Saturday December 03, 2016
Latest Updates

എത്രയും വേഗത്തില്‍ പുറത്തുപോകുക, എന്തിനാണ് രണ്ട് വര്‍ഷം?:യൂ കെ യോട് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍

എത്രയും വേഗത്തില്‍ പുറത്തുപോകുക, എന്തിനാണ് രണ്ട് വര്‍ഷം?:യൂ കെ യോട് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍

ഡബ്ലിന്‍:യൂ കെ യൂറോപ്യന്‍ യൂണിയനു പുറത്തുപോകാന്‍ തീരുമാനിച്ചതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കി എത്രയും പെട്ടെന്ന് പുറത്തുപോകണമെന്ന് ഇയു നേതാക്കള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും എടുക്കുമെന്നും, അതുവരെ ബ്രിട്ടന്‍ ഇയു അംഗം തന്നെയായിരിക്കും എന്നുമുള്ള വിലയിരുത്തലിനിടെയാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അടക്കമുള്ളവര്‍ ബ്രിട്ടന്‍ എത്രയും വേഗം പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കാര്യങ്ങള്‍ വഷളാക്കേണ്ടതില്ലെന്നും, മറ്റ് ഇയു അംഗങ്ങള്‍ ബ്രിട്ടനെ എത്രയും വേഗം പുറത്താക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ആംഗല മെര്‍ക്കല്‍ പറഞ്ഞു. ബെര്‍ലിനില്‍ നടന്ന ഇയു സ്ഥാപകരുടെ ചര്‍ച്ചയിലും സമാന ആവശ്യം ഉയര്‍ന്നു. ബ്രിട്ടനല്ല, യൂറോപ്യന്‍ യൂണിയനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ചര്‍ച്ചയില്‍ അധികൃതര്‍ വ്യക്തമാക്കി.

താന്‍ രാജിവച്ച ശേഷം പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുന്നയാളാകും ബ്രിട്ടന്‍ പുറത്തുപോകേണ്ട നടപടിക്രമങ്ങള്‍ ചെയ്യുകയെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒക്ടോബറോടെയേ അത് ഉണ്ടാകൂ. എന്നാല്‍ പുറത്തുപോകല്‍ അത്രയും കാലം നീട്ടുന്നതില്‍ ഒരു കാര്യവുമില്ലെന്നും, ബ്രിട്ടന്‍ എത്രയും വേഗം ഒഴിയണമെന്നും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജന്‍കര്‍ വെള്ളിയാഴ്ച ഒരു ജര്‍മ്മന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. യൂറോപ്യന്‍ യൂണിയനിലെ ആറ് വിദേശകാര്യമന്ത്രിമാര്‍ കൂടിച്ചേര്‍ന്ന യോഗവും ഈ അഭിപ്രായം ശരിവച്ചു.ഫ്രാന്‍സിന്റെ ധനമന്ത്രിയടക്കം യൂറോപ്യന്‍ യൂണിയിലെ അംഗരാജ്യങ്ങളുടെ മറ്റ് പല നേതാക്കളും കാമറൂണ്‍ ഒക്ടോബര്‍ വരെ തുടരുന്നതിനെ എതിര്‍ത്ത് രംഗത്തുവന്നു.

Scroll To Top