Sunday December 11, 2016
Latest Updates

വാടക വീടുകളില്‍ താമസിക്കുന്നവര്‍ ജലനിരക്ക് അടയ്ക്കാന്‍ വിസമ്മതിച്ചാല്‍ വീട് ഒഴിപ്പിക്കുമെന്ന് കൌണ്‍സില്‍ ഭീഷണി

വാടക വീടുകളില്‍ താമസിക്കുന്നവര്‍ ജലനിരക്ക് അടയ്ക്കാന്‍ വിസമ്മതിച്ചാല്‍ വീട് ഒഴിപ്പിക്കുമെന്ന് കൌണ്‍സില്‍ ഭീഷണി

ഡബ്ലിന്‍:കൌണ്‍സില്‍ വീടുകളില്‍ താമസിക്കുന്നവര്‍ ജലനിരക്ക് അടയ്ക്കാന്‍ വിസമ്മതിച്ചാല്‍ വീട് ഒഴിപ്പിക്കുമെന്ന് കൌണ്‍സില്‍ ഭീഷണി. മീത്ത് കൌണ്ടി കൌണ്‍സിലാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. റെസിഡെന്‍ഷ്യല്‍ അക്കോമഡേഷന്‍ സ്‌കീം പ്രകാരം കൌണ്‍സില്‍ വീടുകളില്‍ താമസിക്കുന്നവരാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൌണ്‍സില്‍ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് മീത്ത് കൌണ്‍സില്‍ കത്തയച്ചു. വാടകക്കാരെന്ന നിലയില്‍ വീടുമായി ബന്ധപ്പെട്ട എല്ലാ ചാര്‍ജുകളും അടയ്ക്കാന്‍ വീട്ടില്‍ താമസിക്കുന്നവര്‍ ബാധ്യസ്ഥരാണ്.

ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്ന ജലനിരക്കും ഇത്തരത്തില്‍ അടയ്‌ക്കേണ്ടതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ നിയമപ്രകാരം കൌണ്‍സില്‍ വീടുകളില്‍ താമസിക്കുന്ന എല്ലാവരും ഐറിഷ് വാട്ടറുമായി കോണ്‍ട്രാക്റ്റ് ഒപ്പിടേണ്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നടപടികളുമായി സഹകരിക്കാതിരുന്നാല്‍ വാടക കരാറിന്റെ ലംഘനമായി കണക്കാക്കുകയും നടപടി എടുക്കുകയും ഒഴിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്. 

എല്ലാ വാടക താമസക്കാര്‍ക്കും ഉള്ള ഒരു മുന്നറിയിപ്പാണ് ഇതെന്നും ഭീഷണികളെ നേരിടുമെന്നും ജലനിരക്കിനെതിരെ സമരം ചെയ്യുന്ന സംഘടനകള്‍ വ്യക്തമാക്കി. 

അതേസമയം ഇലക്ട്രിസിറ്റി ബില്‍, പാചക വാതക ബില്‍, തുടങ്ങിയ ബില്ലുകള്‍ പോലെ തന്നെ ജലനിരക്ക് സംബന്ധിച്ചും ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് ഇതെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തില്‍ കത്തയക്കാന്‍ കൌണ്‍സിലുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

വിക്ലോ കൌണ്ടി കൌണ്‍സിലും ഇത്തരത്തില്‍ കത്ത് അയച്ചു. വിക്ലോ കൌണ്‍സില്‍ അയച്ച കത്തിന്റെ കോപ്പിയുമായി സിന്‍ ഫിണ്‍ ഉപ നേതാവ് മേരി ലൗ മക് ഡൊണാള്‍ഡ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത് ബഹളത്തിനിടയാക്കി. ജലനിരക്ക് അടയ്ക്കാന്‍ പണമില്ലാത്ത പാവപ്പെട്ടവരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഇത്തരം കത്തുകള്‍ അയയ്ക്കാന്‍ കൌണ്‍സിലിന് ആരാണ് അധികാരം നല്കിയതെന്നും അവര്‍ ചോദിച്ചു.

Scroll To Top