനവു തന്നെയാണ് പ്രധാന കാരണം. ഒരു വര്‍ഷത്തിനിടെ 10% ആണ് രാജ്യത്ത് വാടക വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണിത്. ഇനി ഒരു വീട് വാങ്ങാമെന്നു വച്ചാലോ, വില 7.3% വര്‍ദ്ധിച്ചിരിക്കുന്നു. മോര്‍ട്ട്ഗേജ് നിരക്കില്‍ 0.4% കുറവ് വന്നിരിക്കുന്നു എന്നതാണ് ഈ മേഖലയെ സംബന്ധിച്ചിടത്തോളം ഏക ആശ്വാസം.

കുത്തകകളെ വാടകയ്ക്കുള്ള ഭവനമേഖലപോലും കൈയടക്കി വെയ്ക്കാന്‍ അനുമതി നല്‍കിയതിന്റെ അനന്തരഫലം മാത്രമാണിത്.ആവശ്യത്തിനുള്ള വീടുകള്‍ പണിയാന്‍ സാധാരണക്കാര്‍ക്ക് അവസരം കിട്ടുന്നുമില്ല.ഭവന മേഖലയില്‍ കോടികള്‍ മുടക്കിയ കുത്തകകളെ സംതൃപ്തരാക്കാനുള്ള തന്ത്രപ്പാടിലാണ് എന്‍ഡ കെന്നിയുടെ സര്‍ക്കാര്‍.

ചൈല്‍ഡ് കെയര്‍ ചെലവ് ഒരു വര്‍ഷത്തിനിടെ 2.4% വര്‍ദ്ധിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് 30% എന്ന കൂറ്റന്‍ വര്‍ദ്ധനയാണ് നേരിട്ടിരിക്കുന്നത്.വ്യാജ അപകടങ്ങള്‍ ഉണ്ടാക്കുന്നുവെന്നും,കോടതിയ്ക്ക് പുറത്തു വെച്ച് അഭിഭാഷകരും,ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയായും ചേര്‍ന്ന് ,കോടിക്കണക്കിന് മില്യണ്‍ നഷ്ടപരിഹാരം കമ്പനികളില്‍ നിന്നും വസൂലാക്കുന്നുവെന്നും ഏവര്‍ക്കും അറിയാവുന്ന സത്യമാണെങ്കിലും പ്രതിരോധ നടപടികള്‍ ഒന്നും നടപ്പിലാക്കാത്തതിന്റെ ഫലമാണ് ജനങ്ങളുടെ അക്കൗണ്ടില്‍ നിന്നും കൂടുതല്‍ പണം ഈ ഇനത്തില്‍ ചിലവാക്കുന്നത്.(ഈയിടെയായി 8%ത്തോളം കുറവുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു).

ഇതിനെല്ലാം പുറമെ ടാക്സ് എന്ന ബാധ്യതയും പല കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്നു. ഒരു ശരാശരി ഐറിഷുകാരന്‍ 30000 യൂറോയാണ് ടാക്സ് നല്‍കേണ്ടത്. 70,000 യൂറോയിലേറെ സമ്പാദിക്കുന്നവര്‍ 50%ലേറെ ടാക്സായി നല്‍കേണ്ടിവരുന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ് ഇത്.

ചുരുക്കിപ്പറഞ്ഞാല്‍ സാധനങ്ങള്‍ക്കുണ്ടായ വിലക്കയറ്റമല്ല, ചെലവ് വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. ഇപ്പോള്‍ മനസ്സിലായില്ലേ എന്തിനാണ് തൊഴിലാളി യൂണിയനുകള്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുന്നതെന്ന്?കഴിവുകെട്ട ഒരു സര്‍ക്കാരില്‍ നിന്നും പക്ഷെ, ഇതിലപ്പുറം  ഒന്നും പ്രതീക്ഷിക്കേണ്ടതില്ല!

Scroll To Top