Wednesday December 07, 2016
Latest Updates

ഇന്ത്യയിലേയ്ക്കുള്ള കാര്‍, കാര്‍ സ്‌പെയര്‍ പാര്‍ട്ട്‌സ്, വൈന്‍, സ്പിരിറ്റ് എന്നിവയുടെ ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍

ഇന്ത്യയിലേയ്ക്കുള്ള കാര്‍, കാര്‍ സ്‌പെയര്‍ പാര്‍ട്ട്‌സ്, വൈന്‍, സ്പിരിറ്റ് എന്നിവയുടെ ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബ്രസ്സല്‍സിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, നഗരത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രണാമമര്‍പ്പിച്ചു. ആക്രമണത്തില് 32കാരനായ ഒരു ഇന്ത്യക്കാരനും ജീവന്‍ നഷ്ടമായിരുന്നു. ബല്‍ജിയന്‍ വിദേശകാര്യ മന്ത്രി ദിദിയര്‍ റെയിന്‍ഡേഴ്‌സും മോദിയെ അനുഗമിച്ചു.

ബല്‍ജിയത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ആഴ്ച ദുഃഖത്തിന്റേതാണെന്നു പറഞ്ഞ മോദി, മുഴുവന്‍ ഇന്ത്യയും ബല്‍ജിയത്തിനൊപ്പമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. യൂറോപ്പുമായുള്ള വ്യാപാരബന്ധങ്ങളും തീവ്രവാദത്തിനെതിരായ ഒത്തൊരുമിച്ച പോരാട്ടവുമാണ് കൂടിക്കാഴ്ചയില്‍ പ്രധാന വിഷയങ്ങളായത്..

2007ല്‍ തുടങ്ങിവച്ച ബ്രോഡ് ബേസ്ഡ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എഗ്രിമെന്റ് (ബി.ടി.ഐ.എ) നടപ്പില്‍ വരുത്താന്‍ മോദി തയ്യാറാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഇന്ത്യയുടെ ഏറ്റവും വലിയ വിപണന പങ്കാളിയായ യൂറോപ്യന്‍ യൂണിയന്‍ കാര്‍, കാര്‍ സ്‌പെയര്‍ പാര്‍ട്ട്‌സ്, വൈന്‍, സ്പിരിറ്റ് തുടങ്ങിയവയ്ക്ക് ഇന്ത്യയിലേര്‍പ്പെടുത്തിയിട്ടുള്ള ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ വര്‍ഷം 38 ബില്ല്യണ്‍ യൂറോയുടെ ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയിലേയ്ക്ക് കയറ്റിയയച്ചപ്പോള്‍, 40 ബില്ല്യണ്‍ യൂറോയുടെ കയറ്റുമതിയാണ് തിരിച്ച് ഇന്ത്യ നടത്തിയത്.

ഇന്ത്യയില്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുന്ന നയങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് ലോകത്തിലെ പലയിടങ്ങളിലായുള്ള ഡോക്ടര്‍മാരുടെ സംഘം മോദിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജീവന്‍ രക്ഷാ മരുന്നുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ എന്നും, ഇതിനെതിരായ നയങ്ങള്‍ കോടിക്കണക്കിന് പാവങ്ങളെ ബാധിക്കുമെന്നും ഡോക്ടര്‍മാരുടെ പ്രതിനിധിയായ ജോവാന്‍ ലിയു വ്യക്തമാക്കി.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റലിയുടെ നാവികര്‍ വെടിവച്ചുകൊന്ന ശേഷം അവതാളത്തിലായ ഇറ്റലിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും മോദി ചര്‍ച്ചയ്ക്കിടയില്‍ അവസരം കണ്ടെത്തി.

Scroll To Top