Saturday October 20, 2018
Latest Updates

പരീക്ഷാക്കാലമായി കുട്ടികളെ പഠിക്കാന്‍ സഹായിക്കാം

പരീക്ഷാക്കാലമായി കുട്ടികളെ പഠിക്കാന്‍ സഹായിക്കാം

ഡബ്ലിന്‍ :ഒട്ടേറെ കുട്ടികള്‍ ജൂനിയര്‍-ലീവിംഗ് സെര്‍ട്ട് സര്‍ട്ടിഫിക്കറ്റ് പരീക്ഷയെഴുതാന്‍ ഒരുങ്ങുകയാണ്. കഠിനാദ്ധ്വാനത്തിന്റെയും ടെന്‍ഷന്റെയുമൊക്കെ കാലമാണ് ഇത്.മക്കളുടെ പഠനത്തെ എങ്ങനെ സഹായിക്കാമെന്നതു സംബന്ധിച്ച് വിദ്യാഭ്യാസ ,ക്ലിനിക്കല്‍ രംഗത്ത് കാല്‍ നൂറ്റാണ്ട് അനുഭവ സമ്പത്തുള്ള ഡേവിഡ് കാരി എന്താണ് പറയുന്നത് നോക്കാം.

ടെന്‍ഷന്‍ ഫ്രീയായിരിക്കുക എന്നതാണ് പ്രധാന കാര്യമെന്ന അടിക്കുറിപ്പോടെയാണ് കാരി സംസാരിച്ചു തുടങ്ങിയത്.എത്രസമയം പഠിക്കണമെന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ പ്രയാസമാണ്.നാലോ അഞ്ചോ മണിക്കുറുകള്‍ വരെ പരീക്ഷാക്കാലത്ത് പഠിക്കാവുന്നതാണ്.അത് തുടര്‍ച്ചയായി വേണ്ട ഇടയ്ക്കിടെ ചില ബ്രേക്കുകളൊക്കെ എടുത്ത് ഫ്രീയാവുക വീണ്ടും പഠിക്കുക അതായിരിക്കണം രീതി. തുടര്‍ച്ചയായി ഏഴു മണിക്കൂര്‍ പഠിക്കാന്‍ പാടില്ല.ഒരു മണിക്കൂറിനു ശേഷം പത്ത് മിനിറ്റ് ബ്രേക്ക് എടുക്കുന്നതാണ് ഉത്തമം.ഇതൊക്കെ വ്യക്തികളെ ആശ്രയിച്ചാണ് തീരുമാനിക്കേണ്ടത്.

പഠനത്തില്‍ ഓരോരുത്തര്‍ക്കും കംഫര്‍ട് ആയതെന്തോ അത് തിരിച്ചറിയുക.ഏകാഗ്രതയോടെ പഠിക്കുന്നതിനുള്ള കഴിവ് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.ചിലര്‍ക്ക് 50 മിനിറ്റേ സാധിക്കൂ. ചിലര്‍ക്ക് 2മണിക്കൂര്‍ കഴിയും.പഠനത്തിന്റെ ഇടവേളകളില്‍ എന്തെങ്കിലും ചെറുതായി കഴിക്കുക.നല്ല വായു ശ്വസിക്കുക, ചലനാത്മകമായിരിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്.ചിലര്‍ മണിക്കൂറുകള്‍ തുടര്‍ച്ചയായി പഠിക്കുന്നതു കണ്ടാല്‍ ശരി നാളെയാകാം, പിന്നെയാകാം ,വാ നമുക്കൊന്നു നടക്കാം എന്നൊക്കെ പറഞ്ഞ് അവരെ ഒപ്പം കൂട്ടുക(പക്ഷെ പ്രായോഗികമായി ചിന്തിക്കുക എന്നതാണ് വേണ്ടത് !)

ഉറക്കം പ്രധാന വിഷയമാണ്.കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും കുട്ടിയെ ഉറങ്ങാന്‍ അനുവദിക്കണം.പത്തുമണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാന്‍ അനുവദിക്കുകയുമരുത്.കുട്ടികള്‍ അതിരാവിലെ ഉണര്‍ന്നു പഠിക്കുന്നതു നല്ലതാണ്. അതിന് ഒരു കുഴപ്പവുമില്ല.
പരീക്ഷാ സമയത്ത് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കള്‍ പ്രഭാഷണമൊന്നും നടത്തേണ്ട. അത് കുട്ടികളില്‍ സമ്മര്‍ദത്തിനു കാരണമാകും പഠനം വളരെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും പഠനം മാത്രമല്ല ഒരാളുടെ ജീവിതത്തെ നിര്‍വചിക്കുന്നതെന്നു നാം തിരിച്ചറിയണം.അവര്‍ ഫ്രീ ആയി പഠിക്കട്ടെ.

