Tuesday January 16, 2018
Latest Updates

അഭയാര്‍ഥികളെ യൂറോപ്പ് കൈവിടുകയാണോ ?

അഭയാര്‍ഥികളെ യൂറോപ്പ് കൈവിടുകയാണോ ?

ണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹത്തിനാണ് ഇപ്പോഴും യൂറോപ്യന്‍ യൂനിയന്‍ സാക്ഷ്യം വഹിക്കുന്നത്. ഐക്യരാഷ്ട്രസഭാ അഭയാര്‍ഥി കമ്മീഷണറുടെ കണക്കനുസരിച്ച് വിവിധ രാജ്യങ്ങളില്‍ നിന്ന് 2015 ല്‍ മാത്രം യൂറോപ്യന്‍ യൂനിയനിലേക്ക് പലായനം ചെയ്തതോ കുടിയേറിയതോ ആയ അഭയാര്‍ഥികളുടെ എണ്ണം 12 ലക്ഷമാണ്. ഇതില്‍ പകുതിയോളം പേര്‍ സിറിയക്കാരാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ് ബാക്കിയുള്ളവരില്‍ അധികവും. ഇവര്‍ക്ക് യൂറോപ്പിലേക്കുള്ള കവാടമാണ് തുര്‍ക്കി. അവിടുന്ന് ഈജിയന്‍ കടല്‍ മാര്‍ഗം ഗ്രീസിലേക്കും തുടര്‍ന്ന് വടക്കന്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്കുമാണ് അഭയാര്‍ഥികളുടെ പ്രവാഹം. പ്രവാഹം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും 2015 ഏപ്രിലിലാണ് പ്രശ്‌നം ഗുരുതരമായതും ലോകശ്രദ്ധ നേടിയതും. രണ്ടായിരത്തോളം സിറിയന്‍ അഭയാര്‍ഥികളുമായി വന്ന അഞ്ചു ബോട്ട് മാധ്യധരണ്യാഴിയിലെ ചുഴലികളില്‍ പെട്ടുലഞ്ഞപ്പോള്‍ പൊലിഞ്ഞത് 1200 പേരുടെ തുടിക്കുന്ന ജീവനായിരുന്നു. 20002014 കാലത്ത് 22000 അഭയാര്‍ഥികള്‍ കടലിലം കരയിലുമായി മരണത്തിന് കീഴടങ്ങി.
ഇങ്ങനെ പലായനം ചെയ്യുന്നവരില്‍ മെച്ചപ്പെട്ട ജീവിതം തേടിയുള്ള സാമ്പത്തിക കുടിയേറ്റങ്ങളും പലായനങ്ങളുമുണ്ട്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങളിലുണ്ടായ തീവ്രവാദ ആക്രമണങ്ങളും ആഭ്യന്തര യുദ്ധങ്ങളുമാണ് നിര്‍ബന്ധിത പലായനത്തിന് ജനങ്ങളെ പ്രേരിപ്പിച്ചത്. 2015 അവസാനം വരെ ഏതാണ്ട് ആറുകോടി ജനങ്ങള്‍ക്ക് തങ്ങളുടെ സ്ഥലംവിട്ട് അന്യദേശങ്ങളില്‍ പലായനത്തിന് നടക്കേണ്ടി വന്നിട്ടുണ്ട്. ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണവും അവരെ തുരത്താനുള്ള അമേരിക്കന്‍ സൈന്യത്തിന്റെ ഇടപെടലുകളും അക്ഷരാര്‍ത്ഥത്തില്‍ സിറിയയിലെ ജനജീവിതം ദു:സ്സഹമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലുണ്ടായ വര്‍ദ്ധിച്ച പലായനത്തിന് ഇതുതന്നെ പ്രധാന കാരണം. 2014ല്‍ ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് കുടിയേറ്റമുണ്ടായി. 2015 ഗ്രീസ് വഴിയായിരുന്നു വടക്കന്‍ യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ യാത്ര. 2015 ഏപ്രിലോടെ അഭയാര്‍ഥി പ്രവാഹം രൂക്ഷമാവുകയും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വിസമ്മതിക്കുകയും ചെയ്തു. മെഡിറ്ററേനിയന്‍ തീരങ്ങളില്‍ കാവല്‍ ശക്തമാക്കിക്കൊണ്ട് യൂറോപ്യന്‍ യൂനിയന്‍ തീവ്രനിലപാടെടുത്തു. ഓപറേഷന്‍ സോഫിയ എന്നാണിതിനിട്ട പേര്. ഏഷ്യന്‍ അഭയാര്‍ഥികള്‍ മധ്യധരണ്യാഴിവഴി തുര്‍ക്കിയിലേക്കും തുടര്‍ന്ന് ഗ്രീസ് വഴി യൂറോപ്പിലേക്കും പ്രവഹിച്ചു.

