Thursday August 17, 2017
Latest Updates

കുടിയേറ്റക്കാരാല്‍ യൂറോപ്പ് നിറയുന്നു,തണുപ്പത്ത് അഭയാര്‍ഥികളെ തടഞ്ഞ് പട്ടിണിയ്ക്കിട്ട മാസിഡോണിയന്‍ അതിര്‍ത്തി വീണ്ടും തുറന്നു 

കുടിയേറ്റക്കാരാല്‍ യൂറോപ്പ് നിറയുന്നു,തണുപ്പത്ത് അഭയാര്‍ഥികളെ തടഞ്ഞ് പട്ടിണിയ്ക്കിട്ട മാസിഡോണിയന്‍ അതിര്‍ത്തി വീണ്ടും തുറന്നു 

റോം:യൂറോപ്പിലേയ്ക്ക് ദിവസം തോറും ഒഴുകിയെത്തുന്ന കുടിയേറ്റക്കാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഒക്ടോബറില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ യോഗം ചേരും.നവംബറില്‍ മാള്‍ട്ടയില്‍ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയ്ക്ക് മുമ്പായി കുടിയേറ്റപ്രശ്‌നത്തെ കൈകാര്യം ചെയ്യാനുള്ള സമവാക്യം രൂപീകരിക്കാനാണ് യോഗം.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പതിനായിരക്കണക്കിനു പേരാണ് ഓരോ ദിവസവും യൂറോപ്പില്‍ എത്തുന്നത്.ഇവരെ പുനരധിവസിപ്പിക്കാന്‍ ആവാതെ കണ്ണീര്‍കടലിലാണ് യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും പ്രഖ്യാപിതമായ തത്വം അനുസരിച്ചു അഭയം തേടി വരുന്നവരെ സ്വീകരിച്ചേ പറ്റു അവര്‍ക്ക്.കഴിഞ്ഞ ദിവസം മാസിഡോണിയന്‍ അതിര്‍ത്തി അടച്ച് കുടിയേറ്റക്കാരെ കയറ്റാതിരുന്ന നടപടി പരക്കെ അപലപിക്കപ്പെട്ടിട്ടുണ്ട്.

യൂറോപ്പിന്റെ ആത്മാവിനെ കൊലചെയ്ത നടപടിയായിരുന്നു അതെന്നാണ് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞത്. 

അതിര്‍ത്തിക്കപ്പുറത്തേക്ക് കടക്കാന്‍ പൊലീസിന്റെ കനിവിനുവേണ്ടി കാത്തിരിക്കുന്ന അഭയാര്‍ത്ഥികള്‍ ഗ്രീസ്മാസിഡോണിയ അതിര്‍ത്തിയിലെ ദയനീയ കാഴ്ചയാണിപ്പോള്‍. നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് മാസിഡോണിയയിലേക്ക് കടക്കാന്‍ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത്. കൊടുംതണുപ്പില്‍ കൈക്കുഞ്ഞുങ്ങളുമായി മുള്‍കാടുകളിലൂടെ നടന്നുപോകുന്ന അഭയാര്‍ത്ഥികളോട് മാസിഡോണിയന്‍ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ദയം പെരുമാറിയിരുന്നെങ്കിലും ഇന്നലെ അല്‍പം കനിവുകാട്ടി.mig odi

സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് ആളുകളെ അതിര്‍ത്തി കടക്കാന്‍ പൊലീസ് അനുവദിച്ചു. അതിനിടയിലും അഭയാര്‍ത്ഥികളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ പൊലീസ് ശബ്ദ ഗ്രനേഡുകള്‍ ഉപയോഗിക്കുന്നുണ്ട്. അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നതോടൊപ്പം ചിലരെ പൊലീസ് പിന്തുടര്‍ന്ന് അടിക്കുന്നതും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണാം. ഇറാഖ്, സിറിയ, ലിബിയ തുടങ്ങി ആഭ്യന്തര യുദ്ധം തുടരുന്ന രാജ്യങ്ങളില്‍നിന്ന് കടല്‍മാര്‍ഗം ഗ്രീസിലെത്തിയ അഭയാര്‍ത്ഥികള്‍ മാസിഡോണിയ വഴി യൂറോപ്പിന്റെ മറ്റു രാജ്യങ്ങളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. മാസിഡോണിയയില്‍നിന്ന് സെര്‍ബിയയിലേക്കുള്ള ട്രെയിനില്‍ കയറി ഹംഗറി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്താന്‍ സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ ഇളവു വരുത്തിയ മാസിഡോണിയന്‍ അധികാരികളുടെ മനസ്സ് മാറുന്നതിനു മുമ്പ് പരമാവധി അതിര്‍ത്തിക്കപ്പുറത്തേക്ക് കടക്കാനാണ് ഇപ്പോള്‍ അഭയാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. ആളുകള്‍ കൂട്ടത്തോടെ ഒഴുകിയെത്തുന്നതുകാരണം ഗ്രീസ്മാസിഡോണിയ അതിര്‍ത്തിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുകയാണ്. ശനിയാഴ്ച രാത്രി കുട്ടികളെ തോളിലേറ്റി നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ മാസിഡോണിയയിലേക്ക് കടന്നു. ഇവരില്‍ ഏറെപ്പേരെയും കര്‍ശന സുരക്ഷാ പരിശോധനകളോടെ പൊലീസ് കടത്തിവിട്ടെങ്കിലും ചിലരെ ഗ്രീസിലേക്ക് തന്നെ തിരിച്ചയച്ചു.migr 2

സിറിയയില്‍നിന്ന് പലായനം ചെയ്യുമ്പോള്‍ വരാനിരിക്കുന്നത് ഇത്ര വലിയ ദുരിതമാണെന്ന് താനും കുടുംബവും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒരു സിറിയന്‍ അഭയാര്‍ത്ഥിയെ ഉദ്ധരിച്ച് അല്‍ജസീറ പറയുന്നു. ‘രോഗികളേയും കുട്ടികളുമായെത്തിയവരെയും കടത്തിവിടാനെങ്കിലും അധികൃതര്‍ തയാറാകണം. ഞങ്ങളും മനുഷ്യരാണ്. മരണത്തില്‍നിന്ന് രക്ഷതേടിയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. ഇനി അതിര്‍ത്തി പൊലീസിന്റെ കൈകളിലും കൊടുംതണുപ്പിലും മരിക്കാനാണോ ഞങ്ങളുടെ വിധി. ഞങ്ങളുടെ രാജ്യത്ത് യുദ്ധമുണ്ടായത് ഞങ്ങളുടെ കുറ്റമല്ല.’അയാള്‍ പറഞ്ഞു.
പൊലീസിന്റെ ആക്രമണത്തില്‍ ശരീരത്തിലുണ്ടായ പരിക്കുകള്‍ അഭയാര്‍ത്ഥികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കാണിച്ചുകൊടുത്തു.

ഇതിനിടെ,ഇന്നലെയും ബോട്ടുകളില്‍ കുത്തിനിറച്ച നിലയില്‍ കടലില്‍ കണ്ടെത്തിയ 4400 കുടിയേറ്റക്കാരെ ഇറ്റലിയുടെ തീരസേന കരയിലെത്തിച്ചു.കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി അയര്‍ലണ്ട്, ഇറ്റലി, നോര്‍വെ, തുടങ്ങിയ രാജ്യങ്ങളുടെ നാവിക–വ്യോമ സേനകള്‍ സംയുക്തമായി തിരച്ചില്‍ തുടരുന്നുണ്ട്. 1,10,000 കുടിയേറ്റക്കാര്‍ ഈ വര്‍ഷം ഇതുവരെ ഇറ്റലിയുടെ തീരത്തിറങ്ങി. കടലിലെ കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് മനുഷ്യക്കടത്തുകാരുടെ സംഘം വീണ്ടും സജീവമായത്. യൂറോപ്യന്‍ തീരങ്ങളിലെത്തുമ്പോള്‍ ബോട്ടുകള്‍ കടലില്‍ ഉപേക്ഷിച്ചു മനുഷ്യക്കടത്തുകാര്‍ പിന്‍വാങ്ങുകയാണു പതിവ്.

Scroll To Top