അവരെ പ്രോല്‍സാഹിപ്പിക്കുക, പഠിക്കാന്‍ സഹായിക്കുക. ഇടയ്ക്കിടെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന് അന്വേഷിച്ച് അത് നിവര്‍ത്തിക്കുക,

പഠിക്കുന്നുണ്ടോയെന്നു ഒളിഞ്ഞുനോക്കേണ്ടതിന്റെയൊന്നും ആവശ്യമില്ല.പഠനത്തിനിടയില്‍ അവര്‍ സംസാരിക്കുകയാണോ,സംസാരിക്കട്ടെ. അത് നമ്മളോട് കൂടി പങ്കുവെയ്ക്കുകയാണോ അതാസ്വദിക്കുക.അതല്ലാതെ പരീക്ഷയാണ് മിണ്ടാതിരുന്ന് പഠിക്ക് എന്ന ശൈലി ഒഴിവാക്കാം.

പരീക്ഷയെഴുതുന്നതിനുള്ള ഒരുക്കങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.ചില കുട്ടികള്‍ എല്ലാം തനിയെ ഒരുക്കും . ചിലര്‍ക്ക് നമ്മുടെ സഹായം വേണ്ടി വരും. അത് സന്തോഷത്തോടെ നിര്‍വഹിച്ചുകൊടുക്കുക.എല്ലാ കാര്യങ്ങളും ആവശ്യപ്പെടാതെ ഒരുക്കിക്കൊടുക്കുന്നതും നന്നല്ല.ആവശ്യപ്പെട്ടാല്‍ സഹായിക്കുക,ഇല്ലെങ്കില്‍ വേണ്ട.

ടെന്‍ഷന്‍ ഫ്രീയാക്കുന്നതിന് ഏറ്റവും പ്രധാനം ശുദ്ധവായു ശ്വസിക്കുകയെന്നതാണ്.ചെറിയ രീതിയിലുള്ള ശ്വസന വ്യായാമങ്ങളും ചെയ്യാവുന്നതാണ്.ഇത് പലതവണ ആവര്‍ത്തിക്കണം.ശരിയായ ശ്വസനം വളരെ പ്രധാനപ്പെട്ടതാണ്.സ്മാര്‍ട്ഫോണില്‍ വിവിധ ശ്വസനക്രിയകള്‍ നമുക്ക് ലഭിക്കും. അത് അവരെ ശീലിപ്പിക്കുക.

പരീക്ഷാത്തലേന്ന് കുട്ടിയെ നന്നായി ഉറങ്ങാന്‍ വിടണം. ഒപ്പം എല്ലാ സംഗതികളും പഠിച്ചുവെന്നും ഒരുക്കങ്ങളെല്ലാം കൃത്യമായി നടത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്തണം.

പഠനത്തെ ഒരു നാശമായി, ഒരു ഭാരമായി മാറ്റാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം.ഇടയ്ക്ക് നന്നായി പഠിച്ചു കഴിഞ്ഞോയെന്ന് കുട്ടിയോട് ചോദിക്കണം. പഠിച്ചുവെന്നാണ് ഉത്തരമെങ്കില്‍ അവനെ അനുമോദിക്കണം. നല്ല പരിശ്രമമാണ് നീ നടത്തിയത്. നിനക്ക് അതിന്റെ ഫലം കിട്ടും. ഇനി അതിനെക്കുറിച്ചോര്‍മ്മിക്കുകയേ വേണ്ട സന്തോഷമായിരിക്കൂ എന്നൊക്കെ പറയുക. പഠിച്ചില്ല എന്നാണ് മറുപടിയെങ്കില്‍
നമുക്ക് നോക്കാം, എങ്ങനെയാണ് റിസള്‍ട്ടെന്നു കാണാം.ഈ പാഠങ്ങള്‍ കൂടി പഠിച്ചില്ലെങ്കില്‍ നല്ല റിസള്‍ട്ട് കിട്ടാന്‍ സാധ്യതയില്ല എന്നൊക്കെ പറഞ്ഞുകൊടുക്കണം.

പഠനത്തോട് താല്‍പര്യം കാണിക്കാത്ത കുട്ടികളുണ്ടാകാം. അവരെയും നമ്മുടെ പഠനവഴിയിലെത്തിക്കണം. അവന്റെ കണ്ണില്‍ നോക്കി പറയുക’ നീ ഈ സമീപനം സ്വീകരിക്കുന്നതില്‍ എനിക്ക് വളരെ സങ്കടമുണ്ട്.ഞാന്‍ തീര്‍ത്തും നിരാശനാണ്.ഇപ്പോള്‍ ഞാന്‍ നിന്നെ സഹായിക്കാനുണ്ട്.ഞാന്‍ എത്ര കാലമുണ്ടാകും. എല്ലാക്കാലവുമുണ്ടാകില്ല. അതുകൊണ്ടു പഠിക്കണം.അതിലൂടെ വേണം നിന്റെ ജീവിതം കണ്ടെത്താന്‍’.

ഡേവിഡ് കാരിയുടെ അഭിപ്രായം എല്ലാര്‍ക്കും ബാധകമാവണമെന്നില്ല.കുട്ടികളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവര്‍ പഠനം ക്രമീകരിക്കുന്നുണ്ടോ യെന്നത് പക്ഷേ മാതാപിതാക്കള്‍ അറിഞ്ഞിരിക്കുകയെന്നതാണ് പ്രധാനം.

Scroll To Top