യൂറോപ്പിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ കര്‍ക്കശമായ അതിര്‍ത്തി നിയന്ത്രണം ഉണ്ടായിരുന്നില്ല. എന്നാല്‍ അഭയാര്‍ഥി പ്രവാഹം രൂക്ഷമായതോടെ അതിര്‍ത്തി നിയന്ത്രണം വീണ്ടും കൊണ്ടുവന്നു. അനിയന്ത്രിതമായ അഭയാര്‍ഥി പ്രവാഹം തെക്കു കിഴക്കന്‍ അതിര്‍ത്തി രാജ്യമായ ഗ്രിസിന് സൃഷ്ടിച്ച തലവേദന ചെറുതല്ല. അതിര്‍ത്തികള്‍ നിയന്ത്രിച്ചതോടെ അഭയാര്‍ഥികള്‍ തുര്‍ക്കിയിലും ഗ്രീസിലും തങ്ങിപ്പാര്‍ത്തു. ഇതോടെ യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടായി. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയ്യാറായതും അല്ലാത്തതുമായ രാജ്യങ്ങളായി യൂറോപ്യന്‍ യൂനിയന്‍ രണ്ടു തട്ടിലായി. ഇതോടെയാണ് ക്വാട്ട സമ്പ്രദായത്തില്‍ അഭയാര്‍ഥികളെ പങ്കുവെച്ചെടുക്കാന്‍ യൂറോപ്യന്‍ യൂനിയനില്‍ ധാരണയായത്. ഈ സന്ദര്‍ഭത്തിലാണ് മാര്‍ച്ച് എട്ടിന് ബ്രസല്‍സില്‍ യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മില്‍ ധാരണാ ചര്‍ച്ചകള്‍ നടന്നത്. യൂറോപ്പിനുമേല്‍ വര്‍ദ്ധിച്ചുവരുന്ന അഭയാര്‍ഥികളുടെ എണ്ണം കുറക്കുകയായിരുന്നു ചര്‍ച്ചയുടെ ലക്ഷ്യം.

