Sunday January 21, 2018
Latest Updates

ഭവന വിപണിയിലെ പൊള്ളക്കണക്കുകള്‍ ഐറിഷ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് യൂറോപ്യന്‍ ഏജന്‍സി 

ഭവന വിപണിയിലെ പൊള്ളക്കണക്കുകള്‍ ഐറിഷ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് യൂറോപ്യന്‍ ഏജന്‍സി 

ഡബ്ലിന്‍ :ഭവന വിപണിയിലെ പൊള്ളക്കണക്കുകള്‍ അയര്‍ലണ്ടിലെ ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് വീണ്ടും വഴി തെളിക്കുമെന്ന് യൂറോപ്യന്‍ ഏജന്‍സി.

കഴിഞ്ഞ ആഴ്ച അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിക്കുന്ന ഗുണപരമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടതിനു പിന്നാലെ, ഐറിഷ് സമ്പദ് വ്യവസ്ഥ നേരിടാനിടയുള്ള അഞ്ച് പ്രതിസന്ധികള്‍ വിവരിക്കുന്ന പഠന റിപ്പോര്‍ട്ട് പാരീസ് ആസ്ഥാനമായുള്ള ഓ ഈ സി ഡിയാണ് പ്രസിദ്ധീകരിച്ചത്. അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥയെ വീണ്ടും പിടിച്ചു കുലുക്കാനിടയുള്ള ഭീഷണികളെകുറിച്ചാണ് അയര്‍ലണ്ടിനു വേണ്ടി നടത്തിയ സാമ്പത്തിക സര്‍വ്വേയുടെ ഫലത്തിലൂടെ ലോകോത്തര സാമ്പത്തിക വിദഗ്ദ്ധര്‍ വിവരിക്കുന്നത്.താഴെ പറയുന്നവയാണ് ഓ ഈ സി ഡി യുടെ പഠനത്തില്‍ അയര്‍ലണ്ട് നേരിടാനിരിക്കുന്ന പ്രതിസന്ധികള്‍ 
ആഗോളമാന്ദ്യം 
ആദ്യ ഭീഷണി ആഗോളതലത്തിലുള്ള മാന്ദ്യത്തിന്റെ രൂപത്തിലാണ് എത്തുക. ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാവുന്നത് അയര്‍ലണ്ടിന്റെ തുറന്ന വ്യാപാരത്തെയും സാമ്പത്തിക ഇടപാടുകളെയും രൂക്ഷമായി ബാധിക്കും. അമേരിക്ക ശക്തമായി തിരിച്ചു വരുന്നുവെങ്കിലും ചൈന കുറച്ചു കാലമായി ഗുരുതരമായ വിടവുകളാണ് കാണിക്കുന്നത്. ഇതിനൊപ്പം തങ്ങളുടെ വ്യാപാര പങ്കാളികള്‍ കൂടി മാന്ദ്യത്തെ നേരിട്ടാല്‍, തകര്‍ച്ചയ്ക്ക് ശേഷമുള്ള തൊഴിലില്ലായ്മ, ഉയര്‍ന്ന കടം, വായ്പ്പാ കുടിശ്ശിഖ എന്നിവ അയര്‍ലണ്ടിന്റെ സാമ്പത്തിക ക്രമത്തെ നിശ്ചലമാക്കും.
ഭവനമേഖലയിലെ കുമിളകള്‍ 
