Wednesday September 20, 2017
Latest Updates

ഗ്രീസ് ഉറക്കമുണര്‍ന്നത് ദുരിതത്തിലേയ്ക്ക്,നോ വോട്ടിനെ പിന്തുണയ്ക്കണമെന്ന് സിപ്രാസി,യൂറോപ്പിനെ വെല്ലുവിളിച്ച് ഗ്രീസ് 

ഗ്രീസ് ഉറക്കമുണര്‍ന്നത് ദുരിതത്തിലേയ്ക്ക്,നോ വോട്ടിനെ പിന്തുണയ്ക്കണമെന്ന് സിപ്രാസി,യൂറോപ്പിനെ വെല്ലുവിളിച്ച് ഗ്രീസ് 

ആതന്‍സ്:ഇന്നലെ രാവിലെ ഉറക്കമുണര്‍ന്ന ഗ്രീക്കുകാര്‍ കണ്ടത് ആശങ്കയോടെ വൃത്താന്തങ്ങള്‍ അറിയിക്കുന്ന വാര്‍ത്താ ടെലിവിഷന്‍ വായനക്കാരെയാണ്.ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.ബാങ്കുകള്‍ തുറക്കില്ല എന്നത് മാത്രമല്ല 60 യൂറോയില്‍ കൂടുതല്‍ പണം എ ടി എമ്മില്‍ നിന്നും ലഭിക്കില്ലയെന്ന വാര്‍ത്തയും അവരെ പരിഭ്രാന്തരാക്കി.
മിക്ക വീടുകളിലും ആഹാര സാധനങ്ങള്‍ വാങ്ങാന്‍ പോലും പണം ഇല്ലാത്ത അവസ്ഥ.ബാങ്കുകളിലേയ്ക്കുള്ള എമര്‍ജന്‍സി ഫണ്ടിംഗ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പിന്‍വലിച്ചതോടെ ബാങ്കുകള്‍ അടച്ചിടാതെ ഗ്രീക്ക് സര്‍ക്കാരിന് വേറെ വഴിയില്ലാതെയായി.
ഒരു ദിവസം ആകെ പിന്‍വലിക്കാവുന്ന പരിധിയായ 60 യൂറോ അക്കൌണ്ടില്‍ നിന്നും എടുക്കാന്‍ എ ടി എമ്മുകള്‍ക്ക് മുമ്പില്‍ രൂപപ്പെട്ട ക്യൂ ചിലയിടങ്ങളില്‍ ഫര്‍ലോങ്ങുകളായി നീണ്ടപ്പോള്‍ അതിനു തുടര്‍ച്ചയായി പ്രോവിഷനല്‍ സ്റ്റോറൂകളിലും തിരക്കായി.വില്പ്പന നടന്നത് അത്യാവശ്യ സാധനങ്ങളായി ചുരുങ്ങി.ഗോതമ്പ്,ബ്രഡ്,ഉരുളക്കിഴങ്ങ്,യോഗട്ട് എന്നിവ മാത്രം സഞ്ചിയിലാക്കി പേയിംഗ് കൌണ്ടറുകളിലേയ്ക്ക് നീങ്ങുന്നവരുടെ എണ്ണം കൂടി.
എന്താണ് സംഭവിക്കുന്നത് എന്നത് കൃത്യമായി മനസിലാക്കാന്‍ സാധാരണക്കാര്‍ക്ക് സാധിക്കുന്നില്ല.യൂറോപ്പിനും,യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനും എതിരെയാണ് എല്ലായിടത്തും സംസാരം.വൈകുന്നേരം ആയതോടെ തെരുവുകളില്‍ എങ്ങും ജനകൂട്ടങ്ങള്‍ യൂറോപ്പിനെതിരെ മുദ്രാവാക്യങ്ങളുമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.യൂറോ നോട്ടുകള്‍ കത്തിച്ചു കളയുന്ന ജനങ്ങളെ പിന്തിരിപ്പിക്കാന്‍ പോലീസും തുനിഞ്ഞില്ല.യൂറോ ഞങ്ങള്‍ക്ക് പുല്ലാണ് എന്ന് തന്നെയാണ് ഗ്രീക്ക് ജനതയുടെ മനോഭാവം. ഞായറാഴ്ച്ച നടക്കാനിരിക്കുന്ന റഫറണ്ടത്തില്‍ നോ വോട്ടു ചെയ്യാനുള്ള ആഹ്വാനത്തിന് പിന്തുണ വര്‍ദ്ധിക്കുകയാണ്.
അത്ഭുതപ്പെടുത്തുന്ന ഒരു മാറ്റം കണ്ടത് ഗ്രീസ് പ്രധാനമന്ത്രി സിപ്രാസിസിന്റെ നിലപാടുകളാണ്.റഫറണ്ടത്തില്‍ യൂറോപ്പിനെതിരെ നോ വോട്ടു ചെയ്യാന്‍ പരസ്യമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.യൂറോപ്പിന്റെ കടും പിടുത്തത്തിനു മുമ്പില്‍ തരം താഴ്ന്നു കൊടുക്കുമെന്ന് മാധ്യമങ്ങള്‍ വിലയിരുത്തിയ നാല്‍പ്പത് വയസുകാരാന്‍ പ്രധാനമന്ത്രി യൂറോപ്പിനെതിരെ ഒരു പുലിയെ പോലെ പൊരുതി നില്‍ക്കുന്ന കാഴ്ച്ചയുടെ സന്തോഷത്തിലുമാണ് ഗ്രീക്കിലെ ജനത.
നോ വോട്ടു വിജയിച്ചില്ലെങ്കില്‍ രാജി വെയ്ക്കാനുള്ള നീക്കത്തിലാണ് ഇടതു പക്ഷക്കാരനായ പ്രധാനമന്ത്രി.ഒരു നോ വോട്ട് കൂടുതല്‍ വില പേശാന്‍ തങ്ങള്‍ക്ക് സഹായകമാവുമെന്നാണ് പ്രധാനമന്ത്രി കരുതുന്നത്.