മാര്‍ച്ച് 17, 18 തിയ്യതികളില്‍ ബ്രസല്‍സില്‍ വീണ്ടും ചേരുന്ന യൂറോപ്യന്‍ ഉച്ചകോടിയിലായിരിക്കും ധാരണയുടെ പ്രവര്‍ത്തന ചട്ടക്കൂടും നിയമപരമായ അംഗീകാരവും ഉറപ്പാക്കുക. ധാരണ വിജകരമായി പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ അത് കാലങ്ങളായി യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന അഭയാര്‍ഥി പ്രശ്‌നങ്ങള്‍ക്കും കുടിയേറ്റ ഭീഷണിക്കും പ്രായോഗിക പരിഹാരമാകും. തുര്‍ക്കിയുമായുള്ള ചര്‍ച്ചകള്‍ രമ്യമായി പൂര്‍ത്തീകരിക്കാനായതില്‍ യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് സന്തോഷം പ്രകടിപ്പിച്ചു. അഭയാര്‍ഥി പ്രശ്‌നത്തില്‍ യൂറോപ്പിന്റെല ഗതിമാറ്റത്തിനും ഒപ്പം മുഖച്ഛായ തന്നെ മാറ്റിയെടുക്കുന്നതിനും തുര്‍ക്കിയുമായുള്ള ധാരണ ഉപകരിക്കുമെന്ന് ടസ്‌ക് പറഞ്ഞുവെച്ച ഉടനെത്തന്നെയാണ് പക്ഷേ, യു.എന്‍ അഭയാര്‍ഥി കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്റി ഇതിനെ മനുഷ്യത്വപരമല്ലെന്നു പറഞ്ഞ് വിമര്‍ശിച്ചത്. അംഗീകൃത വിസ ലഭിക്കാത്തവരെ മുഴുവന്‍ തിരികെയടുത്തുകൊള്ളാമെന്ന് തുര്‍ക്കി സമ്മതിച്ചത് വലിയൊരാശ്വാസമായാണ് യൂറോപ്യന്‍ യൂനിയന്‍ കാണുന്നത്. ചര്‍ച്ച സുഖകരമാകാനും ഫലപ്രദമാകാനും ഇടയായത് തുര്‍ക്കിയുടെ ഈ നിലപാടു തന്നെയാണ്. പകരം ഗ്രീസില്‍ നിന്ന് തിരികെ തുര്‍ക്കിയിലെത്തി താമസിക്കുന്ന അഭയാര്‍ഥികളുടെ പുനരധിവാസം ഉറപ്പുവരുത്താമെന്ന യൂറോപ്യന്‍ യൂനിയന്‍ വാഗ്ദാനം കാര്യങ്ങള്‍ എളുപ്പമാക്കി. തുര്‍ക്കിയുടെ തൊട്ടടുത്തു കിടക്കുന്ന യൂറോപ്യന്‍ യൂനിയന്‍ രാജ്യമായ ഗ്രീസുമായി ചര്‍ച്ച ചെയ്തു മാത്രമേ തുര്‍ക്കിക്ക് ഇതിന്‍മേല്‍ അനന്തര നടപടികള്‍ സ്വീകരിക്കാന്‍ സാധ്യമാവൂ.

ഗ്രീസും അനുകൂലമായി തന്നെയാണ് പ്രതികരിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെ സംരക്ഷണമില്ലാതെ തുര്‍ക്കി വഴി ഗ്രീസിലേക്ക് കടന്ന അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കു തന്നെ തിരിച്ചയക്കാന്‍ സാധിക്കുന്നതില്‍ ഗ്രീസിന് സമ്മതത്തെക്കാളുപരി താത്പര്യം കൂടിയാണ്. അലക്‌സി സിപ്രസ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

ചര്‍ച്ചയുടെ ഗുണഭോക്താവ് അന്തിമമായി നോക്കിയാല്‍ തുര്‍ക്കി തന്നെ. 300 കോടിയുടെ അധിക ധനസഹായം ലഭിക്കുന്നതു മാത്രമല്ല, യൂറോപ്യന്‍ യൂണിയനിലേക്ക് വിസയില്ലാതെ പ്രവേശിക്കാമെന്ന സൗകര്യവും നേടിയെടുത്തു തുര്‍ക്കി. അഭയാര്‍ഥികളെ തങ്ങളാലാകുംവിധം പങ്കിട്ടെടുക്കാമെന്ന് യൂണിയന്‍ അംഗരാജ്യങ്ങള്‍ സമ്മതിച്ചതോടെ ഏതെങ്കിലുമൊരു പ്രത്യേക രാജ്യത്തിന് മേലുള്ള അധികഭാരവും ഇല്ലാതായി. ഫലത്തില്‍ തുര്‍ക്കിക്ക് നേട്ടം. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ആശ്വാസവും.