2008 മുതല്‍ 2013 വരെ നീണ്ടു നിന്ന സമ്പദ് പിന്നോക്കാവസ്ഥയ്ക്ക് ശേഷം വാണിജ്യ ഗാര്‍ഹിക പാര്‍പ്പിടമേഖലകളില്‍ ഒരു പോലെ വില കുതിച്ചുയരുന്നതാണ് രണ്ടാമത്തെ പ്രതിസന്ധിയ്ക്ക് കാരണമാവുക. വില കഴിഞ്ഞ 12 മാസങ്ങളില്‍ 10 ശതമാനത്തിലേക്ക് വര്‍ദ്ധനവ് ഉയര്‍ന്നതോടെ ദ്രുത ഗതിയിലുള്ള റീ ഇന്‍ഫ്‌ലേഷന്റെ ഭീഷണി നിലനില്‍ക്കുന്നത് വിലവര്‍ദ്ധനവിനും തുടര്‍ന്ന് ക്രഡിറ്റ് വര്‍ദ്ധനവിനും കാരണമാകുകയും ആത്യന്തികമായി ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് അത് ഇടവരുത്തുകയും ചെയ്യും.. 
യൂറോപ്പിന്റെ പൊതു നികുതിഘടന 
യൂറോപ്യന്‍ യൂണിയന്‍ പൊതു നികുതി അടിത്തറയിലേക്ക് നീങ്ങുന്നതാവും അടുത്ത പ്രതിസന്ധിക്ക് കാരണമാവുക. അയര്‍ലണ്ടിന്റെ വിഖ്യാതമായ കുറവ് കോര്‍പ്പറേറ്റ് ടാക്‌സായ 12.5 ശതമാനത്തിന് മാറ്റം വരുത്തില്ല എന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും യൂറോപ്യന്‍ യൂണിയനിലെ പ്രബല അംഗരാജ്യങ്ങളായി ജെര്‍മ്മനിയും ഫ്രാന്‍സും ഇതിനായി ശബ്ദമുയര്‍ത്തുമ്പോള്‍ അയര്‍ലണ്ടിന് അധിക സമയം ചെറുത്ത് നില്‍ക്കാനാവില്ല. ഒറ്റ സംഖ്യാ നികുതി ഒടുക്കാനുള്ള വഴിയായി ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ സാങ്കേതിക ഭീമന്മാര്‍ അയര്‍ലണ്ടിനെ ഉപയോഗിച്ചതിലൂടെ ലഭിക്കുന്ന ഇന്‍സെന്റീവുകള്‍ ആധുനിക ഐറിഷ് സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ഇതില്‍ ഉണ്ടാവുന്ന ഏത് വ്യതിയാനവും രാജ്യത്തിന്റെ സാമ്പത്തിക ക്രമത്തെ മൊത്തത്തില്‍ ഉലയ്ക്കും.
യൂറോ സോണിലെ അസ്ഥിരത 
യൂറോ സോണ്‍ കോലാഹലങ്ങളാണ് നാലാമത്തെ പ്രതിസന്ധിക്കു വഴിവെക്കുക.ഗ്രീസ് തത്കാലത്തേയ്ക്ക് രക്ഷപെട്ടെങ്കിലും പോര്‍ച്ചുഗല്‍,സ്‌പെയിന്‍,ഇറ്റലി എന്നീ രാജ്യങ്ങള്‍ മെച്ചപ്പെട്ട അവസ്ഥയിലല്ല.യൂറോപ്യന്‍ യൂണിയന്റെ അസ്തിത്വത്തിന് സാമ്പത്തിക സ്ഥിരത ഇല്ലാതെ വന്നാല്‍ അയര്‍ലണ്ട് പോലെയുള്ള രാജ്യങ്ങളെയാവും ആദ്യം ബാധിക്കുക.
ബ്രെക്‌സിറ്റ് 
യൂറോ ഏരിയയില്‍ വരുന്ന പരിഷ്‌ക്കാരങ്ങള്‍ അയര്‍ലണ്ടിന് തലവേദന സൃഷ്ടിക്കും.യു കെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു വിട്ടുപോകാനുള്ള സാദ്ധ്യതയാണ് (ബ്രെക്‌സിറ്റ്) അവസാനത്തെ പ്രതിസന്ധിക്ക് കളമൊരുക്കുക.യൂ കെ യുമായി ഇപ്പോള്‍ നടക്കുന്ന ഇടപാടുകളുടെ ഗുണഫലങ്ങള്‍ നഷ്ട്ടപ്പെടുന്നത് അയര്‍ലണ്ടിന് ദോഷമായി ഭവിക്കും.


Scroll To Top