Friday January 20, 2017
Latest Updates

യൂറോപ്പ്യന്‍ വര്‍ക്കിംഗ് ടൈം നിയമം കര്‍ശനമാക്കണമെന്ന് കോടതി :നഴ്‌സുമാരുടെ ഉത്തരവാദിത്വങ്ങള്‍ കൂടുമെന്ന് ആരോഗ്യമന്ത്രി 

യൂറോപ്പ്യന്‍ വര്‍ക്കിംഗ് ടൈം നിയമം കര്‍ശനമാക്കണമെന്ന് കോടതി :നഴ്‌സുമാരുടെ ഉത്തരവാദിത്വങ്ങള്‍ കൂടുമെന്ന് ആരോഗ്യമന്ത്രി 

കില്‍ക്കെന്നി:ഡോക്ടര്‍മാരുടെ പ്രവര്‍ത്തി സമയം സംബന്ധിച്ചു യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പിലാക്കിയാല്‍ നിലവില്‍ 24 മണിക്കൂറുള്ള പല സേവനങ്ങളും വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍.

യൂറോപ്യന്‍ യൂണിയന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെങ്കില്‍ നേഴ്‌സുമാര്‍ക്കും തെറാപ്പി ജീവനക്കാര്‍ക്കും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കേണ്ടി വരും. ഡോക്ടര്‍മാരുടെ പ്രവര്‍ത്തി സമയം സംബന്ധിച്ച തര്‍ക്കങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ നിലനില്‍ക്കുന്നതാണെന്നും ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടി വരുമെന്നും മന്ത്രി വരേദ്കര്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ ജോലി സമയ ക്രമ നിയമം നടപ്പാക്കിയാല്‍ പരമാവധി 48 മണിക്കൂറെ ആഴ്ചയില്‍ ജോലി ചെയ്യാനാവുകയുള്ളൂ.അയര്‍ലണ്ടിലെ ഡോക്റ്റര്‍മാര്‍ നിലവില്‍ പരിധിയില്‍ കൂടുതല്‍ ജോലി ചെയ്യുന്നത് യൂറോപ്പ്യന്‍ കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങാന്‍ കാരണമായിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്ന ചില ഉത്തരവാദിത്വങ്ങള്‍ നഴ്‌സുമാര്‍ക്കും തെറാപ്പിസ്സ്റ്റുകള്‍ക്കും കൈമാറണമെന്ന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.മന്ത്രി വിശദീകരിച്ചു.

കില്‍കെന്നിയില്‍ നടക്കുന്ന ഐറിഷ് മെഡിക്കല്‍ അസോസിയേഷന്റെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അയര്‍ലണ്ട് ആരോഗ്യമേഖല ആവശ്യത്തിനു ഡോക്ടര്‍മാരില്ലാതെ ബുദ്ധിമുട്ടുകയാണ്. ജനസംഖ്യക്ക് ആനുപാതികമായി ഡോക്ടര്‍മാരുടെ എണ്ണം, ആശുപത്രി കിടക്കകളുടെ എണ്ണം, മറ്റു വിദഗ്ദ്ധ സേവനങ്ങളുടെ എണ്ണം, നിക്ഷേപിക്കപ്പെടുന്ന പണത്തിന്റെ തോത് എന്നിവയില്‍ പ്രകടമായ കുറവുണ്ടെന്ന് വിലയിരുത്തി. മറ്റു രാജ്യങ്ങളിലെ ഡോക്ടര്‍മാരുമായ താരതമ്യം ചെയ്യുമ്പോള്‍ അയര്‍ലണ്ടിലെ ഡോക്ടര്‍മാര്‍ വളരെ കുറച്ചു രോഗികളെ മാത്രമേ പരിശോധിക്കുന്നുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിനും അതിന്റേതായ ന്യായാന്യായങ്ങള്‍ ഉണ്ടാകാമെങ്കിലും ജനക്ഷേമത്തെ മുന്‍ നിര്‍ത്തി ഇവയില്‍ മാറ്റം കൊണ്ടു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

നിലവില്‍ തന്നെ ജോലി ഭാരത്താല്‍ വലയുന്ന നഴ്‌സുമാര്‍ക്ക് ഡോക്റ്റര്‍മാര്‍ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ചില ഉത്തരവാദിത്വങ്ങള്‍ കൂടി കൈമാറി ഡോക്റ്റര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് പകരം കൂടുതല്‍ ഡോക്റ്റര്‍മാരെ റിക്രൂട്ട് ചെയ്യുകയാണ് വേണ്ടതെന്ന പൊതു അഭിപ്രായമാണ് ഇത് സംബന്ധിച്ച് ഐ എം ഓ വെച്ചത്.ഇപ്പോള്‍ തന്നെ നാനൂറോളം ഡോക്റ്റര്‍മാരെ നിയമിക്കാനുള്ള നടപടി സ്വീകരിച്ചിരിക്കേ പുതിയ നിയമനങ്ങള്‍ കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്നാണ് എച്ച് എസ് ഇയുടെ നിലപാട്.

Scroll To Top