എന്നാല്‍ ഇവിടെക്കൊണ്ടവസാനിക്കിന്നില്ല ലോകത്തിന്റെ പ്രശ്‌നങ്ങള്‍. തീവ്രവാദവും ഭീകരവാദവും ആഗോളതലത്തില്‍ കത്തിക്കയറുന്നത് ലോകസമാധാനത്തിന് തിരിച്ചടിയാവുകയാണ്. ആഭ്യന്തര യുദ്ധവും തീവ്രവാദവും കൊടികുത്തിവാഴുന്ന പത്ത് രാജ്യങ്ങളില്‍ നിന്നാണ് അഭയാര്‍ഥികളായെത്തുന്നവരില്‍ 85 ശതമാനവും. ഇതില്‍ തന്നെ പകുതി പേരും സിറിയയില്‍ നിന്നാണ്. അഫ്ഗാനിസ്താന്‍, ഇറാഖ്, ഇരിത്രിയ, നൈജീരിയ, സോമാലിയ, സുഡാന്‍, മാലി തുടങ്ങിയ പ്രശ്‌നബാധിത രാജ്യങ്ങളില്‍ നിന്നാണ് ബാക്കിയുള്ളവരില്‍ ഒട്ടുമുക്കാല്‍ ഭാഗവും. ബാള്‍ക്കന്‍ രാജ്യങ്ങളായ കൊസോവ, അല്‍ബേനിയ, സെര്‍ബിയ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗാംബിയ, നൈജീരിയ, സൗത്ത് ഏഷ്യന്‍ രാജ്യങ്ങളായ പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടക്കുന്നുണ്ട് ചെറിയ തോതിലെങ്കിലും.

ഇതു പക്ഷേ പൂര്‍ണമായും തീവ്രവാദമോ ആഭ്യന്തയുദ്ധം കൊണ്ടോ അല്ല. മറിച്ച് സാമ്പത്തിക കാരണങ്ങളാല്‍ കൂടിയാണ്. നൈജീരിയയില്‍ നിന്നുള്ള പലായനത്തിന് ബോക്കോ ഹറം തീവ്രവാദവും കാരണമാണ്. ഭീകരവാദവും തീവ്രവാദവും ഇല്ലാതാകുന്നതോടെ മാത്രമേ അഭയാര്‍ഥി പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ.

യൂറോപ്പ് വാതില്‍ കൊട്ടിയടച്ചാല്‍ അഭയാര്‍ഥികള്‍ മറ്റു വഴി തേടും. ഇതു മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ് യൂറോപ്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രസിഡന്റ് സെര്‍ജിസ്റ്റാനിഷേവ് മുന്നറിയിപ്പു നല്‍കുന്നത്. ”രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മുമ്പെന്നെത്തേക്കാളുപരി ഇന്ന് ജനങ്ങള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പലരും യാത്രാമധ്യോ കടലില്‍ മരിക്കുന്നു. ചിലര യൂറോപ്യന്‍ മണ്ണിലും. അഭയം തേടി വരുന്നവരെ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പങ്കിട്ടെടുക്കാന്‍ അംഗരാജ്യങ്ങളെ ബാധ്യസ്ഥരാക്കുന്ന ശാശ്വതമായൊരു സംവിധാനം നമുക്കാവശ്യമാണ്. യുദ്ധവും ദാരിദ്ര്യവും കൊടിയ അസമത്വവും പ്രാദേശിക പ്രശ്‌നങ്ങളല്ല, അത് ആഗോള പ്രശ്‌നമാണ്. അതിനെ ആഗോളീയ വീക്ഷണത്തോടെ സമീപിച്ചില്ലെങ്കില്‍ കൂടുതല്‍ സുരക്ഷിതമായ അന്തരീക്ഷത്തില്‍ പ്രത്യാശയോടെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശമായിരിക്കും നാമവര്‍ക്ക് നിഷേധിക്കുന്നത്”. അഭയാര്‍ഥികളെ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ കൈമാറുന്നത് അപകടകരമാണ്. ഒപ്പം മനുഷ്യത്വരഹിതവുമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അഭിപ്രായപ്പെട്ടതും പ്രശ്‌നത്തിന്റെ സങ്കീര്‍ണതയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

Scroll To Top