Saturday December 03, 2016
Latest Updates

യൂറോപ്യന്‍ കുടിയേറ്റത്തിന് ഭാഗീക നിയന്ത്രണം:പണം ചോദിച്ചു വാങ്ങിയ തുര്‍ക്കി, കുടിയേറ്റക്കാരെ തടയും

യൂറോപ്യന്‍ കുടിയേറ്റത്തിന് ഭാഗീക നിയന്ത്രണം:പണം ചോദിച്ചു വാങ്ങിയ തുര്‍ക്കി, കുടിയേറ്റക്കാരെ തടയും

ബ്രസല്‍സ്: യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് തടയാനുള്ള കരാര്‍ സംബന്ധിച്ച് തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും ധാരണയിലെത്തി. അനിയന്ത്രിത കുടിയേറ്റത്തിന്റെ നാളുകള്‍ അവസാനിക്കാന്‍ പോകുന്നുവെന്ന വ്യക്തമായ സന്ദേശമാണ് കരാര്‍ നല്‍കുന്നതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. ബ്രസല്‍സില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും ധാരണയിലെത്തിയത്. ഈജിയന്‍ കടല്‍ കടന്ന് അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് കടക്കുന്നത് തടയാന്‍ നിലവില്‍ തുര്‍ക്കിക്ക് യൂറോപ്പ് 330 കോടി ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് ഇരട്ടിയാക്കണമെന്നാണ് തുര്‍ക്കി ഉന്നയിച്ച സുപ്രധാന ആവശ്യം.

മാര്‍ച്ച് 17,18 തിയതികളില്‍ വീണ്ടും നടക്കുന്ന യൂറോപ്യന്‍ തല ഉച്ചകോടിയില്‍ ഇതടക്കമുള്ള തുര്‍ക്കിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് അഭയാര്‍ഥികളെ തടഞ്ഞ് തിരിച്ചയക്കാനാണ് പദ്ധതി.

കരാര്‍ പ്രകാരം ഗ്രീസിലെത്തുന്ന അഭയാര്‍ത്ഥികളെ തുര്‍ക്കിയിലേക്ക് തന്നെ തിരിച്ചയക്കും. തുര്‍ക്കിയിലിപ്പോള്‍ 27.5 ലക്ഷം അഭയാര്‍ത്ഥികളുണ്ട്. ഇവരില്‍ ഭൂരിഭാഗവും ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയില്‍നിന്ന് എത്തിയവരാണ്. തുര്‍ക്കി വഴിയാണ് അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് കടക്കുന്നത്.തുര്‍ക്കിയില്‍ നിന്നും ഗ്രീസും ജര്‍മ്മിനിയും അടക്കമുള്ള രാജ്യങ്ങളിലേയ്ക്കും.

അതേസയമം യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും ഉണ്ടാക്കിയ കരാറില്‍ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്ക് വ്യക്തികളെ തിരിച്ചയക്കുമ്പോള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ വ്യക്തമായി പാലിക്കേണ്ടതുണ്ടെന്ന് അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു. ഉത്തരവാദിത്വത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണ് യൂറോപ്പ് നടത്തുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

Scroll To Top