യൂറോപ്പിനെ ഇത്തരമൊരു സാഹചര്യം കൂടുതല്‍ പ്രതിസന്ധിയിലേക്കാവും തള്ളി വിടുകയെന്നതില്‍ സംശമില്ല.യൂറോപ്പ് മാത്രമല്ല ലോകമൊട്ടാകെ ഇതിന്റെ അലയടികള്‍ ഉണ്ടാവുകയും ചെയ്യും.

ലിസ്ബണ്‍ ട്രീറ്റി റഫറണ്ടം ഐറിഷ് ജനത ആദ്യം പരാജയപ്പെടുത്തിയത് പോലെ യൂറോപ്പിനെതിരെ ഗ്രീക്ക് ജനത വിധിയെഴുതിയാല്‍ അത്ഭുതപ്പെടാനില്ല.അത്തരം ഒരു വിജയം ഗ്രീക്കിന്റെ ആത്മാഭിമാനത്തിന്റെ പ്രശ്‌നം കൂടിയാണ്.

തങ്ങളെ യൂറോ സോണില്‍ നിന്നും പുറത്താക്കുന്നതിനെതിരെ യൂറോപ്യന്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് ഗ്രീക്ക് ധനകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.പണം തിരിച്ചടച്ചില്ല എന്നതിന്റെ പേരില്‍ തങ്ങളെ യൂറോ സോണില്‍ നിന്നും പുറത്താക്കാന്‍ അധികാരമില്ലയെന്നാണ് ഗ്രീസിന്റെ വാദം.

ഇന്ന് വൈകുന്നേരത്തിനകം 1.5 ബില്യന്‍ യൂറോ (10855 കോടിയിലധികം രൂപ) ഐ.എം.എഫില്‍ തിരിച്ചടച്ചില്ലെങ്കില്‍ ഗ്രീസ് യൂറോ സോണില്‍നിന്ന് പുറത്താകും. വായ്പാ തിരിച്ചടവിനുള്ള സമയം നീട്ടിക്കിട്ടുന്നതിന് ഐ.എം.എഫിന്റേയും യൂറോപ്യന്‍ യൂണിയന്റേയും പ്രതിനിധികളുമായി രണ്ടാഴ്ചയിലധികമായി ഗ്രീസ് മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.

റെജി സി ജേക്കബ്

Scroll To Top