Wednesday December 07, 2016
Latest Updates

യൂറോയ്ക്ക് രക്ഷയില്ലേ ?ഒരു ഡോളറിനെതിരെ യൂറോ വില 85 സെന്റ് വരെയായി കുറഞ്ഞേക്കാമെന്ന് വിദഗ്ദര്‍ 

യൂറോയ്ക്ക് രക്ഷയില്ലേ ?ഒരു ഡോളറിനെതിരെ യൂറോ വില 85 സെന്റ് വരെയായി കുറഞ്ഞേക്കാമെന്ന് വിദഗ്ദര്‍ 

ഡബ്ലിന്‍ :സാമ്പത്തിക വിദഗ്ദരെ പോലും പേടിപ്പെടുത്തുന്ന അവസ്ഥയിലേയ്ക്ക് യൂറോ വില കൂപ്പുകുത്തുന്നു. ഓഹരി വിപണികള്‍ നഷ്ടത്തില്‍ തുടരുന്ന സാഹചര്യത്തില്‍ വിപണിയില്‍ യൂറോയ്ക്കുള്ള മൂല്യത്തകര്‍ച്ച ഇന്നലെയും തുടര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിപണി ആശങ്കപ്പെട്ടിരുന്നത് ഡോളറിനൊപ്പം മൂല്യത്തിലേക്ക് യൂറോയും താഴുമെന്നായിരുന്നെങ്കില്‍ ഇപ്പോഴത്തെ ആശങ്ക ഡോളര്‍ മൂല്യത്തിലും താഴേക്ക് പോകുമോ എന്നാണ്. 

ഏന്തായാലും അധികം താമസിക്കാതെ യൂറോയും ഡോളറും തമ്മിലുള്ള മൂല്യം ഏകദേശം ഒപ്പത്തിനൊപ്പമെത്തും. ഡോളറിനെതിരെ യൂറോ നേരിടുന്ന വിലത്തകര്‍ച്ചയാണ് ഇത്തരം ഒരു പരിതസ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നത്. 

1.06 ഡോളറിന് താഴെയാണ് ഇപ്പോള്‍ യൂറോയുടെ വിനിമയ നിരക്ക്. ഇത് 12 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഡോളര്‍ ശക്തിപ്പെടുന്ന നിലയില്‍ ഒരു പക്ഷെ യുഎസ് സാമ്പത്തിക മേഖലയിലെ സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി യുഎസ് റെഗുലേറ്റേഴ്‌സ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കാം. അങ്ങനെയാണെങ്കില്‍ അത് യൂറോയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വീണ്ടും ആക്കം കൂട്ടും. 

സമാനമായ അവസ്ഥയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിലും. പലിശ നിരക്കുകള്‍ റെക്കോര്‍ഡ് താഴ്ച്ചയിലാണിവിടെ. വിപണിയുടെ വളര്‍ച്ചാ സാധ്യതകള്‍ക്ക് ശക്തി നല്‍കുന്നതിനായി ക്വാന്‍ഡിറ്റേറ്റീവ് ഈസിംഗ് നടപ്പാക്കിയിരിക്കുകയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. തിങ്കളാഴ്ച്ച മുതല്‍ ഇത് നിലവില്‍ വന്നു. 

കഴിഞ്ഞ വര്‍ഷം യൂറോയുടെ വിനിമയ നിരക്ക് ഡോളറുമായി 1.40 ആയിരുന്നു. 2008ല്‍ ഇത് 1.60 ഡോളറായിരുന്നു. നിലവില്‍ ഒരു യൂറോയ്ക്ക് ഒരു ഡോളര്‍ എന്ന നിലയിലേക്ക് വിനിമയ നിരക്ക് എത്തുമെന്ന് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുമ്പോള്‍ ഡോളറിലും താഴെ പോകും മൂല്യം എന്ന് മറുപക്ഷം വിലയിരുത്തുന്നു.2017ഓടെ കഴിഞ്ഞ 13 വര്‍ഷക്കാലത്തിനിടയ്ക്ക് ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിലതകര്‍ച്ചയായ ഒരു ഡോളറിന് 85 സെന്റ് എന്ന നിലയില്‍ വരെ യൂറോ വില താഴേയ്ക്ക് പോയേക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

യൂറോപ്യന്‍ ബാങ്ക് ക്വാന്‍ഡിറ്റേറ്റീവ് ഈസിംഗ് പ്രോഗ്രാം പ്രഖ്യാപിച്ചത് മുതലാണ് യൂറോയ്ക്ക് മൂല്യത്തകര്‍ച്ച സംഭവിച്ചത്. ബാലന്‍സ് ഷീറ്റില്‍ മിച്ചം പണം പിടിക്കുന്നതിനായിട്ടാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ക്വാന്‍ഡിറ്റേറ്റീവ് ഈസിം് നടപ്പാക്കുന്നത്.സര്‍ക്കാരിനും മറ്റ് സ്ഥാപനങ്ങള്‍ക്കും പണം കടംകൊടുക്കുക,അതുവഴി സമ്പത്ത്ഘടനയെ ഉത്തേജിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനുള്ളത്. 

കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ചതാണെങ്കിലും ഇപ്പോള്‍ മാത്രമാണ് ഇത് നടപ്പില്‍ വരുത്തിയിരിക്കുന്നത്.ഓഹരി വിപണിയിലും മറ്റും ആളുകള്‍ ഇതിനെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. എന്നാല്‍ യൂറോയുടെ മൂല്യം ഇടിയുന്നത് താല്‍ക്കാലികമാണെന്നും മറ്റു രാജ്യങ്ങളിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ യൂറോ മൂല്യം തിരിച്ചുപിടിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. eu do

2002നു ശേഷം ഇതുവരെ യൂറോയും ഡോളറും മൂല്യത്തിന്റെ കാര്യത്തില്‍ തുല്യമായിട്ടില്ല. ഇത് ഒരു പക്ഷെ സംഭവിച്ചേക്കാമെന്ന് ചിലര്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ യുഎസില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമിത്. യുഎസില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുകയും ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ ഇളവ് പ്രഖ്യാപിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് നിലവില്‍ ഡോളറിന് കരുത്തേകിയിരിക്കുന്നത്. 

ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ നിക്ഷേപകര്‍ കൂടുതല്‍ ലാഭത്തിനായി അവിടെ നിക്ഷേപിക്കും. ഡോളറിന് ഡിമാന്‍ഡ് കൂടുമ്പോള്‍ സ്വാഭാവികമായും നിരക്ക് വര്‍ദ്ധിക്കുകയും ചെയ്യും. ഇത് യൂറോയുടെ മൂല്യം വീണ്ടും ഇടിയ്ക്കുമെന്നും നിരീക്ഷകര്‍ ആശങ്കപ്പെടുന്നുണ്ട്. 

അതെ സമയം യൂറോയുടെ മൂല്യ തകര്‍ച്ച അയര്‍ലണ്ടിന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ചെറിയ തോതില്‍ ഗുണവും വരുത്തിയേക്കാം.അമേരിക്കയിലേയ്ക്ക് വന്‍ തോതില്‍ കയറ്റുമതി സാധ്യത ഉണ്ടായേക്കും എന്ന വാദമാണ് ഇതിന് അടിസ്ഥാനമായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.എന്നിരുന്നാലും അന്തിമമായി യൂറോയ്ക്ക് നഷ്ട്ടത്തിന്റെ ദിവസങ്ങള്‍ തന്നെ.

റെജി സി ജേക്കബ് 

Scroll To Top